വിവാഹമോചന കരാറിന്റെ പേരിൽ ജീവനാംശ ബാധ്യത ഒഴിവാകില്ല
text_fieldsകൊച്ചി: നൽകേണ്ടതില്ലെന്ന് വിവാഹമോചന സമയത്ത് ദമ്പതികൾ കരാറുണ്ടാക്കിയെന്നതിന്റെ പേരിൽ നിയമാനുസൃതമായ ജീവനാംശം നൽകുന്നതിൽനിന്ന് ഭർത്താവിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ഹൈകോടതി. ക്രിമിനൽ നടപടി ചട്ടത്തിലെ 125ാം വകുപ്പ് ജീവനാംശത്തിന് ഭാര്യയെ നിയമപരമായി അർഹമാക്കുന്നതാണ്.
ഇതിൽനിന്ന് ഒഴിവാകാൻ ഭർത്താവിന് സാധ്യമല്ല. ജീവനാംശം നൽകേണ്ടതില്ലെന്ന കരാർ പൊതുതത്ത്വത്തിന് എതിരായതിനാൽ നിയമവിരുദ്ധവും അസാധുവുമാണെന്നും നിയമപരമായ ജീവനാംശം നൽകൽ ഭർത്താവിന്റെ ബാധ്യതയാണെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി. ജീവനാശം നൽകാനുള്ള കുടുംബ കോടതി ഉത്തരവിനെതിരെ ഭർത്താവ് നൽകിയ പുനഃപരിശോധന ഹരജി തള്ളിയാണ് ഉത്തരവ്.
ത്വലാഖ് ചൊല്ലിയതിനെ തുടർന്ന് ജീവനാംശം അവകാശപ്പെടില്ലെന്ന കരാറിൽ ഭാര്യക്ക് അഞ്ച് പവൻ ആഭരണങ്ങളും 25,000 രൂപയും നൽകിയെന്നും ഇനി ജീവനാംശത്തിന് അർഹതയില്ലെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം. എന്നാൽ, മുസ്ലിം സ്ത്രീകളുടെ (വിവാഹമോചനത്തിനുള്ള അവകാശങ്ങൾ സംരക്ഷിക്കൽ) നിയമത്തിലെ സെക്ഷൻ മൂന്ന് പ്രകാരം വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് ജീവനാംശം ലഭിക്കാൻ അർഹതയുണ്ടന്ന് കോടതി വ്യക്തമാക്കി. ജീവനാംശം ആവശ്യപ്പെട്ട് ഭാര്യ തിരൂർ കുടുംബ കോടതിയെയാണ് സമീപിച്ചത്. ഗൾഫിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന ഭർത്താവ് മറ്റ് ബിസിനസുകളുടെ ഉടമയാണെന്നും 90,000 രൂപ വരുമാനമുണ്ടെന്നും അതിനാൽ ഭർത്താവിൽനിന്ന് പ്രതിമാസം 7500 രൂപ ജീവനാംശം വേണമെന്നുമായിരുന്നു വാദം.
ത്വലാഖ് സമയത്തെ കരാർ പ്രകാരമുള്ള തുക നൽകിയിട്ടുെണ്ടന്ന് ഭർത്താവ് അറിയിച്ചെങ്കിലും കുടുംബ കോടതി ജീവനാംശമായി പ്രതിമാസം 4500 രൂപ അനുവദിച്ചു. 25,000 രൂപയും അഞ്ച് പവനും തിരികെ നൽകിയതിനുള്ള രേഖ ഭർത്താവിന് ഹാജരാക്കാനുമായില്ല. തുടർന്നാണ് കുടുംബ കോടതി ഉത്തരവിനെതിരെ ഇയാൾ ഹൈകോടതിയെ സമീപിച്ചത്.
ഭാര്യയുമായി ഉണ്ടാക്കിയ കരാറിന് സാധുതയില്ലാത്തതിനാൽ അവർക്ക് ജീവനാംശം ലഭിക്കാൻ അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.
അവർക്ക് മറ്റ് വരുമാനങ്ങളുള്ളതായി ബോധ്യപ്പെടുത്താൻ ഹരജിക്കാരനായിട്ടില്ല. 150 രൂപ മാത്രമാണ് കുടുംബ കോടതി പ്രതിദിനം ജീവനാംശമായി അനുവദിച്ചതെന്നും പ്രതിമാസം 4,500 രൂപയെന്നത് വലിയ തുകയല്ലെന്നും വ്യക്തമാക്കിയ ഹൈകോടതി, ഇതിൽ പുനഃപരിശോധന ആവശ്യമില്ലെന്ന് കാട്ടി ഹരജി തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.