ഉത്തരക്കടലാസുകൾക്ക് മുകളിൽ അടയിരുന്ന് പി.എസ്.സി; ഡയറ്റുകളുടെ പ്രവർത്തനം അവതാളത്തിൽ
text_fieldsതിരുവനന്തപുരം: ജില്ല വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളിൽ (ഡയറ്റ്) പി.എസ്.സി വഴിയുള്ള അധ്യാപക നിയമനം ഇഴയുന്നു. 150 ഒഴിവുകൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ നവംബറിൽ പരീക്ഷ നടത്തിയിട്ടും ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്താനുള്ള നടപടികൾ ഇതുവരെയും പി.എസ്.സി ആരംഭിച്ചില്ല. ഇതോടെ 14 ജില്ലകളിലും ഡയറ്റിന്റെ പ്രവർത്തനം താളംതെറ്റിയ നിലയിലാണ്.
1986ലെ ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ നിർദേശങ്ങൾ പ്രാവർത്തികമാക്കാനുള്ള കർമപദ്ധതിയുടെ ഭാഗമായി 1990-92 കാലഘട്ടത്തിലാണ് ഡയറ്റുകൾ സ്ഥാപിതമായത്. മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ മാർഗരേഖയനുസരിച്ച് പ്രവർത്തിക്കുന്ന ഇവിടെ ഡിപ്ലോമ ഇൻ എലിമെന്ററി എജ്യുക്കേഷൻ എന്ന പേരിലുള്ള പ്രീസർവിസ് അധ്യാപക പരിശീലന കോഴ്സിന് പുറമേ പൊതുവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ, പരിശീലനങ്ങൾ, റിസോഴ്സ് സാമഗ്രി നിർമാണം, പ്രഥമാധ്യാപക ശാക്തീകരണം, ചോദ്യപേപ്പർ നിർമാണം, പൊതുവിദ്യാഭ്യാസ രംഗത്തെ താൽക്കാലിക ആവശ്യകതകൾ കണ്ടെത്തി അവ മുൻനിർത്തിയുള്ള തനത് പ്രവർത്തനങ്ങൾ, സാങ്കേതിക വിദ്യാപരിശീലനം, സാക്ഷരത പ്രേരക്മാർക്കുള്ള പരിശീലനം തുടങ്ങിയവയൊക്കെയാണ് നടക്കുന്നത്. വിദ്യാഭ്യാസ ജില്ലയിലെയും ഉപജില്ലയിലെയും വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ അക്കാദമിക കോഓഡിനേറ്റർമാരായി പ്രവർത്തിക്കേണ്ടതും മോണിറ്ററിങ് നിർവഹിക്കേണ്ടതും ഡയറ്റ് ഫാക്കൽറ്റി അംഗങ്ങളുടെ ചുമതലയാണ്.
2008ലാണ് ഡയറ്റുകളിൽ അവസാനമായി അധ്യാപക സ്ഥിരനിയമനം നടന്നത്. 16 വർഷങ്ങളായി സ്ഥിരനിയമനങ്ങളൊന്നും നടക്കാത്തതിനാൽ ഡയറ്റുകളിൽ രൂക്ഷമായ അധ്യാപക ക്ഷാമമാണ് നേരിടുന്നത്. പ്രിൻസിപ്പൽ ഉൾപ്പെടെ 21അക്കാദമിക ജീവനക്കാർ വേണ്ടിടത്ത് ചില ഡയറ്റുകളിൽ പ്രിൻസിപ്പൽ മാത്രമായ അവസ്ഥ പോലുമുണ്ട്.
ചില ഡയറ്റുകളിൽ സ്കൂൾ അധ്യാപകർക്ക് നൽകേണ്ട പരിശീലന ക്ലാസുകൾക്ക് പുറമെ ഡയറ്റുകളിൽ നടത്തുന്ന ഡി.എൽ.എഡ് കോഴ്സുകളിലെ വിദ്യാർഥികൾക്ക് ക്ലാസെടുക്കാനും അധ്യാപകരില്ലാത്ത അവസ്ഥയാണ്. പരീക്ഷ എഴുതിയ പതിനായിരക്കണക്കിന് ഉദ്യോഗാർഥികൾ വളരെ പ്രതീക്ഷയോടെ റാങ്ക് പട്ടികക്കായി കാത്തിരിക്കുമ്പോഴും പി.എസ്.സി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര അനാസ്ഥയാണ് ഉണ്ടാകുന്നത്. ഉത്തരക്കടലാസുകൾ പരിശോധിച്ച് റാങ്ക് പട്ടിക പുറത്തിറക്കി നിയമന ശിപാർശ അയക്കുന്നതിന് പി.എസ്.സിക്ക് ചുരുങ്ങിയത് 10 മാസത്തോളം വേണ്ടിവരും. ഉദ്യോഗസ്ഥരുടെ മെല്ലപ്പോക്കിനെതിരെ നിരവധി പരാതികൾ ഉദ്യോഗാർഥികൾ പി.എസ്.സി അധികാരികൾക്ക് നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.