തദ്ദേശ വാർഡ് വിഭജനം; ഓർഡിനൻസ് ഇന്ന് മന്ത്രിസഭായോഗത്തിൽ
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൂർത്തിയാക്കാൻ തീരുമാനിച്ച വാര്‍ഡ് പുനർവിഭജനം, സംസ്ഥാന ഇലക്ഷൻ കമീഷണർ അധ്യക്ഷനായ അഞ്ചംഗ സമിതി നിർണയിക്കും. ഇതുസംസബന്ധിച്ച ഓർഡിനൻസിന് തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭായോഗം അംഗീകാരം നൽകും. മുഖ്യമന്ത്രി പിണറായി വിജയന് വിദേശ സന്ദര്‍ശനം പൂർത്തിയാക്കി മടങ്ങിയെത്തിയശേഷം നടക്കുന്ന മന്ത്രിസഭായോഗമാണിത്. 22ന് പതിവ് മന്ത്രിസഭായോഗം ഉണ്ടെങ്കിലും നിയമസഭാ സമ്മേളനം ഇതില്‍ അജന്‍ഡയായി വരുന്ന സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സിനായി തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭ ചേരുന്നത്.
സമിതിയിൽ ചെയർമാന് പുറമെയുള്ള നാല് അംഗങ്ങൾ ഗവൺമെന്റ് സെക്രട്ടറിമാരായിരിക്കും. കൂടാതെ വാർഡ് പുനർവിഭജനത്തിനായി പ്രത്യേക ഓഫിസും ഒരു സെക്രട്ടറിയും ഒരു ജീവനക്കാരനും ഉണ്ടാകും. അടുത്തിടെ വാർഡ് പുനർവിഭജനം നടന്നതിനാൽ മട്ടന്നൂർ മുനിസിപ്പാലിറ്റി ഒഴികെ 1199 തദ്ദേശസ്ഥാപനങ്ങളിലാണ് ഇപ്പോൾ പുനർവിഭജനം തീരുമാനിച്ചിരിക്കുന്നത്. മൂന്ന് ഘട്ടമായാണ് പുനർവിഭജന നടപടികൾ പൂർത്തിയാക്കുക. ഗ്രാമപഞ്ചായത്ത്, കോർപറേഷൻ, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ ആദ്യഘട്ടമായും രണ്ടാംഘട്ടം ബ്ലോക്ക് പഞ്ചായത്തുകളിലും മൂന്നാംഘട്ടത്തിൽ ജില്ല പഞ്ചായത്തുകളിലും നടക്കും.
2001ലെ സെന്‍സസ് അടിസ്ഥാനത്തില്‍ 2010ലാണ് കേരളത്തില്‍ സമ്പൂര്‍ണ വാര്‍ഡ് വിഭജനം നടന്നത്. 2015ല്‍ 69 ഗ്രാമപഞ്ചായത്തും 32 മുനിസിപ്പാലിറ്റിയും കണ്ണൂര്‍ കോര്‍പറേഷനും രൂപവത്കരിച്ചു. എന്നാല്‍ ഗ്രാമപഞ്ചായത്തുകളുടെയും നാല് മുനിസിപ്പാലിറ്റിയുടെയും രൂപവത്കരണം ഹൈകോടതി റദ്ദാക്കി. പുതിയ തദ്ദേശസ്ഥാപനങ്ങള്‍ രൂപവത്കരിച്ചപ്പോള്‍ ആറ് ഗ്രാമപഞ്ചായത്തുകള്‍, രണ്ട് മുനിസിപ്പാലിറ്റികള്‍, ഒരു കോര്പറേഷന്, 30 ബ്ലോക്ക് പഞ്ചായത്ത്, 13 ജില്ല പഞ്ചായത്ത് എന്നിവയുടെ വാര്‍ഡ് വിഭജനവും നടന്നു. ഇത് 2011ലെ സെന്‍സസ് പ്രകാരമായിരുന്നു. ബാക്കി തദ്ദേശസ്ഥാപനങ്ങളില്‍ 2001ലെ സെന്‍സസ് പ്രകാരമുള്ള വാര്‍ഡുകളാണ് ഇപ്പോഴുള്ളത്.
കൊച്ചി കോർപറേഷനിൽ രണ്ട് വാർഡ് കൂടും
വാർഡ് വിഭജനം പൂർത്തിയാകുമ്പോൾ കൊച്ചി കോർപറേഷനിൽ രണ്ട് വാർഡുകളും തിരുവനന്തപുരം, കൊല്ലം, തൃശൂർ, കോഴിക്കോട്, കണ്ണൂർ കോർപറേഷനുകളിൽ ഓരോന്ന് വീതവും വർധിക്കും. കൊച്ചിയിൽ വാർഡുകളുടെ എണ്ണം 74ൽ നിന്ന് 76 ആകും. തിരുവനന്തപുരം 100, കോഴിക്കോട് 75, കൊല്ലം 55, തൃശൂർ 55, കണ്ണൂർ 55 എന്നിങ്ങനെയാണ് നിലവിലെ വാർഡുകളുടെ എണ്ണം. ആറ് കോർപറേഷനുകളിലായി 414 വാർഡുകളുള്ളത് 421 ആകും.
മുനിസിപ്പാലിറ്റികളിലെ വാർഡുകളുടെ എണ്ണം 3078ൽ നിന്ന് 3205 ആകും. 127 വാർഡുകളാണ് വർധിക്കുന്നത്. 941 ഗ്രാമപഞ്ചായത്തുകളിൽ 1300ൽ ഏറെ വാർഡുകൾ വർധിക്കാൻ സാധ്യതയുണ്ട്. നിലവിൽ 15,962 വാർഡുകളാണ്. ബ്ലോക്ക് പഞ്ചായത്തുകളിൽ 187, ജില്ല പഞ്ചായത്തുകളിൽ 15 എന്നിങ്ങനെ വാർഡുകൾ കൂടിയേക്കും. നിലവിൽ യഥാക്രമം 2080, 3311 എന്നിങ്ങനെയാണ് വാർഡുകളുടെ എണ്ണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.