എക്സൈസ് മന്ത്രിക്ക് പദവിയിൽ ഇരിക്കാൻ അർഹതയില്ല - വി.എം. സുധീരൻ
text_fieldsതിരുവനന്തപുരം: ഗുരുതരമായ കൃത്യവിലോപം നടത്തിയ എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണനെ പുറത്താക്കാനുള്ള ആർജവം സി.പി.എം കേന്ദ്ര നേതൃത്വം കാണിക്കണമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ.
പ്രാഥമിക പരിശോധന പോലും നടത്താതെ കടലാസ് ബ്രൂവറി-ഡിസ്റ്റിലറി കമ്പനികൾക്ക് അനുമതി നൽകിയ എക്സൈസ് മന്ത്രി അതിഗുരുതരമായ കൃത്യവിലോപമാണ് നടത്തിയിട്ടുള്ളത്. തന്നിൽ അർപ്പിതമായ ഉത്തരവാദിത്ത നിർവഹണത്തിൽ വലിയ വീഴ്ച വരുത്തിയ മന്ത്രിക്ക് അധികാരത്തിൽ തുടരുന്നതിന് ഭരണപരവും രാഷ്ട്രീയവും ധാർമികവുമായ അർഹത നഷ്ടപ്പെട്ടിരിക്കുകയാണെന്നും സുധീരൻ പറഞ്ഞു.
ഒരു ഭരണാധികാരിയിൽ നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത ഈ ഇടപാടുകൾക്ക് പിന്നിൽ വൻ അഴിമതി ആരോപണം ഉയർന്നിട്ടും രാജിവെച്ച് അന്വേഷണം നേരിടുന്നതിന് മന്ത്രി വൈമുഖ്യം പ്രകടിപ്പിക്കുന്നു.
രാമകൃഷ്ണനെ പുറത്താക്കാനുള്ള ആർജവം സി.പി.എം കേന്ദ്ര നേതൃത്വം കാണിക്കണം. ഇല്ലെങ്കിൽ നഷ്ടപ്പെടുന്നത് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും പ്രകാശ് കാരാട്ടിന്‍റെയും അഴിമതി വിരുദ്ധ പ്രഖ്യാപനങ്ങളുടെ വിശ്വാസ്യതയാണെന്നും സുധീരൻ വ്യക്തമാക്കി.
റഫാൽ ഇടപാടിൽ രാഹുൽ ഗാന്ധി ഉയർത്തിയ ആരോപണങ്ങളുടെ മുന്നിൽ മൗനിയായി മാറിയ നരേന്ദ്ര മോദിയുടെ പാത പിന്തുടരുന്നത് സി.പി.എം കേന്ദ്ര നേതാക്കൾക്ക് അഭികാമ്യമല്ലെന്നും സുധീരൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.