പി.വി. അൻവറിനെതിരെ കോൺഗ്രസ് പരാതി നൽകി
text_fieldsതിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധന ആവശ്യപ്പെട്ട നിലമ്പൂർ എം.എൽ.എ പി.വി. അൻവറിനെതിരെ കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസൻ മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർക്ക് പരാതി നൽകി. നെഹ്റു കുടുംബത്തെയും രാഹുൽ ഗാന്ധിയെയും നികൃഷ്ടഭാഷയിൽ അപമാനിച്ച അൻവറിനെതിരെ പൊലീസ് അടിയന്തരമായി കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എൽ.ഡി.എഫ് എടത്തനാട്ടുകര ലോക്കൽ കമ്മിറ്റി കഴിഞ്ഞദിവസം സംഘടിപ്പിച്ച റാലിയിൽ സംസാരിക്കവെയാണ് പി.വി. അൻവർ അധിക്ഷേപ പരാമര്‍ശം നടത്തിയത്. അന്‍വറിന്റെ പ്രസംഗത്തിലെ ഭാഗം ഇങ്ങനെ: ‘‘ഗാന്ധി എന്ന് കൂട്ടിച്ചേർത്ത് വിളിക്കാൻപോലും അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽ ഗാന്ധി മാറിയെന്ന് ഞാനല്ല പറയുന്നത്. ഇന്ത്യയിലെ ജനങ്ങൾ രണ്ടുമൂന്ന് ദിവസമായി ഇത് പറഞ്ഞുകൊണ്ടിരിക്കുന്നു. നെഹ്റു കുടുംബത്തിൽ ഇങ്ങനെയൊരു മനുഷ്യനുണ്ടാകുമോ? നെഹ്റു കുടുംബത്തിന്റെ ജനിറ്റിക്സിൽ ജനിച്ച ഒരു വ്യക്തിക്ക് അങ്ങനെ പറയാൻ കഴിയുമോ? എനിക്ക് ആ കാര്യത്തിൽ നല്ല സംശയമുണ്ട്.
രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാൻ. യാതൊരു തർക്കവുമില്ല. ആ ജവഹർലാൽ നെഹ്റുവിന്റെ പേരക്കുട്ടിയായി വളരാനുള്ള ഒരു അർഹതയും രാഹുലിനില്ല. പച്ചയായി പറയുകയാണ്. ഇങ്ങനെ കാത്തിരിക്കേണ്ട കാര്യമില്ല. രാഹുൽ ഗാന്ധി മോദിയുടെ ഏജന്റാണോയെന്ന് ആലോചിക്കേണ്ടിടത്തേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. കെ.സി. വേണുഗോപാലിന്റെ കൈകളിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് എന്ന മഹാപ്രസ്ഥാനത്തെ ഏൽപിച്ച് ആ പാർട്ടിയെ ഛിന്നഭിന്നമാക്കി.’’ പ്രസംഗം വിവാദമായതോടെ പ്രതികരണങ്ങളുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.
പറയുമ്പോൾ തിരിച്ചുകിട്ടുമെന്ന് രാഹുലും ഓർക്കണം -പിണറായി
കണ്ണൂർ: രാഹുൽ ഗാന്ധിക്കെതിരായ നിലമ്പൂർ എം.എൽ.എ പി.വി. അൻവറിന്റെ അധിക്ഷേപ പരാമർശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പറയുമ്പോൾ തിരിച്ചുകിട്ടുമെന്ന് രാഹുൽ ഓർക്കണമെന്നും അങ്ങനെ തിരിച്ചുകിട്ടാതിരിക്കാൻ തക്ക നേതാവല്ല രാഹുൽ ഗാന്ധിയെന്നും അദ്ദേഹം പരിഹസിച്ചു. രാഹുൽ തന്റെ പഴയ പേരിലേക്ക് മാറരുതെന്ന മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും മുഖ്യമന്ത്രി കണ്ണൂർ പ്രസ് ക്ലബിന്റെ ‘മീറ്റ് ദ പ്രസി’ൽ വ്യക്തമാക്കി. ജോഡോ യാത്ര പോലുള്ളതുവഴി രാഹുൽ ഗാന്ധിയിൽ വലിയ മാറ്റമുണ്ടായെന്നാണ് കോൺഗ്രസിലെ സുഹൃത്തുക്കൾ പറയുന്നത്. ഇന്ത്യയിലുടനീളം സഞ്ചരിച്ചുവന്നതിന്റെ മാറ്റമുണ്ടായെന്ന് ഞാനും കരുതി. പക്ഷേ, സാധാരണ നേതാവിന് യോജിച്ച കാര്യങ്ങളല്ല കേരളത്തിൽവന്ന് അദ്ദേഹം പറഞ്ഞത്. ബി.ജെ.പിയെയും കേന്ദ്ര അന്വേഷണ ഏജൻസികളെയും സഹായിക്കുന്ന അപക്വമായ വിമർശനമാണ് രാഹുൽ നടത്തിയത്. ഇവിടെയുള്ള കോൺഗ്രസുകാർക്ക് പ്രത്യേക താൽപര്യമുണ്ടാകാം. അതാവർത്തിക്കുകയല്ല രാഹുൽ ചെയ്യേണ്ടിയിരുന്നത്. അതാണ് രാഹുൽ പഴയ പേരിലേക്ക് മാറരുതെന്ന് ഞാൻ പറഞ്ഞതെന്നും പിണറായി വിശദീകരിച്ചു.
ന്യൂനപക്ഷങ്ങളുടെ കാര്യം ഞങ്ങൾ നോക്കിക്കോളാമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞെങ്കിൽ അതംഗീകരിക്കാനാവില്ല. ന്യൂനപക്ഷ സംരക്ഷണമെന്നത് മതനിരപേക്ഷതയുടെ ഉരകല്ലാണെന്നും ന്യൂനപക്ഷ സംരക്ഷണം എല്ലാവരുടെയും ബാധ്യതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി രാജസ്ഥാനിൽ പറഞ്ഞ വർഗീയ പരാമർശത്തിനെതിരെ കേസെടുക്കാൻ തെരഞ്ഞടുപ്പ് കമീഷൻ മടിക്കുകയാണ്. പച്ചയായി വർഗീയത പറഞ്ഞിട്ടും കമീഷൻ ഒരക്ഷരം മിണ്ടുന്നില്ല. ഭരണഘടനാ സ്ഥാപനങ്ങളെ ബി.ജെ.പി കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്നുവെന്നത് യാഥാർഥ്യമാണ്. തെരഞ്ഞെടുപ്പ് കമീഷൻ ജനങ്ങൾക്കുമുന്നിൽ നിഷ്പക്ഷത തെളിയിക്കേണ്ട സമയമാണിതെന്നും വിഷയം കോടതിക്കു മുന്നിലെത്തുമെന്നും പിണറായി കൂട്ടിച്ചേർത്തു.
അൻവർ അസഭ്യം പറയാൻ പ്രമാണി അയച്ച ചട്ടമ്പി -വി.ഡി. സതീശൻ
കൊല്ലം: മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് രാഹുൽ ഗാന്ധിക്കെതിരെ പി.വി. അൻവർ നിലവാരമില്ലാത്ത പ്രസ്താവന നടത്തിയതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. അൻവറിനെ തള്ളിപ്പറയാതെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. പഴയകാലത്ത് ചില പ്രമാണിമാർ മര്യാദക്ക് ജീവിക്കുന്ന ആളുകളുടെ വീടിന് മുന്നിലേക്ക് കള്ളുകൊടുത്ത് ചട്ടമ്പിമാരെ പറഞ്ഞുവിടും. അവർ അസഭ്യവർഷം നടത്തും. അതിന്‍റെ പുനരവതാരമാണ് അൻവറിലൂടെ പിണറായി വിജയൻ നിർവഹിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് പരിഹസിച്ചു. ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായിയെന്നും കസവുകെട്ടിയ പേടിത്തൊണ്ടനാണ് അദ്ദേഹമെന്നും പ്രതിപക്ഷനേതാവ് കൊല്ലത്ത് മീറ്റ് ദ പ്രസ് പരിപാടിയിൽ പറഞ്ഞു.
അൻവറിനെതിരെ നടപടിയെടുക്കണം -വി.എം. സുധീരൻ
തൊടുപുഴ: രാഹുലിനെതിരെ മോശം പരാമർശം നടത്തിയ പി.വി. അന്‍വര്‍ എം.എല്‍.എ മാപ്പ് പറയണമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. പരാമർശത്തെ അപലപിക്കേണ്ടതിനു പകരം പിന്തുണച്ച മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന് അപമാനമാണെന്നും സുധീരൻ പറഞ്ഞു. തൊടുപുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.