കാലടി മുൻ വി.സിയുടെ അപ്പീൽ ഹരജി ഡിവിഷൻ ബെഞ്ചും തള്ളി
text_fieldsകൊച്ചി: കാലടി സർവകലാശാല വി.സി സ്ഥാനത്ത് നിന്ന് പുറത്താക്കിയ ചാൻസലർ കൂടിയായ ഗവർണറുടെ നടപടി സ്റ്റേ ചെയ്യണമെന്ന മുൻ വി.സി ഡോ. എം.വി. നാരായണന്റെ അപ്പീൽ ഹരജി ഹൈകോടതി ഡിവിഷൻ ബെഞ്ചും തള്ളി.
സ്റ്റേ ആവശ്യം തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ ഹരജിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. സിംഗിൾ ബെഞ്ച് ഉത്തരവിൽ അപാകതകളില്ലെന്നും ഇടപെടേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കിയാണ് അപ്പീൽ ഹരജി തള്ളിയത്. ചാൻസലറുടെ നടപടി ചോദ്യം ചെയ്യുന്ന ഹരജി സിംഗിൾ ബെഞ്ചിന്റെ പരിഗണനയിലാണ്. അപ്പീൽ ഹരജിയിലെ വാദങ്ങൾ സിംഗിൾ ബെഞ്ച് മുമ്പാകെ ഉന്നയിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.സർച്ച് കമ്മിറ്റി നൽകിയ തന്റെ പേര് ചാൻസലർ അംഗീകരിച്ച് നിയമിക്കുകയാണ് ചെയ്തതെന്ന് അപ്പീൽ ഹരജിയിൽ പറയുന്നു. ഈ തീരുമാനത്തിൽ ഹരജിക്കാരന് പങ്കില്ല.
വി.സി ആകാൻ വേണ്ട യോഗ്യതകളിൽ ആരും തർക്കം ഉന്നയിച്ചിട്ടുമില്ല. വി.സി നിയമനം നടത്തിയ ചാൻസലർക്ക് നിയമനം പിൻവലിക്കാൻ അധികാരമുണ്ടോയെന്ന കാര്യത്തിൽ കൂടുതൽ വാദം കേൾക്കാനായി താനടക്കം നൽകിയ ഹരജി സിംഗിൾ ബെഞ്ച് മാറ്റിയിരിക്കുകയാണ്. ഈ വാദങ്ങൾ താൻ ഹരജിയിൽ ഉന്നയിച്ചിട്ടുള്ളതുമാണ്.
ഹരജി ഫയലിൽ സ്വീകരിച്ച് കൂടുതൽ വാദത്തിനായി മാറ്റിയ സാഹചര്യത്തിൽ ചാൻസലറുടെ ഉത്തരവ് താൽക്കാലികമായി സ്റ്റേ ചെയ്യണമായിരുന്നു. എന്നാൽ, ഇതുണ്ടായിട്ടില്ല. അതിനാൽ, സ്റ്റേ അനുവദിക്കണമെന്നായിരുന്നു അപ്പീൽ ഹരജിയിലെ ആവശ്യം. ഹരജി തീർപ്പാകും വരെ വി.സി സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിരുന്നു. ഈ ആവശ്യവും കോടതി പരിഗണിച്ചില്ല.
വ്യാഴാഴ്ചയാണ് സംസ്കൃത വി.സിയുടെ കാര്യത്തിൽ ചാൻസലറുടെ നടപടിക്ക് സ്റ്റേ അനുവദിക്കാതെ ഹരജി പിന്നീട് വാദം കേൾക്കാൻ സിംഗിൾ ബെഞ്ച് മാറ്റിയത്. അതേസമയം, കാലിക്കറ്റ് വി.സിക്കെതിരായ നടപടി സ്റ്റേ ചെയ്യുകയും ഹരജി തീർപ്പാകും വരെ തുടരാൻ അനുവദിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.