ട്രോളൻമാരോട് ദിയ ചോദിക്കുന്നു; എപ്ലസ് ഇത്ര വലിയ തെറ്റോ ?
text_fieldsഎസ്.എസ്.എൽ.സിയിൽ മുഴുവൻ എ.പ്ലസ് നേടിയവരെ ട്രോളുന്നവർ പത്താം ക്ലാസുകാരി ദിയയുടെ ഈ കത്തൊന്ന് വായിക്കണം. ഏറെ സന്തോഷിക്കേണ്ട നിമിഷത്തിലും പരിഹാസം ഏൽക്കേണ്ടി വന്ന ഒരു കൂട്ടം മിടുക്കരായ വിദ്യാർഥികളുടെ പ്രതിനിധിയാണ് പെരുവള്ളൂർ ജി.എസ്.എസ്.എസിലെ ഈ വിദ്യാർഥിനി. ഏറെ മനോവിഷമത്തോടെ ദിയ ഫേസ്ബുക്കിൽ പങ്കുവെച്ച കത്തും അതിന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നൽകിയ മറുപടിയുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ.
കോവിഡിന് മുന്നിൽ വിറങ്ങലിച്ചു നിൽക്കാതെ സാധ്യമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി എല്ലാ വിഷയങ്ങൾക്കും എ.പ്ലസ് നേടിയത് ഇത്ര വലിയ തെറ്റാണോ എന്നാണ് ദിയയുടെ ചോദ്യം. സ്കൂളിൽ പണിക്കു വന്ന ബംഗാളിക്കും എപ്ലസ് എന്ന് പരിഹാസ കമൻറിടുന്നവർ അറിയണം പ്രതികൂല സാഹചര്യത്തിലും വിദ്യാർഥികൾ സഹിച്ച ത്യാഗവും സഹനവും. സ്വകാര്യ സ്കൂളുകൾ മികച്ച സാങ്കേതിക സഹായങ്ങൾ ഉപയോഗപ്പെടുത്തിയപ്പോൾ സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികൾക്ക് ആശ്രയം വിക്ടേഴ്സ് ചാനൽ മാത്രമായിരുന്നു. ചാനൽ സംപ്രേഷണത്തിനിടെ സംശയ നിവാരണത്തിന് ഇടമില്ലായിരുന്നു. വാട്സ്ആപ് ഗ്രൂപ്പുവഴിയാണ് ഇത് പരിഹരിച്ചത്. ജനുവരി നാലു മുതൽ സ്കൂളിൽ പോയി അധ്യാപകരുമായി സംവദിക്കാൻ അവസരം ലഭിച്ചു. ഓരോ ക്ലാസ്സിലും കുറച്ച് കുട്ടികളെ മാത്രം ഉൾപ്പെടുത്തി മണിക്കൂറുകളോളം മാസ്കും വെച്ച് സാനിറ്റൈസർ കൊണ്ട് കൈകൾ ഇടക്കിടെ അണുമുക്തമാക്കി കൊറോണയിൽനിന്നും അകലം പാലിച്ചു. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെ ഉയർത്തിക്കൊണ്ടുവരാൻ ഒാരോ അധ്യാപകരും നന്നായി ശ്രമിച്ചു. അതിന്റെ ഫലമായിരുന്നു മികച്ച വിജയം. ഇതിന് സഹായിച്ച അധ്യാപകർ ഏറെയുണ്ട്. ഇവർക്കെല്ലാമുപരി ഞങ്ങളെ നെഞ്ചോടു ചേർത്ത പ്രിയപ്പെട്ട ഞങ്ങളുടെ ക്ലാസ് അധ്യപകൻ സ്വന്തം അൻവർ മാഷ്. ഇവരോടെല്ലാം ഞങ്ങൾ എന്നും കടപ്പെട്ടിരിക്കുന്നു. ഇനി ഒരാഗ്രഹം മനസ്സിലുണ്ട്. മുൻ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രൻ മാഷിനെ കണ്ട് നന്ദി പറയണം. സീറോ അക്കാദമിക് വർഷമാക്കാതെ ഞങ്ങളുടെ അധ്യയനം മുന്നോട്ട് കൊണ്ടുപോകാൻ പിന്തുണ തന്നതിന് -ദിയ പറയുന്നു.
വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി
തുറന്നെഴുതിയ ദിയക്ക് നന്ദി. ''ശരിയാണ് മോളെ, പഠിച്ച് പരീക്ഷ എഴുതിത്തന്നെയാണ് നിങ്ങളെല്ലാവരും ഉപരിപഠനത്തിന് അർഹത നേടിയത്. ഏതു സ്ഥാപനവും വിലമതിക്കുന്ന ഗുണനിലവാരമുള്ള സർട്ടിഫിക്കറ്റ് ആണ് നമ്മുടെ കുട്ടികളുടെ പക്കലുള്ളത്. ദിയ ഉന്നയിച്ച ചോദ്യങ്ങൾ വിമർശകരുടെ കണ്ണ് തുറപ്പിക്കുമെന്ന് പ്രത്യാശിക്കാം. ഭാവിയിൽ കൂടുതൽ ഉയരങ്ങളിലെത്താൻ ദിയക്കും കൂട്ടുകാർക്കും ആകട്ടെ''.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.