ജില്ല പഞ്ചായത്ത്: പത്തിടത്ത് ഇടതിന് മേൽക്കൈ
text_fieldsസംസ്ഥാനത്തെ ജില്ലാ പഞ്ചായത്തുകളിൽ കാസർകോടും വയനാടുമൊഴിച്ച് 12 ജില്ലകളിലും ആരൊക്കെ സാരഥ്യം വഹിക്കുമെന്ന ചിത്രം തെളിഞ്ഞു. 10 ജില്ലകളിൽ ഇടത് ഭരണം ഉറപ്പാക്കി. മലപ്പുറത്തും എറണാകുളത്തും മാത്രമാണ് യു.ഡി.എഫ് ഭരണം. കാസർകോട് ജില്ല പഞ്ചായത്തിൽ ബി.ജെ.പി വിട്ടുനിന്നാൽ എൽ.ഡി.എഫിനാകും ഭരണം. ആർക്കും ഭൂരിപക്ഷമില്ലാത്ത വയനാട്ടിൽ നറുക്കെടുപ്പിൽ ഭാഗ്യം തേടുകയാണ് മുന്നണികൾ.
എൽ.ഡി.എഫ് ഭരണമുറപ്പിച്ച ഏഴിടത്തും സി.പി.എമ്മുകാരാവും പ്രസിഡൻറ്. കോട്ടയത്ത് ആദ്യ രണ്ടു വർഷം കേരള കോൺഗ്രസ് ജോസ് വിഭാഗവും ഇടുക്കിയിൽ ആദ്യ ഊഴത്തിൽ സി.പി.ഐയും പ്രസിഡൻറ് പദത്തിലെത്തും. കൊല്ലത്തും സി.പി.ഐക്കാണ് പ്രസിഡൻറ് പദവി. യു.ഡി.എഫിൽ മലപ്പുറത്ത് മുസ്ലിം ലീഗും എറണാകുളത്ത് കോൺഗ്രസും അധ്യക്ഷ പദവിയിലെത്തും.
വയനാട് ജില്ല പഞ്ചായത്തിൽ എട്ടു വീതം സീറ്റുകൾ നേടി യു.ഡി.എഫും എൽ.ഡി.എഫും തുല്യശക്തികളാണ്. വോട്ടെടുപ്പിൽ തുല്യത വന്നാൽ നറുക്കെടുപ്പ് വേണ്ടിവരും. സംഷാദ് മരക്കാറും (കോൺഗ്രസ്), സുരേഷ് താളൂരും (സി.പി.എം) തമ്മിലാണ് മത്സരം. വൈസ് പ്രസിഡൻറ് സ്ഥാനത്തിനും സമാന അവസ്ഥയാണ്. ആകെ 16 അംഗങ്ങളിൽ കോൺഗ്രസ് ആറ്, ലീഗ് രണ്ട്, സി.പി.എം ആറ്, സി.പി.ഐ ഒന്ന്, ജനതാദൾ-എസ് ഒന്ന് എന്നതാണ് കക്ഷിനില. വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മുസ്ലിം ലീഗ് കെ.ബി. നസീമയെ മത്സരിപ്പിക്കും. സി.പി.ഐയുടെ എസ്. ബിന്ദു ആണ് എതിർ സ്ഥാനാർഥി. പ്രസിഡൻറ് സ്ഥാനം ലഭിച്ചില്ലെങ്കിൽ വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് സി.പി.എം മത്സരിക്കും.
കേവല ഭൂരിപക്ഷമില്ലാത്ത കാസർകോട് ജില്ല പഞ്ചായത്തിൽ പ്രസിഡൻറ് സ്ഥാനത്തേക്ക് എൽ.ഡി.എഫിലെ ബേബി ബാലകൃഷ്ണനാണ് സ്ഥാനാർഥി. മുസ്ലിം ലീഗിലെ ജമീല ദണ്ഡഗോളിയാണ് യു.ഡി.എഫ് സ്ഥാനാർഥി. 17 സീറ്റുകളിൽ എൽ.ഡി.എഫിന് എട്ട് അംഗങ്ങളാണുള്ളത്. യു.ഡി.ഫിന് ഏഴും. ബി.ജെ.പിക്ക് രണ്ട് സീറ്റ്. ബി.ജെ.പി തീരുമാനം നിർണായകമാണ്.
തിരുവനന്തപുരം ജില്ലാപഞ്ചായത്തിൽ സി.പി.എമ്മിലെ ഡി. സുരേഷ്കുമാർ പ്രസിഡൻറാകും. ഷൈലജ ബീഗം വൈസ് പ്രസിഡൻറാവും.
കൊല്ലം ജില്ല പഞ്ചായത്തിൽ സി.പി.ഐയിലെ സാം കെ. ഡാനിയേൽ പ്രസിഡൻറാവും. അഡ്വ. സുമലാലാവും വൈസ് പ്രസിഡൻറ്. ജില്ല പഞ്ചായത്തിലെ 26ൽ 23 ഡിവിഷനും എൽ.ഡി.എഫിനാണ്.
പത്തനംതിട്ടയിൽ സി.പി.എമ്മിലെ അഡ്വ. ഓമല്ലൂർ ശങ്കരൻ പ്രസിഡൻറാകും. സി.പി.ഐയിലെ രാജി പി. രാജപ്പൻ വൈസ് പ്രസിഡൻറാകും. ജില്ല പഞ്ചായത്തിൽ എൽ.ഡി.എഫിന് 12ഉം യു.ഡി.എഫിന് നാലും സീറ്റാണുള്ളത്.
ആലപ്പുഴ ജില്ല പഞ്ചായത്ത് അധ്യക്ഷ സ്ഥാനം സി.പി.എമ്മിലെ കെ.ജി. രാജേശ്വരിക്കാകും. വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് എൻ.എസ്. ശിവപ്രസാദിനെയാണ് സി.പി.െഎ മുന്നോട്ട് വെക്കുന്നത്. തീരുമാനം ഇേന്ന അറിയാനാകൂ.
കോട്ടയം ജില്ല പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ നിര്‍മല ജിമ്മി പ്രസിഡൻറാകും. സി.പി.എമ്മിലെ ടി.എസ്. ശരത്താകും വൈസ് പ്രസിഡൻറ്. രണ്ട് വര്‍ഷം വീതം കേരള കോണ്‍ഗ്രസും സി.പി.എമ്മും ഒരു വര്‍ഷം സി.പി.ഐ പ്രതിനിധിയും പ്രസിഡൻറാകും. വൈസ് പ്രസിഡൻറ് സ്ഥാനവും പങ്കിടും.
ഇടുക്കി ജില്ല പഞ്ചായത്ത് പ്രസിഡൻറായി സി.പി.ഐയിലെ ജിജി കെ. ഫിലിപ്പിനാണ് സാധ്യത. സി.പി.എമ്മിലെ ഉഷാകുമാരിയാണ് വൈസ് പ്രസിഡൻറ്. പതിനാറിൽ പത്ത് സീറ്റാണ് എൽ.ഡി.എഫിന്. സി.പി.ഐക്ക് അഞ്ച് അംഗങ്ങളുണ്ട്. സി.പി.എമ്മിന് നാലും കേരള കോൺഗ്രസ് എമ്മിന് ഒന്നും.
എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം രണ്ട് ഘട്ടമായി കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകൾക്ക് വീതം വെക്കും. ആദ്യ മൂന്ന് വർഷം ഐ ഗ്രൂപ്പിലെ ഉല്ലാസ് തോമസും തുടർന്ന് എ ഗ്രൂപ്പിലെ മനോജ് മൂത്തേടനും പ്രസിഡൻറാകും. ഷൈനി ജോർജാകും വൈസ് പ്രസിഡൻറ്.
തൃശൂരിൽ സി.പി.എമ്മിലെ പി.കെ. ഡേവിസ് ജില്ല പഞ്ചായത്ത് പ്രസിഡൻറാവും. സി.പി.ഐയിലെ ഷീന പറയങ്ങാട്ടിൽ വൈസ് പ്രസിഡൻറാവും.
പാലക്കാട് സി.പി.എമ്മിലെ കെ. ബിനുമോൾ അധ്യക്ഷയാകും. സി.കെ. ചാമുണ്ണി വൈസ് പ്രസിഡൻറാകും. 30 അംഗ ഭരണസമിതിയിൽ ഇടതുപക്ഷത്തിന് 27 പേരുടെ പിന്തുണയുണ്ട്.
മലപ്പുറത്ത് മുസ്ലിം ലീഗിലെ എം.കെ. റഫീഖ പ്രസിഡൻറാകും. ലീഗിലെതന്നെ ഇസ്മായിൽ മൂത്തേടത്താണ് വൈസ് പ്രസിഡൻറ്.
കോഴിക്കോട് എൽ.ഡി.എഫിലെ കാനത്തിൽ ജമീല അധ്യക്ഷയാകും. 2010-15 കാലയളവിൽ പ്രസിഡൻറായ ജമീലക്കിത് രണ്ടാമൂഴം. വൈസ് പ്രസിഡൻറ് പദവി എൽ.ജെ.ഡിയും സി.പി.ഐയും പങ്കിടും. ആദ്യ രണ്ടരവർഷം എൽ.ജെ.ഡിയിലെ എം.പി.ശിവാനന്ദനും രണ്ടാം പകുതിയിൽ സി.പി.ഐയിലെ പി. ഗവാസും വൈസ്പ്രസിഡൻറാവാനാണ് ധാരണ.
സി.പി.എമ്മിലെ പി.പി. ദിവ്യ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻറാകും. ഇ. വിജയനാകും വൈസ് പ്രസിഡൻറ്. കഴിഞ്ഞ ഭരണസമിതിയിൽ വൈസ് പ്രസിഡൻറായിരുന്നു ദിവ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.