മനസ്സും വയറും നിറച്ച് ‘രുചിക്കൂട്ട്’
text_fieldsകോഴിക്കോട്: സ്കൂള്‍ കലോത്സവത്തിന് മേളക്കൊഴുപ്പേകി പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലൊരുക്കിയ സദ്യവട്ടം. രുചിക്കൂട്ട് എന്ന പേരില്‍ തയാറാക്കിയ ഭക്ഷണശാലയില്‍ ആദ്യ ദിനത്തില്‍ വിളമ്പിയത് രുചിയേറും വിഭവങ്ങള്‍. ഇടിച്ചുപുഴുങ്ങിയ അരിപ്പായസമായിരുന്നു ഒന്നാംദിനത്തിലെ സ്പെഷല്‍.
ഇതുകൂടാതെ അവിയല്‍, സാമ്പാര്‍, തോരന്‍, അച്ചാര്‍ തുടങ്ങിയ വിഭവങ്ങളും സദ്യവട്ടത്തില്‍ നിരന്നു. 6000ത്തോളം പേര്‍ക്കാണ് ബുധനാഴ്ച ഉച്ചഭക്ഷണം വിളമ്പിയത്. 15 പാചകക്കാരും 250 അധ്യാപകരും സ്റ്റുഡന്‍റ് പൊലീസ് കാഡറ്റുകളും ചേര്‍ന്നാണ് ‘പാചകമേളയെ’ സജീവമാക്കിയത്. ഉച്ചക്ക് 12ന് തുടങ്ങിയ ഭക്ഷണവിതരണം മൂന്നുവരെ നീണ്ടു.
ആറ് കൗണ്ടറുകളിലായാണ് വിതരണം ചെയ്തത്. അധ്യാപക സംഘടനയായ കെ.എസ്.ടി.എ ആണ് ഭക്ഷണശാലക്ക് മേല്‍നോട്ടം വഹിക്കുന്നത്.
സദ്യ വിളമ്പുന്നതിനോടൊപ്പം സാംസ്കാരികമായ അടയാളപ്പെടുത്തലുകൊണ്ടും രുചിപ്പുര ശ്രദ്ധേയമായി. ഭക്ഷണശാലക്കു ചുറ്റും വിശപ്പിന്‍െറയും ഭക്ഷണത്തിന്‍െറയും പ്രാധാന്യം വര്‍ണിക്കുന്ന മഹദ്വചനങ്ങള്‍ പോസ്റ്റര്‍ രൂപത്തില്‍ നിറഞ്ഞുനിന്നു. ‘സ്നേഹത്തില്‍ ചാലിച്ച ഭക്ഷണമാണ് ഹൃദയത്തിലേക്ക് പ്രവേശിക്കാനുള്ള എളുപ്പമാര്‍ഗം’ എന്നായിരുന്നു രുചിപ്പുരയുടെ കവാടത്തിലെഴുതിത്തൂക്കിയ വാചകം.
ഭക്ഷണപ്പന്തലില്‍ മത്സരവിജയികളാകുന്നവര്‍ക്കും മറ്റു കലാപ്രേമികള്‍ക്കും കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള അവസരമൊരുക്കി ‘സല്ലാപം’ എന്ന പേരില്‍ സാംസ്കാരിക സദസ്സും അരങ്ങേറി. പൂര്‍ണമായും പ്ളാസ്റ്റിക്രഹിതവും മാലിന്യമുക്തവുമായിരുന്നു ഭക്ഷണശാലയെന്നതും നേട്ടമാണ്. വാഴയിലപോലും അനാവശ്യ മാലിന്യമാകുമെന്ന ചിന്തയില്‍ ഒഴിവാക്കിയിരുന്നു. സ്റ്റീല്‍പാത്രങ്ങളും ഗ്ളാസുകളുമാണ് ഉപയോഗിച്ചത്. രണ്ടാംദിവസമായ വ്യാഴാഴ്ച 7500 പേര്‍ക്ക് ഭക്ഷണം നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.