ദിവ്യ ഉണ്ണിയെ ചോദ്യം ചെയ്യും; പരിപാടി കോർപറേഷന്റെ അനുമതിയില്ലാതെയെന്ന് മേയർ
text_fieldsകൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിന്റെ വി.ഐ.പി ഗാലറിയില്‍നിന്ന് വീണ് ഉമ തോമസ് എം.എൽ.എക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയെ ചോദ്യം ചെയ്യും. ഇവരെ കൂടാതെ സംഘാടകരായ മൃദംഗ വിഷൻ രക്ഷാധികാരി നടൻ സിജോയ് വർഗീസിൽനിന്നും വിവരങ്ങൾ തേടും. ഇരുവരുടെയും മൊഴിയെടുത്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തണമോയെന്ന് തീരുമാനിക്കും. പരിപാടിയുടെ സംഘാടനത്തിൽ ഇവരുടെ പങ്കാണ് പ്രധാനമായും അന്വേഷിക്കുക. മൃദംഗ വിഷനുമായി ഇവർക്കുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക ആരോപണങ്ങളും അന്വേഷിക്കും.
അതിനിടെ, കോർപറേഷന്റെ അനുമതി തേടാതെയാണ് നൃത്ത പരിപാടി സംഘടിപ്പിച്ചതെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. സംഘാടകർ കോർപറേഷനെ സമീപിക്കുകയോ അനുമതി വാങ്ങുകയോ ചെയ്തില്ല. വിനോദ നികുതിയും അടച്ചില്ല. മര്യാദയില്ലാത്ത സമീപമാണ് അവർ സ്വീകരിച്ചത്. തന്നെ ക്ഷണിച്ചത് തലേ ദിവസം മാത്രമാണ്. വരില്ല എന്ന് അപ്പോൾതന്നെ പറഞ്ഞിരുന്നു.
അവിടെ നടന്നത് ടിക്കറ്റ് വെച്ച് പണം പിരിച്ചുള്ള പരിപാടിയാണ്. അതിന് ചില്ലിക്കാശ് വിനോദ നികുതി അടച്ചിട്ടില്ല. കോര്പറേഷന് സെക്രട്ടറിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. സംഘാടകർക്ക് നോട്ടീസ് അയക്കുമെന്നും മേയർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.