പ്രളയ ധനസഹായത്തിൽ തിരിമറി: അന്വേഷണത്തിന് ഉത്തരവ്
text_fieldsകോഴിക്കോട്: പ്രളയ ദുരിതാശ്വാസ ഫണ്ടിൽ ഉദ്യോഗസ്ഥരുടെ അറിവോടെ തിരിമറി നടന്നുവെന്ന പ്രാഥമിക കണ്ടെത്തലിനെ തുടർന്ന് വിശദമായ അന്വേഷണത്തിന് റവന്യൂ മന്ത്രി കെ. രാജന് ഉത്തരവിട്ടു. ജില്ല കലക്ടറില്‍ നിന്ന് പ്രാഥമിക വിവരം ശേഖരിച്ചശേഷമാണ് മന്ത്രിയുടെ നടപടി. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ലാൻഡ് റവന്യൂ കമീഷനെയാണ് ചുമതലപ്പെടുത്തിയത്.
മൂന്ന് ആളുകളുടെ അക്കൗണ്ടിലേക്ക് മൊത്തം 1.8 ലക്ഷം രൂപ അനധികൃതമായി നൽകിയതായാണ് കണ്ടെത്തൽ. അപേക്ഷ നൽകുക പോലും ചെയ്യാത്ത ചേവായൂർ വില്ലേജിലെ സ്ത്രീയുടെ അക്കൗണ്ടിലേക്ക് പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 60,000 രൂപ അനുവദിച്ചത് സംബന്ധിച്ചതടക്കമുള്ള കാര്യങ്ങളിൽ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി തഹസിൽദാറാണ് ജില്ല കലകട്റുടെ നിർദേശ പ്രകാരം പ്രാഥമികാന്വേഷണം നടത്തിയത്. കോഴിക്കോട് തഹസിൽദാർ സംഭവം കലക്ടർക്ക് റിപ്പോർട്ട് ചെയ്യുകയായിരുന്നു.
2018ലെ പ്രളയ ദുരിതാശ്വാസ ഫണ്ട് വിതരണത്തിൽ സിവിൽ സ്റ്റേഷനിൽ അധിക ചുമതല വഹിച്ച റവന്യൂവകുപ്പ് ഉദ്യോഗസ്ഥെൻറ അറിവോടെ തിരിമറി നടന്നതായാണ് കണ്ടെത്തൽ. ഇപ്പോൾ വില്ലേജ് ഓഫിസറാണ് ഇയാൾ. പെട്ടെന്ന് പ്രളയ ദുരിതാശ്വാസം വിതരണം ചെയ്തപ്പോൾ അനർഹർക്ക് പണം കിട്ടിയത് സംബന്ധിച്ചുള്ള അന്വേഷണത്തിലാണ് ചേവായൂരിലെ സ്ത്രീക്ക് 12 തവണയായി അക്കൗണ്ടിലേക്ക് പണമയച്ചത് കണ്ടെത്തിയത്. ഇത്രയും തവണ പണം അയച്ചിട്ടും അനധികൃതമാണെന്ന് കണ്ടെത്താനാവാത്തത് ഉദ്യോഗസ്ഥരുടെ അറിവോടെയായതിനാലാണെന്നാണ് നിഗമനം.
പണം അക്കൗണ്ടിൽ നിന്ന് പിൻവലിച്ചതായും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വെള്ളിമാട് കുന്നിലെ ദേശസാൽകൃത ബാങ്കിലെ തെൻറ അക്കൗണ്ടിൽനിന്ന് ആര് പണം പിൻവലിച്ചുവെന്ന് അറിയില്ലെന്നാണ് സ്ത്രീ അന്വേഷിക്കാനെത്തിയവരെ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.