ദിവ്യ എസ്. അയ്യർക്കെതിരെ വി.എം. സുധീരൻ; ‘ഔചിത്യമില്ലെങ്കില്‍ പിന്നെ എന്ത് പറയാൻ’
text_fieldsതിരുവനന്തപുരം: സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷിനെ പുകഴ്ത്തിയ ഐ.എ.എസ് ഉദ്യോഗസ്ഥ ദിവ്യ എസ്. അയ്യർക്കെതിരെ രൂക്ഷ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ദിവ്യക്ക് ഔചിത്യമില്ലെന്നും ഔചിത്യമില്ലെങ്കില്‍ പിന്നെ എന്തുപറയാനാണെന്നും വി.എം. സുധീരൻ പ്രതികരിച്ചു.
ഭരണാധികാരികൾ, ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് വേണ്ട മിനിമം യോഗ്യതയാണ് ഔചിത്യം. ഔചിത്യരഹിതമായി ആര് പ്രവർത്തിച്ചാലും അതിന് ഒരു ന്യായീകരണവുമില്ലെന്നും വി.എം. സുധീരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
ദിവ്യ എസ്. അയ്യരുടെ ഇൻസ്റ്റഗ്രാം പോസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ അടക്കം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ നേരത്തെ രംഗത്തെത്തിയിരുന്നു. പിണറായി വിജയന് പാദസേവ ചെയ്യുന്ന മഹതിയാണ് ദിവ്യ എസ്. അയ്യർ എന്നാണ് മുരളീധരൻ കുറ്റപ്പെടുത്തിയത്.
കെ.കെ. രാഗേഷിനെ പുകഴ്ത്തി ഇൻസ്റ്റഗ്രാം പോസ്റ്റിട്ട ദിവ്യ എസ്. അയ്യർക്കെതിരെ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല പ്രസിഡന്‍റ് വിജിൽ മോഹൻ പരാതി നൽകിയിട്ടുണ്ട്. സംസ്ഥാന ചീഫ് സെക്രട്ടറിക്കും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടർക്കുമാണ് പരാതി നൽകിയത്.
ഐ.എ.എസ് ഉദ്യോഗസ്ഥർ പാലിക്കേണ്ട രാഷ്ട്രീയ നിഷ്പക്ഷത ദിവ്യ പാലിച്ചില്ല. സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ. രാഗേഷിനെ പുകഴ്ത്തി പോസ്റ്റിട്ടു. ഐ.എ.എസ് ഉദ്യോഗസ്ഥർ പാലിക്കേണ്ട 1968ലെ പെരുമാറ്റച്ചട്ടം അഞ്ചിന് എതിരാണ് ദിവ്യയുടെ നടപടിയെന്നും പരാതിയിൽ പറയുന്നു.
സർവിസ് ചട്ടലംഘനത്തിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റവലൂഷനറി യൂത്ത് ഫ്രണ്ട് തൃശൂർ ജില്ല സെക്രട്ടറി ആസാദ് കാശ്മീരി ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.കെ. രാഗേഷ് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയായതിന് പിന്നാലെയാണ് ദിവ്യ എസ്. അയ്യർ ഇൻസ്റ്റഗ്രാമിൽ രാഗേഷിനെ പുകഴ്ത്തി പോസ്റ്റിട്ടത്. 'കർണ്ണന് പോലും അസൂയ തോന്നും വിധം ഈ കെ.കെ.ആർ കവചം! ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നിൽ നിന്നു വീക്ഷിച്ച എനിക്ക് ഒപ്പിയെടുക്കാൻ സാധിച്ച അനവധി ഗുണങ്ങൾ ഉണ്ട്. വിശ്വസ്തതയുടെ ഒരു പാഠപുസ്തകം! കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂട്' -എന്നതായിരുന്നു വിപ്ലവ ഗാനത്തിന്‍റെ ദിവ്യ പങ്കുവെച്ച പോസ്റ്റ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.