ദിവ്യശ്രീയുടെ സംസ്കാരം ഇന്ന്; മരണം ശബരിമല ഡ്യൂട്ടിക്ക് പോകാനൊരുങ്ങവെ
text_fieldsപയ്യന്നൂർ: പട്ടാപ്പകൽ വീട്ടിൽ കയറി യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നടുക്കം മാറാതെ കരിവെള്ളൂർ. സംഭവം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും നാടിനത് വിശ്വസിക്കാനാവുന്നില്ലെന്ന് കൊല ചെയ്യപ്പെട്ട ദിവ്യശ്രീയുടെ അയൽവാസികൾ പറയുന്നു. അതേസമയം, ദിവ്യശ്രീ ശബരിമല ഡ്യൂട്ടിക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനായി സംഭവ ദിവസം രാത്രി എട്ടിന് റെയിൽവേ സ്റ്റേഷനിൽ എത്തിക്കാൻ ബന്ധുവായ ഡ്രൈവറെ ഏൽപിച്ചിരുന്നതായി പറയുന്നു.
കൊല നടത്തിയ ശേഷം രക്ഷപ്പെട്ടുവെങ്കിലും മണിക്കൂറുകൾക്കകം 30 കിലോമീറ്റർ അകലെ കണ്ണൂർ പുതിയതെരുവിൽനിന്ന് പ്രതിയെ പിടികൂടിയത് പൊലീസിന് ആശ്വസിക്കാനായി. പുതിയതെരുവിലെ ബാറിൽനിന്നും മദ്യപിക്കവേയാണ് പ്രതിയും ദിവ്യശ്രീയുടെ ഭർത്താവുമായ രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ദിവ്യശ്രീയുടെ പിതാവ് കെ. വാസുവും ആക്രമിക്കപ്പെട്ടിരുന്നു. അദ്ദേഹം കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലാണ്.
വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് വീട്ടിൽനിന്ന് നിലവിളി കേട്ടതെന്ന് അയൽവാസികൾ പറയുന്നു. അയൽവാസികൾ എത്തിയപ്പോൾ ദിവ്യശ്രീ വീടിനു മുന്നിൽ കവാടത്തിനരികെ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു. വെട്ടേറ്റ് വീട്ടിൽ നിന്ന് പ്രാണരക്ഷാർഥം ഓടി അവിടെ വീണതാവാമെന്നു കരുതുന്നു.
സംഭവത്തിന് കുറച്ചു മുമ്പ് മാത്രമാണ് കണ്ണൂർ കുടുംബ കോടതിയിൽനിന്ന് വാസുവും ദിവ്യശ്രീയും വീട്ടിൽ എത്തിയിരുന്നത്. ദിവ്യ കുടുംബ കോടതിയിൽ വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തിരുന്നു. ഇതിന്റെ ഹിയറിങ് ആയിരുന്നു വ്യാഴാഴ്ച. ദിവ്യയുടെ ഏക മകൻ ആശിഷ് കൂക്കാനം ഗവ. യു.പി സ്കൂൾ ഏഴാം തരം വിദ്യാർഥിയാണ്. പിതാവ് വാസു റിട്ട. സീനിയർ ഓഡിറ്റർ, ഡിഫൻസ് അക്കൗണ്ട്സ് ഉദ്യോഗസ്ഥനാണ്. റിട്ട. ജില്ല നഴ്സിങ് ഓഫിസറായ മാതാവ് പി. പാറു കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് മരണപ്പെട്ടിരുന്നു. ദിവ്യശ്രീക്ക് രണ്ടു വർഷം മുമ്പാണ് ജോലി ലഭിച്ചത്. രാജേഷിന് നാടുമായി ഒരുവിധ സാമൂഹിക ബന്ധമില്ലെന്നും നാട്ടുകാർ പറയുന്നു. ദിവ്യശ്രീയുടെ സഹോദരിയും ഭർത്താവും വാസുവിനൊപ്പം ആശുപത്രിയിലാതിനാൽ സംസ്കാരം ശനിയാഴ്ച നടക്കും. അതേസമയം രാജേഷിനെ വെള്ളിയാഴ്ച പെരുമ്പ പുഴക്കു സമീപമെത്തിച്ച് തെളിവെടുത്തു. കൊലക്ക് ഉപയോഗിച്ച ആയുധം പുഴയിൽ ഉപേക്ഷിച്ചതായി പ്രതി മൊഴി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.