വിവാഹമോചിതർ, രേഖകളിൽ ഇപ്പോഴും 'വിവാഹിതർ' തന്നെ
text_fieldsമലപ്പുറം: സംസ്ഥാനത്ത് വിവാഹമോചനം വിവാഹ രജിസ്റ്ററിൽ രേഖപ്പെടുത്തി നൽകാത്തതിനാൽ പൊതുരേഖകളിൽ വിവാഹമോചിതർ ഇപ്പോഴും 'വിവാഹിതരായി' തുടരുന്നു.
വിവാഹത്തിന് രജിസ്ട്രേഷൻ നിർബന്ധമാണെങ്കിലും മോചനം നടന്നാൽ ബന്ധപ്പെട്ട രജിസ്ട്രേഷൻ നടത്താനോ രേഖകൾ നൽകാനോ പഞ്ചായത്ത്-നഗരസഭ െസക്രട്ടറിമാരോ മറ്റ് അധികൃതരോ തയാറാവുന്നില്ല. വിവാഹ രജിസ്റ്ററിൽ വിവാഹമോചനവും രേഖപ്പെടുത്താൻ രജിസ്ട്രാർക്ക് ബാധ്യതയുണ്ടെന്ന ഹൈകോടതി വിധിയുണ്ടായിട്ടും പാലിക്കപ്പെടുന്നില്ല.
കേരള രജിസ്ട്രേഷൻ ഓഫ് മാരേജസ് ചട്ടങ്ങൾക്കനുസൃതമായാണ് വിവാഹം രജിസ്റ്റർ ചെയ്യുന്നത്. എന്നാൽ, വിവാഹമോചനം രജിസ്റ്റർ ചെയ്യുന്നതിന് മേൽപറഞ്ഞ ചട്ടപ്രകാരം വ്യവസ്ഥയില്ലെന്നാണ് തദ്ദേശവകുപ്പ് പറയുന്നത്. വിവാഹമോചനം നേടിയ ശേഷം ബന്ധപ്പെട്ട രജിസ്റ്ററിൽ വിവാഹമോചനം രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പരാതികൾ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർക്കും തദ്ദേശ വകുപ്പിനും ലഭിക്കുന്നുണ്ട്.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ രേഖാമൂലം നൽകിയ മറുപടിയിലും രജിസ്റ്റർ ചെയ്ത വിവാഹിതർ പിന്നീട് വിവാഹമോചനം നേടുകയാണെങ്കിൽ അത് രേഖപ്പെടുത്തുന്നത് സംബന്ധിച്ച് ചട്ടത്തിൽ പരാമർശിക്കുന്നില്ലെന്നാണ് പറയുന്നത്. ഇക്കാര്യത്തിൽ ചട്ടഭേദഗതി ആവശ്യമാണെന്നും എന്നാൽ സമാന കേസുകളിലെ കോടതി വിധികൾ എല്ലാവർക്കും ബാധകമാക്കാമോയെന്ന കാര്യത്തിൽ വ്യക്തത വരുത്തേണ്ടതിനാൽ ചീഫ് രജിസ്ട്രാർക്ക് അപേക്ഷ അയച്ചിട്ടുണ്ടെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ (മലപ്പുറം) അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ വിവാഹമോചനം രേഖപ്പെടുത്താനുള്ള ചട്ടമില്ലെന്ന് പഞ്ചായത്ത് ഡയറക്ടർ എച്ച്. ദിനേശനും പ്രതികരിച്ചു.
2019ൽ പിറവം സ്വദേശി ഹൈകോടതിയിൽ നൽകിയ ഹരജിയുടെ പശ്ചാത്തലത്തിൽ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിെൻറ ഉത്തരവ് പ്രകാരം വിവാഹമോചനം രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ വിവാഹം നിലനിൽക്കുന്നെന്ന് പൊതു രേഖകൾ കാണിക്കുമെന്നും കക്ഷികൾ വിവാഹമോചനം രജിസ്റ്റർ ചെയ്യാൻ സമീപിച്ചാൽ ചെയ്തുകൊടുക്കണമെന്നും വ്യക്തമാക്കുന്നുണ്ട്.
എന്നാൽ, കോടതിവിധിയെ അവഗണിക്കുന്ന സമീപനമാണ് സർക്കാർ സംവിധാനത്തിൽ നിന്നുമുണ്ടാകുന്നതെന്ന ആക്ഷേപം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.