തദ്ദേശ വാർഡ് വിഭജനം; ആദ്യഘട്ട നടപടികൾക്ക് ഇന്നു തുടക്കം
text_fieldsതിരുവനന്തപുരം: തദ്ദേശ വാർഡ് വിഭജനത്തിന്റെ ആദ്യഘട്ടം വെള്ളിയാഴ്ച ആരംഭിച്ച് ഡിസംബർ 26നകം പൂർത്തിയാക്കുമെന്ന് സംസ്ഥാന ഡീലിമിറ്റേഷൻ കമീഷന്റെ മാർഗരേഖ. പരാതിക്കാരെ കമീഷൻ നേരിൽ കേട്ട് വിഭജനത്തിന്റെ അന്തിമ ഉത്തരവ് ഇറക്കാനുള്ള സമയക്രമം പിന്നീട് അറിയിക്കും.
ആദ്യഘട്ടം പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ എന്നിവയിലെ വാർഡ് വിഭജനമാണ്. ബ്ലോക്ക്, ജില്ല പഞ്ചായത്തുകളുടെ വാർഡ് വിഭജനം രണ്ടും മൂന്നും ഘട്ടങ്ങളിലാണ്. ഇതിന്റെ സമയക്രമവും പിന്നീട് അറിയിക്കും. പഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാരാണ് വാർഡ് വിഭജനത്തിന്റെ കരട് റിപ്പോർട്ട് തയാറാക്കുന്നത്. കലക്ടർമാർ മേൽനോട്ടം വഹിക്കും.
വാർഡുകളിലെ ജനംസഖ്യ തുല്യമാകണമെന്ന് മാർഗരേഖയിൽ നിർദേശിച്ചു. നദി, പുഴ, തോട്, കായൽ, മല, റോഡ്, നടപ്പാത, ചെറുവഴികൾ, റെയിൽവേ ലൈൻ, പൊതുസ്ഥാപനങ്ങൾ തുടങ്ങിയവയെ അതിർത്തികളായി നിശ്ചയിക്കാം.
അതിർത്തികൾ നിശ്ചയിക്കാൻ ഒരു വാർഡിന്റെ ശരാശരി ജനസംഖ്യ നേരിയ തോതിൽ കൂട്ടുകയോ കുറക്കുകയോ ചെയ്യാമെങ്കിലും വ്യത്യാസം 10 ശതമാനത്തിൽ കവിയരുത്. പോളിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള സൗകര്യവും വോട്ടർമാരുടെ യാത്ര, വാർത്താവിനിമയ സൗകര്യങ്ങളും കണക്കിലെടുക്കണം.
ഒന്നാമത്തെ വാർഡ് തുടങ്ങി സമയക്രമം നോക്കുന്ന രീതിയിൽ അവസാന വാർഡിലേക്ക് എത്തണം.
ഒന്നാം വാർഡിന്റെ അതിർത്തിയായി അവസാന വാർഡ് വരുന്ന തരത്തിലാകണം ഇത്. വാർഡുകൾക്ക് നമ്പറുകൾക്ക് പുറമേ, അതിൽ ഉൾപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ടതും പരക്കെ അറിയപ്പെടുന്നതുമായ പ്രദേശത്തിന്റെ പേര് നൽകണം.
പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ വാർഡ് വിഭജന നടപടികളുടെ സമയക്രമം
- ഉദ്യോഗസ്ഥ പരിശീലനം വെള്ളിയാഴ്ച മുതൽ
- കലക്ടർമാർ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർമാർ, തദ്ദേശ വകുപ്പ് ജോയന്റ് ഡയറക്ടർമാർ തുടങ്ങിയവരുടെ യോഗം സെപ്റ്റംബർ 30
- പഞ്ചായത്ത്/നഗരസഭ സെക്രട്ടറിമാർ കരട് വിഭജന റിപ്പോർട്ട് തയാറാക്കി നൽകേണ്ടത് ഒക്ടോബർ 21
- സെക്രട്ടറിമാർ കലക്ടർമാർക്ക് റിപ്പോർട്ട് സമർപ്പിക്കേണ്ടത് ഒക്ടോബർ 25
- കലക്ടർമാർ ഡീലിമിറ്റേഷൻ കമീഷന് റിപ്പോർട്ട് സമർപ്പിക്കേണ്ടത് നവംബർ അഞ്ച്
- കമീഷൻ കരട് റിപ്പോർട്ട് അംഗീകരിച്ച് പ്രസിദ്ധീകരിക്കുന്നത് നവംബർ 16
- ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ ഒന്ന്
- പരാതികളിൽ കലക്ടർമാർക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത് ഡിസംബർ 12
- അന്വേഷണ റിപ്പോർട്ട് കലക്ടർമാർ കമീഷന് സമർപ്പിക്കുന്നത് ഡിസംബർ 26.
- 2025 ഡിസംബറിലാകും തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.