കെ.എസ്.ആര്.ടി.സിയില്‍ നടപ്പാക്കിയ ജില്ല ഓഫിസ് സംവിധാനം പിന്‍വലിക്കുന്നു; വീണ്ടും ഡിപ്പോകളിലേക്ക്
text_fieldsതിരുവനന്തപുരം: ആന്റണി രാജു മന്ത്രിയായിരുന്ന കാലത്ത് പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി കെ.എസ്.ആര്.ടി.സിയില്‍ നടപ്പാക്കിയ ജില്ല ഓഫിസ് സംവിധാനം പിന്‍വലിക്കുന്നു. മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ല ഓഫിസുകള്‍ ഒഴിവാക്കി പഴയപടി ഡിപ്പോകളിലേക്ക് ഭരണം മാറ്റാനാണ് തീരുമാനം.
പ്രഫ. സുശീൽ ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഒന്നരവര്‍ഷം മുമ്പ് ഓഫിസുകൾ ഡിപ്പോകളിൽനിന്ന് ജില്ല കേന്ദ്രത്തിലേക്ക് മാറ്റിയത്. ഭരണച്ചെലവ് കുറക്കുകയായിരുന്നു ലക്ഷ്യം. ഇതില്‍ വിജയം നേടിയതായി മാനേജ്മെന്റ് അവകാശപ്പെട്ടിരുന്നു. എന്നാല്‍, മന്ത്രി മാറിയതോടെ പരിഷ്കാരങ്ങളും കീഴ്മേല്‍മറിഞ്ഞു. ഓഫിസ് മാറ്റം ജീവനക്കാരെയും വലക്കും.
ഓഫിസ് സംവിധാനം ജില്ല കേന്ദ്രങ്ങളിലേക്ക് മാറ്റിയപ്പോള്‍ സര്‍വിസ് രേഖകളുൾപ്പെടെ പലതും നഷ്ടമായിരുന്നു. ഓഫിസുകള്‍ തിരിച്ച് മാറ്റുമ്പോഴും ഇതേ ബുദ്ധിമുട്ട് ഉണ്ടാകാനിടയുണ്ട്.രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ രണ്ടരവര്‍ഷത്തിനിടെ കെ.എസ്.ആര്.ടി.സിയില്‍ നടപ്പാക്കിയ പല പരിഷ്കാരങ്ങളും ഇപ്പോള്‍ നഷ്ടമെന്ന് കണ്ട് പിന്‍വലിക്കുന്നുണ്ട്. ഇലക്ട്രിക് ബസുകള്‍ ലാഭകരമല്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ജില്ല വർക്ഷോപ്പുകളും നിര്‍ത്തിയിരുന്നു. കരാറടിസ്ഥാനത്തില്‍ നിയോഗിച്ച ഫിനാന്‍സ് മാനേജര്‍ ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥരെ പെട്ടെന്ന് ഒഴിവാക്കിയതായിരുന്നു ഏറ്റവും ഒടുവിലത്തേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.