തദ്ദേശ വാർഡ് വിഭജനം; അന്തിമ വിജ്ഞാപനം ഫെബ്രുവരിയിൽ
text_fieldsതിരുവനന്തപുരം: കരട് പട്ടികയിലെ പരാതികള്‍ തീര്‍പ്പാക്കി ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോർപറേഷനുകള്‍ എന്നിവിടങ്ങളിലെ വാര്‍ഡ് വിഭജനത്തിന്റെ അന്തിമ വിജ്ഞാപനം ഫെബ്രുവരിയിലുണ്ടാകും. ബ്ലോക്ക് പഞ്ചായത്തുകളുടേത് മാര്‍ച്ചിലും ജില്ല പഞ്ചായത്തുകളുടേത് ഏപ്രിലിലുമായി പൂര്‍ത്തിയാക്കാനാണ് ഡീലിമിറ്റേഷന്‍ കമീഷന്റെ ശ്രമം. വാര്‍ഡ് വിഭജന നടപടികള്‍ ഏപ്രിലില്‍ അന്തിമമാകുമ്പോള്‍ വീട്ടുനമ്പറിലും മിക്ക വാര്‍ഡുകളുടെ പേരിലും മാറ്റമുണ്ടാകും. ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോർപറേഷനുകള്‍ എന്നിവ ഉള്‍പ്പെട്ട ആദ്യഘട്ടത്തിന്റെ അന്തിമവിജ്ഞാപനമായാല് അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പിലേക്ക് കമീഷന് കടക്കും. വോട്ടർ പട്ടിക പുതുക്കൽ, പോളിങ് സ്റ്റേഷന് നിശ്ചയിക്കൽ, പോളിങ് സാമഗ്രികള്‍ ശേഖരിക്കൽ തുടങ്ങിയവയാണ് പ്രാഥമികമായി നടക്കുക.
ഇതിനിടെ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തില്‍ പരാതികളുമായി രാഷ്ട്രീയ പാര്‍ട്ടികൾ രംഗത്തെത്തി. ഭരണമുന്നണിക്ക് അനുകൂലമായി വാര്‍ഡുകൾ വിഭജിച്ചെന്നാണ് പ്രധാന ആക്ഷേപം. വിജ്ഞാപനം വന്നയുടന്‍ തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകൾ എതിര്‍പ്പുയർത്തി. മിക്ക ജില്ലകളിലും പരാതികളുയര്‍ന്നു. ആലപ്പുഴയില്‍ മൂന്ന് മുന്നണികളും പരാതിക്കാരാണ്. എന്നാല്‍, ഇത്തവണ താരതമ്യേന ആക്ഷേപം കുറവായിരിക്കുമെന്നാണ് ഡീലിമിറ്റേഷന്‍ കമീഷന്റെ പ്രതീക്ഷ.
ആലപ്പുഴയില്‍ സി.പി.എമ്മിന് അനുകൂലമായ വിഭജനമാണ് നടന്നതെന്ന് കോണ്‍ഗ്രസും പലയിടത്തും മാനദണ്ഡം പാലിച്ചില്ലെന്ന് സി.പി.എമ്മും ആരോപിച്ചു. എറണാകുളം ജില്ലയില്‍ ഇടതുപക്ഷം വലിയ ഭൂരിപക്ഷത്തോടെ ജയിക്കുന്ന സ്ഥലങ്ങളിലാണ് വിഭജനം നടന്നതെന്ന് യു.ഡി.എഫ് ആക്ഷേപിച്ചു. കോഴിക്കോട് ജില്ലയില്‍ പലയിടത്തും അതിര്‍ത്തി പുതുക്കിയത് സി.പി.എമ്മിന് അനുകൂലമായാണെന്ന് യു.ഡി.എഫും ബി.ജെ.പിയും ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.