ദിവ്യയുടെ ജാമ്യാപേക്ഷ: നവീൻ ബാബുവിന്റെ കുടുംബം കക്ഷിചേരും
text_fieldsപത്തനംതിട്ട: ആത്മഹത്യ പ്രേരണക്കുറ്റത്തിൽ പ്രതിയായ കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയുടെ ജാമ്യാപേക്ഷയെ എതിർത്ത് എ.ഡി.എം നവീൻ ബാബുവിന്റെ കുടുംബം കക്ഷിചേരും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ദിവ്യ ഹരജി നൽകിയത്. നവീനിന്റെ കുടുംബം നിയമസഹായം തേടിയിട്ടുണ്ട്.
അതേസമയം, ഖേദപ്രകടനം നടത്തിക്കൊണ്ടുള്ള കണ്ണൂർ കലക്ടര്‍ അരുണ്‍ കെ. വിജയന്റെ കത്ത് സ്വീകരിക്കാന്‍ കഴിയില്ലെന്ന് നവീൻ ബാബുവിന്റെ കുടുംബാംഗങ്ങൾ പ്രതികരിച്ചു. വീട്ടിലെത്തിയ ജോയന്റ് കൗണ്‍സിൽ ഭാരവാഹികളോടാണ് നവീന്റെ ഭാര്യ മഞ്ജുഷ ഇക്കാര്യം പറഞ്ഞത്.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പി.പി. ദിവ്യയെ നീക്കിയതിൽ ഭാഗികമായ ആശ്വാസമുണ്ടെന്ന് നവീനിന്റെ സഹോദരൻ പ്രവീൺ ബാബു പറഞ്ഞു. അന്വേഷണം മുന്നോട്ട് പോകണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യ മാറിയപ്പോൾ സ്വാധീനത്തിൽ ചെറിയ കുറവുണ്ടാകുമെന്ന ആശ്വാസം മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വ്യാഴാഴ്ച സംസ്കാരം നടത്തിയ നവീൻ ബാബുവിന്റെ വീട്ടിലേക്ക് ആശ്വാസവാക്കുകളുമായി ഇന്നലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വിവിധ രംഗങ്ങളിലെ പ്രമുഖരടക്കം നിരവധി ആളുകൾ എത്തി. മന്ത്രി വി.എൻ. വാസവൻ, രമേശ് ചെന്നിത്തല, വി. മുരളീധരൻ, കുമ്മനം രാജശേഖരൻ എന്നിവർ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.