വിദൂര വിദ്യാഭ്യാസ കോഴ്സ് നടത്തിപ്പ്: സർക്കാർ ഉത്തരവ് കോടതി വിധിക്ക് വിരുദ്ധം
text_fieldsതിരുവനന്തപുരം: കേരള, കാലിക്കറ്റ് സർവകലാശാലകളിൽ വിദൂരവിദ്യാഭ്യാസ കോഴ്സുകൾ ഭാഗികമായി മാത്രം അനുമതി നൽകിയ സർക്കാർ ഉത്തരവ് ഹൈകോടതി വിധിക്ക് വിരുദ്ധമെന്ന് വിമർശനം. ഉത്തരവിറക്കിയ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെ ഹരജിക്കാരായ വിദ്യാർഥികൾ കോടതിയലക്ഷ്യഹരജി ഫയൽ ചെയ്യാൻ തീരുമാനിച്ചു.
ശ്രീനാരായണ ഗുരു ഒാപൺ സർവകലാശാല അധികൃതരെയും ഹരജിക്കാരെയും നേരിൽ കേട്ടശേഷം ഉത്തരവിറക്കാനായിരുന്നു കഴിഞ്ഞ 16ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ്. കോഴ്സ് നടത്താൻ യു.ജി.സി അനുമതി നൽകിയതിന്‍റെ രേഖ ഒാപൺ സർവകലാശാലക്ക് ഹാജരാക്കാൻ സാധിച്ചിട്ടില്ലെങ്കിൽ മറ്റു സർവകലാശാലകൾക്ക് കോഴ്സ് നടത്താൻ അനുമതി നൽകി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉത്തരവിടണമെന്നും കോടതി വിധിയിൽ നിർദേശിച്ചിരുന്നു.
കോഴ്സ് നടത്താൻ യു.ജി.സിയിൽനിന്ന് അംഗീകാരം ലഭിച്ച രേഖ ഹാജരാക്കിയാൽ ഓപൺ സർവകലാശാലയിൽ ഇല്ലാത്ത മറ്റ് കോഴ്സുകൾക്ക് മറ്റു സർവകലാശാലകളിൽ അനുമതി നൽകി ഉത്തരവിടാനുള്ള അനുമതിയും കോടതി നൽകിയിരുന്നു.
കഴിഞ്ഞ 23ന് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ് ഹരജിക്കാരായ വിദ്യാർഥികളെയും സർവകലാശാല അധികൃതരെയും നേരിൽ കേൾക്കുകയും ചെയ്തു. സർവകലാശാലകൾക്ക് ലഭിക്കുന്ന യു.ജി.സിയുടെ 2(എഫ്) അംഗീകാര രേഖ മാത്രമാണ് ഒാപൺ സർവകലാശാലക്ക് ഹാജരാക്കാനായത്.
വിദൂരകോഴ്സുകൾ നടത്താൻ യു.ജി.സിയുടെ ഡിസ്റ്റൻസ് എജ്യുക്കേഷൻ ബ്യൂറോയുടെ അനുമതിയുള്ള രേഖ ഓപൺ സർവകലാശാലക്ക് ഹാജരാക്കാനായതുമില്ല. കോഴ്സുകളുടെ അംഗീകാരത്തിനുള്ള അപേക്ഷ യു.ജി.സിയുടെ പരിഗണനയിലാണെന്നും ആഗസ്റ്റ് -സെപ്റ്റംബർ മാസത്തിൽ യു.ജി.സി സംഘത്തിന്‍റെ വെർച്വൽ സന്ദർശനം പ്രതീക്ഷിക്കുന്നതായും സർവകലാശാല അധികൃതർ തെളിവെടുപ്പിൽ അറിയിച്ചിരുന്നു.
ഒാപൺ സർവകലാശാലയുടെ ഒരു കോഴ്സിന് പോലും അംഗീകാരമില്ലെന്ന് വ്യക്തമായിരിക്കെ അവർ അപേക്ഷ നൽകി കാത്തിരിക്കുന്ന കോഴ്സുകൾ മാറ്റി നിർത്തി മറ്റ് കോഴ്സുകൾക്ക് മാത്രം അനുമതി നൽകാനുള്ള ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവ് കോടതി വിധിയുടെ ലംഘനമാണെന്നാണ് ഹരജിക്കാർ പറയുന്നത്.
കോളജുകളിൽ ചേർന്ന് പഠിക്കാൻ അവസരമില്ലാത്തതിന്‍റെ പേരിൽ സമാന്തര വിദ്യാഭ്യാസത്തെ ആശ്രയിക്കുന്ന ആയിരക്കണക്കിന് വിദ്യാർഥികളെ പ്രതിസന്ധിയിൽതന്നെ നിർത്തുന്നതാണ് സർക്കാർ ഉത്തരവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
തുടങ്ങാനാകുക നാമമാത്ര കോഴ്സുകൾ
തിരുവനന്തപുരം: ഓപൺ സർവകലാശാല യു.ജി.സിക്ക് അപേക്ഷ നൽകി അംഗീകാരം കാത്തിരിക്കുന്നവ ഒഴികെയുള്ള കോഴ്സുകളിലേക്ക് വിദൂരവിദ്യാഭ്യാസ രീതിയിൽ വിദ്യാർഥി പ്രവേശനം നടത്താൻ അനുമതി നൽകിയുള്ള സർക്കാർ ഉത്തരവിലൂടെ കേരളയിലും കാലിക്കറ്റിലും തുടരാനാകുന്നത് ഒന്നു വീതം ബിരുദ കോഴ്സുകളും ഏഴു വീതം പി.ജി കോഴ്സുകളും മാത്രം.
കേരളയിൽ അംഗീകാരമുള്ള 10 ബിരുദ കോഴ്സുകളിൽ ബി.എൽ.ഐ.എസ്സി (ലൈബ്രറി സയൻസ്) ഒഴികെയുള്ള കോഴ്സുകളിലേക്കെല്ലാം ഒാപൺ സർവകലാശാല അനുമതിക്ക് അപേക്ഷിച്ചിട്ടുണ്ട്. ഇവിടെ ആകെയുള്ള 12 പി.ജി കോഴ്സുകളിൽ ഇക്കണോമിക്സ്, ഹിന്ദി, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, എം.എൽ.ഐ.എസ്സി, എം.എസ്സി മാത്സ്, കമ്പ്യൂട്ടർ സയൻസ് കോഴ്സുകളും മാത്രമാണ് ഇപ്പോഴത്തെ ഉത്തരവിലൂടെ ആരംഭിക്കാനാവുക.
കാലിക്കറ്റ് സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം യു.ജി.സി അംഗീകാരത്തോടെ നടത്തുന്നത് 13 ബിരുദ കോഴ്സുകളാണ്. ഇതിൽ 12 കോഴ്സുകൾക്കായി ഒാപൺ സർവകലാശാല യു.ജി.സിക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ഇതുമാറ്റിനിർത്തിയാൽ സർവകലാശാലക്ക് വിദ്യാർഥി പ്രവേശനം നടത്താവുന്ന ഏക ബിരുദ കോഴ്സ് ബി.എ അഫ്ദലുൽ ഉലമയാണ്.
കാലിക്കറ്റിലെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ 12 പി.ജി കോഴ്സുകളുള്ളതിൽ അഞ്ചെണ്ണത്തിലേക്ക് ഓപൺ സർവകലാശാലയുടെ അപേക്ഷ യു.ജി.സിക്ക് മുമ്പാകെയുണ്ട്. എം.എ പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം, ഫിലോസഫി, ഹിന്ദി, ഇക്കണോമിക്സ്, അറബിക്, എം.എസ്സി മാത്സ് കോഴ്സുകൾ കാലിക്കറ്റ് സർവകലാശാലക്ക് നടത്താനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.