ഡി.ജെ പാർട്ടിയിൽ കഞ്ചാവും മയക്കുമരുന്നും; 159 മലയാളി വിദ്യാർഥികൾ അറസ്റ്റിൽ
text_fieldsചെന്നൈ: പൊള്ളാച്ചിയിലെ സ്വകാര്യ റിസോർട്ടിൽ ഡി.ജെ പാർട്ടിയിൽ പെങ്കടുത്ത 159 മലയാളി വിദ്യാർഥികൾ അറസ്റ്റിൽ. നിരോധിക്കപ്പെട്ട ഗുളികകളും കഞ്ചാവും മയക്കുമരുന്നും മദ്യവും സ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തു. പൊള്ളാച്ചി സേത്തുമട അണ്ണാനഗറിലെ ഗണേശൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള അഗ്രി നെസ്റ്റ് റിസോർട്ട് കം ഫാം ഹൗസിൽ കോയമ്പത്തൂർ മേഖലയിലെ വിവിധ കോളജുകളിലെ മലയാളി വിദ്യാർഥികളാണ് പരിപാടി സംഘടിപ്പിച്ചത്.
ഇൻസ്റ്റഗ്രാമിലും മറ്റു സമൂഹമാധ്യമങ്ങളിലും കൂട്ടായ്മകൾ രൂപവത്കരിച്ചായിരുന്നു പരിപാടി.
ഒരാളിൽനിന്ന് 1,200 രൂപയാണ് ഫീസ് ഇൗടാക്കിയത്. താൽക്കാലിക സ്റ്റേജ് നിർമിച്ച് യുവതിയുടെ നഗ്ന നൃത്തവും അരങ്ങേറി. മദ്യപിച്ചും മയക്കുമരുന്നടിച്ചും വിദ്യാർഥികൾ വൻശബ്ദത്തിൽ പാട്ടുവെച്ച് നൃത്തം ചെയ്തത് സമീപവാസികൾക്ക് ശല്യമായി. മാത്രമല്ല, ഇരുവിഭാഗം വിദ്യാർഥികൾ തമ്മിൽ സംഘട്ടനവും അരങ്ങേറിയതിനെ തുടർന്നാണ് കോയമ്പത്തൂർ ജില്ല റൂറൽ പൊലീസ് സൂപ്രണ്ട് സുജിത് കുമാറിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയത്. ഫാം ഉടമ ഗണേശൻ ഉൾപ്പെടെ ആറ് പേർക്കെതിരെ ആനമല പൊലീസ് കേസെടുത്തു.
വിദ്യാർഥികളുടെ ആഡംബര കാറുകളും ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. കഞ്ചാവും മയക്കുമരുന്നും എത്തിച്ച കേന്ദ്രങ്ങളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന റിസോർട്ട് അടച്ചുപൂട്ടി മുദ്രവെക്കാൻ കോയമ്പത്തൂർ ജില്ല കലക്ടർ ഉത്തരവിട്ടു. കുറച്ചുമുമ്പ് പൊള്ളാച്ചി മേഖലയിൽ സമൂഹമാധ്യമങ്ങളിലൂടെ പെൺകുട്ടികളെ പരിചയപ്പെട്ട് പീഡിപ്പിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി പണവും സ്വർണവും അപഹരിക്കുകയും ചെയ്ത സംഘം അറസ്റ്റിലായ സംഭവം വൻ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.