'അൻവറിനെ ജയിലിൽ വെച്ച് ഇല്ലാതാക്കുമോ എന്നാശങ്കയുണ്ട്'; ടി.പി കേസ് പ്രതികളുള്ള തവനൂർ ജയിലിലേക്ക് അയച്ചതിൽ ദുരൂഹതയെന്ന് ഡി.എം.കെ കോർഡിനേറ്റർ
text_fieldsമലപ്പുറം: പി.വി.അൻവർ എം.എൽ.എ തവനൂർ ജയിലിലേക്ക് കൊണ്ടുപോയതിൽ കടുത്ത ആശങ്കയുണ്ടെന്ന് ഡി.എം.കെ കോർഡിനേറ്റർ ഹംസ പറക്കാട്ട്.
ടി.പി.കേസ് പ്രതികളുള്ള തവനൂർ ജയിലിലേക്ക് അൻവറിനെ കൊണ്ടുപോയതിൽ ദുരൂഹതയുണ്ട്. ജയിലിൽ വെച്ച് അപായപ്പെടുത്തുമോ എന്ന ആശങ്കയുണ്ടെന്നും ഈ കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും ഹംസ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, നിലമ്പൂർ ഡി.എഫ്.ഒ ഓഫീസ് തകർത്ത കേസിൽ റിമാൻഡിലായ പി.വി.അൻവർ എം.എൽ.എ ഇന്ന് ജാമ്യ അപേക്ഷ നൽകും. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത അൻവറിനെ രാത്രി 2.14 ഓടെയാമ് തവനൂർ ജയിലിലേക്ക് മാറ്റിയത്.
ഡി.എഫ്.ഒ ഓഫിസ് ആക്രമിച്ച സംഭവത്തിൽ നടപടി ആവശ‍്യപ്പെട്ട് വനം വകുപ്പ് നിലമ്പൂർ പൊലീസിൽ പരാതി നൽകിയിരുന്നു. അൻവർ എം.എൽ.എ ഉൾപ്പെട്ട 11 പേർക്കെതിരെയാണ് നിലമ്പൂർ പൊലീസ് കേസെടുത്തത്. പൊതുമുതൽ നശിപ്പിക്കൽ, പൊലീസിന്‍റെ കൃത‍്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങി ജാമ‍്യമില്ല വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
കരുളായി വനത്തിൽ ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ അൻവറിന്റെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ 11.30ഓടെ നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു. മാർച്ച് സംഘർഷത്തിൽ കലാശിക്കുകയും ഡി.എഫ്.ഒ ഓഫിസിന്‍റെ പൂട്ട് തകർത്ത് ഉള്ളിൽ കയറിയ പ്രവർത്തകർ ഫർണിച്ചർ തകർക്കുകയും ചെയ്തു. ശേഷം ആദിവാസി യുവാവിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനായി സൂക്ഷിച്ച നിലമ്പൂർ ജില്ല ആശുപത്രിയിലേക്കും എം.എൽ.എയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. ആശുപത്രിക്കു മുന്നിൽ വൻ സന്നാഹത്തോടെ പൊലീസ് മാർച്ച് തടഞ്ഞു.
മാർച്ചിൽ വനം മന്ത്രി എ.കെ. ശശീന്ദ്രനെതിരെ പി.വി. അൻവർ രൂക്ഷവിമർശനം നടത്തി. മന്ത്രി വിശ്വസിക്കാൻ കൊള്ളാത്തവനെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.