ഉദ്ഘാടന മാമാങ്കങ്ങൾ മാത്രം; ജില്ല പൈതൃക മ്യൂസിയങ്ങൾ പ്രവർത്തനസജ്ജമായില്ല
text_fieldsതിരുവനന്തപുരം: ഉദ്ഘാടന മാമാങ്കങ്ങൾ പലത് കഴിഞ്ഞിട്ടും സംസ്ഥാനത്തെ ജില്ല പൈതൃക മ്യൂസിയങ്ങൾ പ്രവർത്തന സജ്ജമായില്ല. സർക്കാറിന് വരുമാനമില്ലാതെയാണ് ഇപ്പോൾ പലതും പ്രവർത്തിക്കുന്നത്. ഉമ്മൻ ചാണ്ടി സർക്കാറിന്‍റെ കാലത്ത് കെ.സി. ജോസഫ് സാംസ്കാരിക മന്ത്രിയായിരിക്കെയാണ് 14 ജില്ലയിലും പൈതൃക മ്യൂസിയങ്ങൾ പ്രഖ്യാപിച്ചത്. എന്നാൽ, ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്ത് 2018ൽ തൃശൂർ ജില്ല പൈതൃക മ്യൂസിയം മാത്രം ഉദ്ഘാടനം ചെയ്ത് പൂർണതോതിൽ പ്രവർത്തനം തുടങ്ങി. ബാക്കി മ്യൂസിയങ്ങളുടെ അവസ്ഥ പരിതാപകരമാണ്.
ബാസ്റ്റ്യൻ ബംഗ്ലാവ് എന്നറിയപ്പെടുന്ന മട്ടാഞ്ചേരിയിലെ എറണാകുളം ജില്ല പൈതൃക മ്യൂസിയം 2011ൽ നവോത്ഥാന മ്യൂസിയമാക്കി മാറ്റി സാംസ്കാരിക മന്ത്രിയായിരുന്ന എം.എ. ബേബി ഉദ്ഘാടനം ചെയ്തു. 2013ൽ വീണ്ടും പൈതൃക മ്യൂസിയമാക്കി സാംസ്കാരിക മന്ത്രിയായിരുന്ന കെ.സി. ജോസഫ് നിർമാണോദ്ഘാടനം നടത്തുകയും 2016ൽ പൂർത്തീകരിച്ച് തുറന്നുകൊടുക്കുകയും ചെയ്തു. സന്ദർശകർക്കായുള്ള ശുചിമുറി ബ്ലോക്ക് പൊളിച്ച് ടീ ഷോപ്പും റീഡിങ് റൂമുമാക്കി മാറ്റി നാലാമത്തെ ഉദ്ഘാടനം കഴിഞ്ഞതവണ മന്ത്രിയായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളിയും നടത്തി.
നിത്യേന വിദേശികളടക്കം അഞ്ഞൂറോളം പേർ ഇവിടെ സന്ദർശനത്തിനെത്തുന്നെന്നാണ് കണക്ക്. ടിക്കറ്റില്ലാതെ സൗജന്യ സന്ദർശനമായതിനാൽ വകുപ്പിന് കടുത്ത സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. പൈനാവിലെ ഇടുക്കി ജില്ല പൈതൃക മ്യൂസിയം, പാലക്കാട്, കണ്ണൂർ ജില്ല പൈതൃക മ്യൂസിയങ്ങൾ എന്നിവയുടെ അവസ്ഥയും ഇങ്ങനെതന്നെ. ഇവിടങ്ങളിലെ ഹോം തിയറ്റർ, സി.സി.ടി.വി കാമറകൾ തുടങ്ങിയവ പ്രവർത്തനരഹിതമാകുകയാണ്.
നിലവിലെ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന്‍റെ രണ്ടരവർഷ കാലയളവിനുശേഷം വീണ്ടും രാമചന്ദ്രൻ കടന്നപ്പള്ളിക്കുതന്നെ പുരാവസ്തുവകുപ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് (എസ്). കടന്നപ്പള്ളി ഉദ്ഘാടനം നിർവഹിച്ച ജില്ല പൈതൃക മ്യൂസിയങ്ങൾ രണ്ടാംപകുതിയിൽ അദ്ദേഹം തിരികെവരുന്ന കാലയളവിൽ പൂർണതോതിൽ പ്രവർത്തസജ്ജമാക്കിയാൽ മതിയെന്ന് വകുപ്പിലെ ഉന്നതോദ്യോഗസ്ഥർക്കിടയിൽ ധാരണ രൂപപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ഡയറക്ടറേറ്റിലും സെക്രട്ടേറിയറ്റിലുമുള്ള ഉദ്യോഗസ്ഥ ലോബി ഫയലുകൾ വൈകിപ്പിക്കുന്നതായും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.