ഷാബ ശരീഫ് വധക്കേസിൽ ഇഴകീറി പരിശോധന; ദുരൂഹത നീക്കിയത് മുടിയുടെ ഡി.എൻ.എ
text_fieldsമഞ്ചേരി: ഷാബ ശരീഫ് വധക്കേസിൽ നിർണായകമായത് മുടിയുടെ ഡി.എൻ.എ പരിശോധനാഫലം. മൃതദേഹമോ ശരീരഭാഗങ്ങളോ ലഭിക്കാത്ത കേസ് തെളിയിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസിൽ മൂന്നു പ്രതികളുടെ പങ്ക് തെളിയിക്കാൻ സാധിച്ചത്. മൃതദേഹം വെട്ടിനുറുക്കി ചാലിയാറിൽ തള്ളിയതും കൃത്യം ഒന്നര വർഷങ്ങൾക്കുശേഷം മാത്രം പുറത്തുവന്നതും അന്വേഷണത്തിന് വെല്ലുവിളി സൃഷ്ടിച്ചിരുന്നു. സംഭവം നടന്ന് മാസങ്ങൾ പിന്നിട്ടതിനാൽ ഡിജിറ്റൽ തെളിവുകളൊന്നും ശേഖരിക്കാൻ പൊലീസിന് സാധിച്ചിരുന്നില്ല.
ഷാബ ശരീഫിനെ ശാരീരികമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് അന്വേഷണസംഘം കണ്ടെത്തി. ഷാബ ശരീഫ് കൊല്ലപ്പെടുന്നതിന്റെ ഒന്നര മാസം മുമ്പ്, കേസിൽ മാപ്പുസാക്ഷിയായ വയനാട് സ്വദേശി തങ്ങളകത്ത് നൗഷാദാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ഈ ദൃശ്യങ്ങളും കേസിൽ നിർണായകമായി.
ഷാബ ശരീഫിന്റേതെന്ന് സംശയിക്കുന്ന 42 മുടിയിഴകൾ മാത്രമാണ് അന്വേഷണസംഘത്തിന് മുന്നിലുണ്ടായിരുന്ന മറ്റൊരു തെളിവ്. മൃതദേഹം വെട്ടിനുറുക്കിയ ശുചിമുറിയിൽനിന്നും കഷണങ്ങളാക്കി കൊണ്ടുപോയ ഷൈബിന്റെ കാറിൽനിന്നുമാണ് മുടികൾ ലഭിച്ചത്. ആദ്യം 42 മുടികളും തൃശൂരിലെ ഫോറൻസിക് ലാബിലേക്ക് ഡി.എൻ.എ പരിശോധനക്ക് അയച്ചു. എന്നാൽ, ഇതിൽ ഒരു മുടിയിൽപോലും റൂട്ടുകൾ (താഴ്ഭാഗം) ഉണ്ടായിരുന്നില്ല.
റൂട്ടുകളിലാണ് ഇതിന്റെ സെല്ല് ഉണ്ടാവുക. ഈ സെല്ലിലെ ന്യൂക്ലിയസിൽനിന്ന് വേണം ഡി.എൻ.എ കണ്ടെത്താൻ. റൂട്ടില്ലാത്തതിനാൽ ഈ പരിശോധന പ്രായോഗികമല്ലെന്ന് വ്യക്തമായി. ഇതോടെയാണ് മൈക്രോ കോൺഡ്രിയൽ ഡി.എൻ.എ പരിശോധനക്ക് മുടി വിധേയമാക്കിയത്. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി ലാബിലായിരുന്നു മൈക്രോ കോൺഡ്രിയൽ പരിശോധന. റൂട്ടില്ലെങ്കിലും മാതാവിന്റെ ബന്ധത്തിലൂടെയുള്ള ഡി.എൻ.എ കണ്ടെത്താനുള്ള പരിശോധനാമാർഗമാണിത്. ഈ പരിശോധനക്ക് അഞ്ചു ലക്ഷത്തോളം രൂപ ചെലവ് വന്നു. ഈ പരിശോധനാഫലമാണ് ഷാബ ശരീഫിന്റെ ബന്ധുത്വത്തിലേക്ക് എത്തിച്ചതും കേസിൽ നിർണായക തെളിവായി മാറിയതും.
മൃതദേഹം വെട്ടിനുറുക്കിയ ശുചിമുറിയുടെ പൈപ്പ് നവീകരിച്ച ശുചിമുറിയില്‍നിന്ന് നീക്കംചെയ്ത ടൈല്‍, മണ്ണ്, സിമന്റ് എന്നിവയില്‍നിന്നുമായി ലഭിച്ച രക്തക്കറയും പൊലീസ് ശേഖരിച്ചു. തെളിവ് ശേഖരിക്കാൻ അന്വേഷണസംഘം വീട്ടിലെത്തിയപ്പോൾ മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കിയ ശുചിമുറി രൂപമാറ്റം വരുത്തിയിരുന്നു. കുളിമുറിയുടെ ടൈൽസ് മാറ്റി പുതിയത് സ്ഥാപിച്ചു. വീട്ടിലെ എയർകണ്ടീഷൻ സംവിധാനത്തിലും മാറ്റം വരുത്തി. ഇത് തെളിവ് ശേഖരിക്കാൻ തടസ്സമായി. ശാസ്ത്രീയ തെളിവെടുപ്പ് സംഘം ശുചിമുറിയിൽനിന്ന് മലിനജലം പുറത്തേക്ക് പോകുന്ന പൈപ്പ് മുറിച്ചെടുത്താണ് തെളിവ് ശേഖരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.