പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി
text_fieldsകൊച്ചി: ജില്ലയിലെ ബജറ്റിലേത് ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം. കലക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സമിതി നിര്‍ദേശം. വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ പ്രളയ പുനരുദ്ധാരണ പ്രവര്‍ത്തന അനുമതി ലഭിച്ച പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കെ.എന്‍ ഉണ്ണികൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു.
തീരദേശ റോഡിന്റെ സര്‍വ്വേ കല്ലിടുന്നതിനും വൈപ്പിന്‍ -പള്ളിപ്പുറം തീരദേശ റോഡിന്റെ നിർമാണ പ്രവര്‍ത്തി ആരംഭിക്കുന്നതിനും തടസമായി അണിയില്‍ തീരത്ത് അടിഞ്ഞുകൂടിയിരിക്കുന്ന മണല്‍ നീക്കം ചെയ്യുന്ന നടപടികള്‍ വേഗത്തിലാക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
മുറിക്കല്‍ ബൈപ്പാസുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ ആക്കണമെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ പറഞ്ഞു. ഇടുക്കി ജില്ലയില്‍ ഉള്‍പ്പെട്ടിരിക്കുന്ന മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടു വാര്‍ഡുകള്‍ ജില്ലയിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണം. മാലിന്യം തള്ളലുമായി ബന്ധപ്പെട്ട പരിശോധന ശക്തമാക്കാനും കൃത്യമായി കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനും പൊലീസ് ശ്രദ്ധ ചെലുത്തണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും എം.എല്‍.എ പറഞ്ഞു.
അങ്കമാലി പ്രദേശത്ത് ഭൂമിയുടെ ന്യായ വിലയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുന്നതിന് അദാലത്ത് സംഘടിപ്പിക്കണമെന്ന് റോജി. എം.ജോണ്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പദ്ധതികള്‍ കാലതാമസം നേരിടുന്നുണ്ടെന്നും ഇത് പരിഹരിക്കണമെന്നും പി.വി ശ്രീനിജിന്‍ എം.എല്‍.എ പറഞ്ഞു. കിഴക്കമ്പലം ബസ് സ്റ്റാന്‍ഡിലെ അനധികൃത പാര്‍ക്കിംഗ് അവസാനിപ്പിച്ച് ജനങ്ങള്‍ക്കായി തുറന്ന് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പാത 66 ല്‍ ഇടപ്പള്ളി മുതല്‍ ചേരാനല്ലൂര്‍ വരെയുള്ള ഭാഗത്ത് റോഡ് തകര്‍ന്ന അവസ്ഥയാണെന്ന് ടി.ജെ വിനോദ് എം.എല്‍.എ ചൂണ്ടിക്കാട്ടി. അതുമൂലം ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. എത്രയും വേഗം ഈ പ്രശ്നത്തില്‍ പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ജില്ലാ വികസന കമീഷണര്‍ എം.എസ് മാധവിക്കുട്ടി, പ്ലാനിംഗ് ഓഫീസര്‍ പി.എ ഫാത്തിമ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.