ശസ്ത്രക്രിയക്ക് പണമില്ല, കൂടെനിൽക്കാൻ ആളുമില്ല; യാതന നിറഞ്ഞ കാഴ്ചയായി എളങ്കോവൻ ചെട്ടിയാർ
text_fieldsതൃശൂർ: ആരുടേയും സൗജന്യത്തിനായി കൈനീട്ടാതെ പോസ്റ്റ് ഓഫിസ് റോഡിൽ ലോട്ടറി വിറ്റ് ജീവിക്കുന്ന പോളിയോ ബാധിതനായ എഴുപതുകാരൻ 50 ദിവസമായി ഭക്ഷണം കഴിക്കാനാകാതെ യാതനയിൽ.
കഴിക്കുന്നതെല്ലാം പുറത്തേക്കുവരുന്നതിനാൽ ശരീരം ശോഷിച്ച് ഇടക്കിടെ തളർന്നുവീഴുകയാണ്. ബന്ധുക്കളൊന്നും കൂടെയില്ല. മധുര ആറണി സ്വദേശിയാണ് എളങ്കോവൻ ചെട്ടിയാർ. അന്നനാളത്തിൽ തടസ്സമെന്നാണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർ അറിയിച്ചത്.
ഈ മാസം 21ന് വീണ്ടും പരിശോധനക്കെത്തണം. എന്നാൽ, അതുവരെ എന്തുചെയ്യുമെന്ന ആശങ്ക എളങ്കോവനെക്കാൾ കൂടുതൽ ഇദ്ദേഹത്തിെൻറ ബന്ധുവൊന്നുമല്ലാത്ത രേവത് ബാബുവിനാണ്. വരന്തരപ്പിള്ളി സ്വദേശിയായ രേവതിന് 10 വർഷം മുമ്പ് ലോട്ടറി ഏജൻറായിരിക്കെയുള്ള പരിചയമാണ് എളങ്കോവനുമായി.
ഇടക്കിടെ ഭക്ഷണവുമായി എത്തുന്നതും കുളിപ്പിക്കാൻ കൊണ്ടുപോകുന്നതും യുവാവായ രേവതാണ്. വാടകക്ക് ഓട്ടോ ഓടിച്ചും ലോട്ടറിവിറ്റും ഉപജീവനം നടത്തുന്ന ഇദ്ദേഹം കോവിഡ് കാലത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ എളങ്കോവനെ തെൻറ വീട്ടിൽ ആറുമാസം താമസിപ്പിക്കുകയും ചെയ്തു.
ഛർദി കലശലായതോടെ പാലും ചായയും മാത്രമാണ് എളങ്കോവന് നൽകുന്നത്. ശനിയാഴ്ചയും രേവത് ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയിരുന്നു. ബി.പി.എൽ കാർഡില്ലാത്തതിനാൽ എളങ്കോവന് ചികിത്സാസൗജന്യമില്ല. ശസ്ത്രക്രിയ ആവശ്യമായാൽ ബന്ധുക്കളുടെ സാക്ഷ്യപത്രം വേണ്ടിവരും.
പണച്ചെലവും വന്നേക്കും. ഇതിനെല്ലാമുപരി ആശുപത്രിയിൽ മുഴുവൻ സമയംചെലവിടാൻ തനിക്കാവില്ലെന്നതാണ് രേവതിനെ സങ്കടപ്പെടുത്തുന്നത്. കാരണം, ഇദ്ദേഹവും അമ്മയുമടങ്ങുന്ന കുടുംബം അമ്മാവെൻറ വീട്ടിലാണ് താമസം. കുടുംബപ്രാരാബ്ധവും ഏറെയുണ്ട്. ചികിത്സാസഹായത്തിന് സുമനസ്സുകളെത്തുമെന്നാണ് രേവതിെൻറയും എളങ്കോവെൻറയും പ്രതീക്ഷ. 40 വർഷമായി തൃശൂരിൽ ലോട്ടറിവിൽപനയിലുള്ള എളങ്കോവൻ ചെട്ടിയാരുടെ ജീവിതം നാടകീയത നിറഞ്ഞതാണ്.
ചെറുപ്പത്തിലേ അമ്മ മരിച്ചതോടെ രണ്ടാനമ്മ ഇദ്ദേഹത്തെ ഭിന്നശേഷികേന്ദ്രത്തിലാക്കി. എന്നാൽ, അധ്വാനിച്ച് ജീവിക്കുമെന്ന തീരുമാനത്തിൽ നാട് വിട്ടു. അങ്ങനെയാണ് ആലുവയിലും തുടർന്ന് തൃശൂരിലുമെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.