സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്ന് മന്ത്രി ജി.ആർ. അനിൽ
text_fieldsതിരുവനന്തപുരം: സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്ന് ഭക്ഷ്യമന്ത്രി ജി.അനിൽ. കിറ്റ് വിതരണം നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ല. എന്നാൽ മുൻഗണനാ വിഭാഗങ്ങൾക്ക് മാത്രം നൽകിയാൽ മതിയെന്ന് നിർദേശമുണ്ട്. ഇക്കാര്യത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ഇപ്പോൾ വിതരണം ചെയ്യുന്നതിൽ ചെറിയ ബുദ്ധിമുട്ട് ഉണ്ടെന്നത് യാഥാർഥ്യമാണ്. സാമ്പത്തിക പ്രതിസന്ധിയുമുണ്ട്. എന്നാൽ കിറ്റ് വിതരണം തുടരണമെന്നാണ് സർക്കാറിന്‍റെ നിലപാടെന്നും മന്ത്രി വിശദീകരിച്ചു. കിറ്റ് വിതരണം തുടരേണ്ടതില്ലെന്ന് സർക്കാർ തീരുമാനമെടുത്തെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഈ ഘട്ടത്തിലാണ് വിശദീകരണവുമായി ഭക്ഷ്യമന്ത്രി തന്നെ രംഗത്തെത്തിയത്.
കോവിഡ് വ്യാപനം തുടങ്ങിയ 2020 ഏപ്രിൽ-മെയ് മാസങ്ങളിലാണ് സൗജന്യ കിറ്റ് നൽകിത്തുടങ്ങിയത്. കോവിഡ് ലോക്ഡൗണിൽ ജനങ്ങൾ ബുദ്ധിമുട്ടിയ കാലത്ത് ഭക്ഷ്യക്കിറ്റ് വിതരണം വലിയ ആശ്വാസമായിരുന്നു. തെരഞ്ഞെടുപ്പിൽ സർക്കാരിന് ഭരണത്തുടർച്ചക്ക് ഇതു സഹായിക്കുകയും ചെയ്തു. അന്നുമുതൽ ഓണക്കാലംവരെ 13 തവണയാണ് കിറ്റ് വിതരണം ചെയ്തത്. ഏതാണ്ട് 11 കോടി കിറ്റുകൾ നൽകി. മാസം ശരാശരി 350-400 കോടി രൂപയാണ് ചെലവിട്ടത്. 11 കോടി കിറ്റുകൾക്കായി 5200 കോടി രൂപ ചെലവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.