ഹൈറേഞ്ചിൽ ഡി.ജെ പാർട്ടികളും നിശപാർട്ടികളും വ്യാപകമാകുന്നു
text_fieldsഅടിമാലി: കോവിഡ് നിയമം ലംഘിച്ച് ഹൈറേഞ്ചിൽ ഡി.ജെ പാർട്ടികളും നിശപാർട്ടികളും വ്യാപകമാകുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളോട് ബന്ധപ്പെട്ടാണ് കൂടുതലും സംഘങ്ങൾ ഒത്തുചേരുന്നത്.
സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള യുവതീയുവാക്കളും കൗമാരക്കാരുമാണ് കൂടുതലും ഒത്തുചേരുന്നത്. ഇവർക്കായി റിസോർട്ടുകളും ഹോം സ്റ്റേ നടത്തിപ്പുകാരും സജീവമായതോടെ ജില്ല കോവിഡ് വ്യാപന ഭീതിയിലുമാണ്.
ക്രിസ്മസ്-പുതുവത്സര സീസണിൽ മൂന്നാർ ഉൾപ്പെടെ സന്ദർശകരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ 10 ദിവസമായി റെക്കോഡുകൾ ഭേദിച്ച് സഞ്ചാരികൾ ഒഴുകിയെത്തുന്നു. നിലച്ചുകിടന്ന വിനോദ സഞ്ചാര മേഖലയിൽ ഇത് ഉൗർജമായെങ്കിലും എത് മാർഗത്തിലൂടെയും വരുമാനം വർധിപ്പിക്കണമെന്ന ചിന്തയാണ് ലഹരി ഉൾപ്പെടെയുള്ള മാർഗങ്ങളിലേക്ക് കാര്യങ്ങൾ നീങ്ങിയത്.
കഴിഞ്ഞ ദിവസം സേനാപതി സ്വർഗംമേട്ടിൽ ടെൻറുകൾ കെട്ടി നിശപാർട്ടി നടത്താനുള്ള നീക്കം പൊലീസ് പൊളിച്ചു. മാങ്കുളത്ത് നാട്ടുകാരും ഇത്തരത്തിൽ വലിയ നീക്കം പൊളിച്ചിരുന്നു. പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയത് 20 വയസ്സുള്ള യുവതികൾ ഉൾപ്പെടെ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നായി നാൽപത്തഞ്ചോളം പേർ.
ന്യൂ ഇയർ പാർട്ടിയും നടത്താൻ ഉദ്ദേശിച്ചിരുന്നതായി സൂചനകളുണ്ട്. ടെൻറുകൾ നീക്കം ചെയ്ത ഉടുമ്പൻചോല പൊലീസ് പങ്കെടുക്കാനെത്തിയവരെ മടക്കി അയച്ചു. ഇവരിൽ ആരുംതന്നെ ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നതായി തെളിയിക്കാനായില്ല. എൽദോ എന്നയാളുടെ പേരിലുള്ള 20 ഏക്കറോളം സ്ഥലത്ത് വിവിധ ഭാഗങ്ങളിലായാണ് ടെൻറുകൾ സ്ഥാപിച്ചിരുന്നത്.
സ്ഥലമുടമക്ക് നോട്ടീസ് നൽകി പരിപാടി നിർത്തിവെപ്പിച്ചു. ഒട്ടാത്തിയിൽനിന്ന് നാല് കിലോമീറ്ററോളം ഉള്ളിലായി പ്രകൃതി സുന്ദരമായ മുകളിൽ സ്റ്റേജ്, നാൽപതോളം ടെൻറുകൾ എന്നിവ നിർമിച്ചായിരുന്നു പരിപാടിക്ക് വേദിയൊരുക്കിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘവും ഉടുമ്പൻചോല തഹസിൽദാറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘവും ചൊവ്വാഴ്ച രാത്രി 11 മുതൽ പുലർച്ച രണ്ടുവരെയാണ് റെയ്ഡ് നടത്തിയത്.
മൈക്ക് സെറ്റ് ഉൾപ്പെടെയുള്ള സന്നാഹങ്ങൾ പാർട്ടിക്കായി ഒരുക്കിയിരുന്നു. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെയാണ് പരിപാടിയിലേക്ക് ആളെ സംഘടിപ്പിച്ചിരുന്നത്. ലഹരി വസ്തുക്കളൊന്നും കണ്ടെടുക്കാനായില്ല. ഉട്ടോപ്യ യുനൈറ്റഡ് ഫൗണ്ടേഷൻ എന്ന സംഘടനയുടെ ലേബലിൽ 'പരിണാമ' എന്ന ക്ലാസിൽ പങ്കെടുക്കുന്നതിന് എന്ന പേരിലാണ് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരെ എത്തിച്ചത്.
വീക്ക് ഡേ ടിക്കറ്റിന് 1500 രൂപയും വീക്ക് എൻഡ് ടിക്കറ്റിന് 2000 രൂപയും ന്യൂഇയർ ടിക്കറ്റിന് 2500 രൂപയുമാണ് ഫീസ്. അധികൃതരുടെ അനുമതി സംഘാടകർ വാങ്ങിയിരുന്നില്ല. ഇത്തരത്തിൽ വൻകിട റിസോർട്ടുകൾ കേന്ദ്രീകരിച്ചും ഡി.ജെ പാർട്ടികളും നിശപാർട്ടികളും നടക്കുന്നതായിട്ടാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.