സർക്കാർ നോക്കുകുത്തി; കോവിഡ് ആയുർവേദ മരുന്ന് വിതരണം സേവാഭാരതിക്ക്
text_fieldsകോഴിക്കോട്: കേന്ദ്ര ആയുഷ് മന്ത്രാലയത്തിെൻറ കോവിഡ് മരുന്നായ 'ആയുഷ് 64' ന്റെ വിതരണം ബി.ജെ.പിയുടെ സന്നദ്ധ സംഘടനയായ സേവാഭാരതിയെ ഏൽപിച്ചു. ചെറുതുരുത്തിയിലെ ദേശീയ ആയുർവേദ പഞ്ചകർമ ഗവേഷണ കേന്ദ്രമാണ് മരുന്ന് സേവാഭാരതിയെ ഏൽപിച്ചത്. കേന്ദ്ര ആയുർവേദ ഗവേഷണ കൗൺസിൽ ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് നടപടി. ചെറുതുരുത്തി, തിരുവനന്തപുരം കേന്ദ്രങ്ങളിലെ മരുന്നുവിതരണമാണ് സേവാഭാരതി ഏറ്റെടുത്തത്. തൃശൂർ, പാലക്കാട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ആദ്യഘട്ട മരുന്ന് വിതരണം. വിതരണാവകാശം സംസ്ഥാന സർക്കാറിനെ ഏൽപിക്കാതെ സേവാഭാരതിക്ക് നൽകിയത് കഴിഞ്ഞദിവസം 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് മരുന്നുകൾ സേവാഭാരതിക്ക് കൈമാറിയത്.
കൂടുതൽ മരുന്ന് എത്തുന്ന മുറക്ക് മറ്റു ജില്ലകളിലും സേവാഭാരതിക്ക് തന്നെയാകും വിതരണാവകാശം. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് മരുന്ന് വിതരണം ഉടനെ ആരംഭിക്കുമെന്ന് ദേശീയ ആയുർവേദ പഞ്ചകർമ ഗവേഷണകേന്ദ്ര അധികൃതർ വ്യക്തമാക്കി. മരുന്ന് നേരത്തെ രോഗികളിൽ പരീക്ഷിച്ചതാണെങ്കിലും ഇതുസംബന്ധിച്ച വിവര ശേഖരണംകൂടി ഇതോടൊപ്പം നടത്തുന്നുണ്ട്.
ആയുർവേദ ഡോക്ടറുടെ മേൽനോട്ടത്തിലാണ് മരുന്ന് വിതരണവും വിവരശേഖരണവും നടത്തുക. ചെറുതുരുത്തിയിലെയും തിരുവനന്തപുരത്തെയും കേന്ദ്രങ്ങളിൽ രേഖയുമായി നേരിട്ട് എത്തുന്ന രോഗികളുടെ ബന്ധുക്കൾക്കും മരുന്ന് നൽകുന്നുണ്ട്.
ആയുഷ് മന്ത്രാലയത്തിനു കീഴിലെ സെൻട്രൽ കൗൺസിൽ ഫോർ റിസർച് ഇൻ ആയുർവേദിക് സയൻസസ് (സി.സി.ആർ.എ.എസ്) വികസിപ്പിച്ച 'ആയുഷ് 64' മരുന്ന് ഒന്നാം ഘട്ടത്തിലും രണ്ടാംഘട്ടത്തിലുമുള്ള രോഗികളിൽ മികച്ച ഫലം ഉണ്ടാക്കുന്നതായി പരീക്ഷണത്തിൽ തെളിഞ്ഞതിെൻറ അടിസ്ഥാനത്തിലാണ് രാജ്യമൊട്ടാകെ മരുന്ന് വിതരണം ചെയ്യാൻ തീരുമാനിച്ചത്.
ആശുപത്രിയിലും വീട്ടിലും കോവിഡ് ബാധിതരായി കഴിയുന്നവർക്കാണ് മരുന്ന് എത്തിക്കുന്നത്. മരുന്ന് പരമാവധി പ്രമോട്ട് ചെയ്യണമെന്ന് നിർദേശിച്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആയുർവേദ മന്ത്രാലയ സെക്രട്ടറി വൈദ്യ രാജേഷ് കൊതേച്ച ഏപ്രിൽ 28ന് കത്തയച്ചിരുന്നു. പിന്നീടാണ് ആയുഷിന് കീഴിലുള്ള രാജ്യത്തെ 84 കേന്ദ്രങ്ങളിലെയും മരുന്ന് വിതരണം സേവാ ഭാരതിയെ ഏൽപിച്ച ഉത്തരവ് ഇറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.