ജില്ല ലീഗ് സെക്രട്ടറിയെ മാറ്റിയത് സമസ്ത ഉറച്ചുനിന്നതോടെ
text_fieldsകല്പറ്റ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ സമൂഹ മാധ്യമത്തിൽ പ്രതികരിച്ച ജില്ല മുസ്ലിം ലീഗ് സെക്രട്ടറി യഹ്യാഖാന്‍ തലക്കലിനെ സ്ഥാനത്തുനിന്ന് നീക്കിയത് സമസ്ത ജില്ല നേതാക്കളുടെ ശക്തമായ സമ്മർദത്തെ തുടർന്ന്.
ജിഫ്രി തങ്ങൾക്ക് വധഭീഷണിയുണ്ടെന്ന ഓൺലൈൻ വാര്‍ത്തയുടെ ചുവടെ യഹ്യാഖാൻ നൽകിയ പ്രതികരണം ചൊവ്വാഴ്ച തന്നെ സമസ്ത ജില്ല ഭാരവാഹികളുടെ കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. ചൊവ്വാഴ്ച ഇതുസംബന്ധിച്ച് എസ്.വൈ.എസ് ജില്ല കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിലും ഇക്കാര്യം ഉന്നയിച്ചിരുന്നു.
ജിഫ്രി തങ്ങൾക്കെതിരെ ഭീഷണി മുഴക്കുന്നതുപോലെ തന്നെ അപകടമാണ് ഇതിനെ പരിഹസിച്ച് തള്ളുന്നതെന്നും നേതാവിന് സുന്നി സമൂഹം മാപ്പ് നൽകില്ലെന്നും ഇന്നല്ലെങ്കിൽ നാളെ ഈ പരിഹാസത്തിന് വലിയ വില നൽകേണ്ടി വരുമെന്നും എസ്.വൈ.എസ് ജില്ല പ്രസിഡന്റ് ഇബ്റാഹീം ഫൈസി പേരാൽ, വർക്കിങ് പ്രസിഡന്റ് കെ. മുഹമ്മദ് കുട്ടി ഹസനി, ജില്ല ജനറൽ സെക്രട്ടറി കെ.എ. നാസർ മൗലവി, ജില്ല ട്രഷറർ കെ.സി.കെ. തങ്ങൾ എന്നിവർ പുറത്തിറക്കിയ പ്രതിഷേധ കുറിപ്പിൽ ഉണ്ടായിരുന്നു.
ഇക്കാര്യം നേരിട്ടും ലീഗിെൻറ സമുന്നത നേതാക്കൾക്ക് മുമ്പിൽ സമസ്ത നേതാക്കൾ ഉന്നയിച്ചു. യഹ്യാ ഖാൻ മുമ്പും ജിഫ്രി തങ്ങളെ അധിക്ഷേപിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്ത നേതാക്കൾ പ്രതിഷേധം കനപ്പിച്ചത്.
വഖഫ് വിഷയത്തിൽ സമസ്ത നിലപാടിനെതിരെ പ്രസ്താവന നടത്തിയ യഹ്യാ ഖാൻ, ജിഫ്രി തങ്ങളെ ഡൽഹി ഇമാമിനോട് തുലനം ചെയ്ത് നടത്തിയ പ്രസ്താവന അദ്ദേഹത്തെ അവഹേളിക്കുന്നതായിരുന്നുവെന്നും എസ്.വൈ.എസ് നേതാക്കൾ പറഞ്ഞു.
'പല ഭാഗത്തുനിന്നും ഭീഷണിയുണ്ട്; പിറകോട്ട് പോകില്ല -ജിഫ്രി മുത്തുക്കോയ തങ്ങൾ' എന്ന വാർത്തയുടെ താഴെ, 'വാർത്തകളിൽ നിറഞ്ഞുനിൽക്കാൻ ചില ചെപ്പടി വിദ്യകൾ നാണക്കേട്' എന്നാണ് യഹ്യാ ഖാൻ പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.