കുളച്ചലിൽ കണ്ടെത്തിയ മൃതദേഹം കിരണിന്റേതെന്ന് ഡി.എൻ.എ ഫലം
text_fieldsവിഴിഞ്ഞം: തമിഴ്നാട്ടിലെ കുളച്ചലില്‍ കടലില്‍ കണ്ടെത്തിയ മൃതദേഹം ആഴിമലയിൽ കടലിൽ കാണാതായ നരുവാമൂട് സ്വദേശി കിരണിന്റേതാണെന്ന് സ്ഥിരീകരിച്ചു. കാണാതായി 16 ദിവസത്തിന് ശേഷമാണ് ഡി.എന്‍.എ പരിശോധനയിലൂടെ മൃതദേഹം തിരിച്ചറിഞ്ഞത്. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കിരണിന്റെ അമ്മയുടെ ഡി.എന്‍.എ സാമ്പിളുമായി ഒത്തുനോക്കിയാണ് പരിശോധന നടത്തിയത്. മൃതദേഹത്തില്‍നിന്ന് തമിഴ്‌നാട് പൊലീസ് ശേഖരിച്ച സാമ്പിള്‍ ഒരാഴ്ച മുമ്പ് വിഴിഞ്ഞം പൊലീസിന് കൈമാറിയിരുന്നു.
ജൂലൈ ഒമ്പതിന് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് കിരണ്‍ ആഴിമലയിലെ ഫേസ്ബുക്ക് സുഹൃത്തായ പെൺകുട്ടിയെ കാണാനെത്തിയത്. വീടിന് മുന്നിലെത്തി മടങ്ങുന്നതിനിടെ കിരണിനെയും സുഹൃത്തുക്കളെയും പെൺകുട്ടിയുടെ സഹോദരനും രണ്ട് ബന്ധുക്കളും പിന്തുടര്‍ന്ന് പിടികൂടി. ഇവർ കിരണിനെ ബൈക്കിൽ ആഴിമല ഭാഗത്തേക്ക് കൊണ്ടുപോയെന്നും ഇടക്കുവെച്ച് ഇറങ്ങി ഓടിയെന്ന് അവർ പറഞ്ഞെന്നുമാണ് കൂട്ടുകാരുടെ മൊഴി. ഇതോടെ കിരണിനായി തിരച്ചിൽ ആരംഭിച്ചു. സംഭവശേഷം കടല്‍ത്തീരത്തുനിന്ന് കിരണിന്റെ ചെരിപ്പുകള്‍ കണ്ടെടുത്തിരുന്നു. യുവാവ് ഓടിപ്പോകുന്ന സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.
ജൂലൈ 13ന് പുലർച്ചയാണ് അജ്ഞാത മൃതദേഹം കുളച്ചൽ തീരത്ത് കണ്ടെത്തിയത്. കടലില്‍ കാണാതായവരെ കേന്ദ്രീകരിച്ച് കുളച്ചല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. മൃതദേഹത്തിന്‍റെ കൈയിലുള്ള ചരട് കണ്ട് മകന്‍റേതാണെന്ന് കിരണിന്‍റെ പിതാവ് പറഞ്ഞിരുന്നെങ്കിലും വസ്ത്രങ്ങൾ ഇല്ലാതിരുന്നതിനാൽ സ്ഥിരീകരിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഇതോടെയാണ് ഡി.എൻ.എ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത്.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍, സഹോദരി ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് പ്രതി ചേര്‍ത്തിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം തമിഴ്നാട്ടിലെ ആശാരിപ്പള്ളം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.