കരുതലിലേക്ക് പറന്നെത്തി പ്രവാസികൾ; വീഡിയോ പങ്കുവെച്ച് മലപ്പുറം കലക്ടർ
text_fieldsകോവിഡ് വ്യാപനത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽനിന്നും മടങ്ങി പ്രത്യേക വിമാനങ്ങളിൽ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ സ്വീകരിക്കുന്ന വീഡിയോ പങ്കുവെച്ച് മലപ്പുറം ജില്ല കലക്ടർ. ഫേസ്ബുക്ക് പേജിലൂടെയാണ് കലക്ടർ ജാഫർ മാലിക് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. യാത്രക്കാർ വിമാനത്തിൽ നിന്ന് ഇറങ്ങുന്നത് മുതൽ ശരീര ഊഷ്മാവ് പരിശോധിക്കുന്നതും ബോധവത്കരണ ക്ലാസ് നൽകുന്നതും ഏറ്റവും ഒടുവിൽ കെ.എസ്.ആർ.ടി.സി ബസ് അടക്കം വാഹനങ്ങളിൽ കൊണ്ടുപോകുന്നതുമെല്ലാം അടങ്ങുന്നതാണ് വീഡിയോ.
വിദഗ്ധ സംഘം ആരോഗ്യ പരിശോധന നടത്തി യാത്രക്കാരുടെ വിവര ശേഖരണവും പൂർത്തിയാക്കി കോവിഡ് ബോധവത്ക്കരണ ക്ലാസ് നല്‍കിയ ശേഷമാണ് എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ക്ക് അയക്കുന്നത്. തുടർന്ന് ആശുപത്രിയിലേക്കും ജില്ലയിലെ ക്വാറന്‍റീൻ കേന്ദ്രങ്ങളിലേക്കും ഗർഭിണികളെയും വയോധികരെയും മറ്റും ഹോം ക്വാറന്‍റീനിനായി വീടുകളിലേക്കും അയക്കുകയാണ് ചെയ്യുന്നത്.
അതേസമയം, വിമാനത്തിലെത്തുന്നവരിൽ വീടുകളിൽ ക്വാറന്‍റീനിൽ കഴിയാൻ അനുവദിക്കപ്പട്ട ഗർഭിണികൾ, മുതിർന്ന പൗരന്മാർ, 10 വയസ്സിന് താഴെയുള്ള കുട്ടികൾ, മെഡിക്കൽ എമർജൻസി, മരണം / സംസ്കാരം എന്നിവയുമായി ബന്ധപ്പെട്ടുവരുന്നവർ തുടങ്ങിയവർ വീടുകളിലെത്താൻ സ്വയം വാഹന സൗകര്യം ഏർപ്പെടുത്തുന്നുണ്ടെങ്കിൽ ഇത്തരം സ്വകാര്യ വാഹനങ്ങൾ വിമാനം എത്തുന്നതിന് 4 മണിക്കൂർ മുൻപ് എങ്കിലും മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് കലക്ടർ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.