സി.പി.ഐയിലെ പ്രായപരിധിക്കെതിരെ ദിവാകരനും ഇസ്മായിലും; അസാധാരണ നടപടിയാണെന്നും നേതാക്കൾ
text_fieldsതിരുവനന്തപുരം: സെക്രട്ടറി സ്ഥാനത്ത് മൂന്നാം തവണയും കാനം രാജേന്ദ്രൻ തുടർന്നേക്കാമെന്ന അഭ്യൂഹം ശക്തിപ്പെട്ടതിനുപിന്നാലെ, സംസ്ഥാന നേതൃത്വത്തിനെതിരെ പടപുറപ്പാടുമായി മുതിർന്ന നേതാക്കളായ കെ.ഇ. ഇസ്മായിലും സി. ദിവാകരനും. ശനിയാഴ്ച വാർത്ത സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിക്ക് മൂന്ന് ടേം തുടരാൻ പാർട്ടി ഭരണഘടന അനുവദിക്കുന്നുണ്ടെന്ന് കാനം രാജേന്ദ്രൻ പ്രസ്താവിച്ചിരുന്നു. പിന്നാലെയാണ് 75 വയസ്സ് തികഞ്ഞവർ നേതൃസ്ഥാനത്തുനിന്ന് ഒഴിയണമന്ന നിർദേശം കർശനമായി നടപ്പാക്കുന്നതിനെതിരെ ഇസ്മായിലും ദിവാകരനും രംഗത്തെത്തിയത്. ഇരുവരും 75 പിന്നിട്ടവരാണ്.
സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടന്നേക്കാമെന്ന അഭ്യൂഹം ശക്തിപ്പെടുത്തിയാണ് ഇസ്മായിലിന്‍റെ പ്രതികരണം. സമ്മേളനങ്ങളിൽ ആൾക്കാർക്ക് മത്സരം ഒരു ഹരമായി മാറിയിട്ടുണ്ടെന്നു പറഞ്ഞ അദ്ദേഹം, ജനാധിപത്യപരമായി ഒരു കമ്മിറ്റിയെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കാൻ അവസരം കൊടുക്കുന്നതിൽ തെറ്റൊന്നുമില്ലെന്ന് തുറന്നടിച്ചു. കോട്ടയം സംസ്ഥാന സമ്മേളനത്തിൽ വോട്ടെടുപ്പ് നടന്നിരുന്നെങ്കിൽ താൻ തന്നെ ജയിച്ചേനെയെന്നും ഇസ്മായിൽ അവകാശപ്പെട്ടു. പാർട്ടിയിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നും ഒരു വോട്ടെടുപ്പിലൂടെയാണ് സെക്രട്ടറിയെ തെരഞ്ഞെടുത്തതെന്നുമുള്ള സ്ഥിതി രൂപപ്പെട്ടതിന് കാരണക്കാരനാകരുതെന്ന വികാരം കാരണം അന്ന് സ്വയം പിൻവാങ്ങുകയായിരുന്നു. 75 വയസ്സ് പ്രായപരിധി സംബന്ധിച്ച തീരുമാനം പാർട്ടി കോൺഗ്രസിലേ ഉണ്ടാകൂ. സംസ്ഥാന സമ്മേളനത്തിൽ തീരുമാനമൊന്നുമുണ്ടാകില്ല. പ്രായപരിധി സംബന്ധിച്ച് എതിർത്തും അനുകൂലിച്ചും പ്രമേയം കൊണ്ടുവരാമെന്നും അദ്ദേഹം പറഞ്ഞു.
പ്രായപരിധി കർശനമായി നടപ്പാക്കണമെങ്കിൽ ഭരണഘടന ഭേദഗതി ചെയ്യണമെന്നുപറഞ്ഞ ദിവാകരൻ, അങ്ങനെയൊന്ന് ഇതുവരെ നടന്നിട്ടില്ലെന്ന് വ്യക്തമാക്കി. പ്രായപരിധി നിശ്ചയിച്ചത് പ്രായോഗികമായി ബുദ്ധിമുട്ടുണ്ടാക്കും. അത്തരത്തിൽ ഒരു തീരുമാനമെടുത്തതായി തനിക്കറിയില്ല. സമ്മേളനങ്ങളിലെടുക്കേണ്ട പൊതുമാനദണ്ഡം മാത്രമാണ് നൽകിയത്. അത് ബാധകമാക്കാനുള്ള സാധ്യത കാണുന്നില്ല. പ്രായപരിധിയെന്നത് അസാധാരണ നടപടിയാണെന്നും അതിനോട് പലർക്കും വിയോജിപ്പാണുള്ളതെന്നും ദിവാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.