ഡി.എൻ.എ പരിശോധന ഉത്തരവ് അസാധാരണ സാഹചര്യത്തിൽ മാത്രം -ഹൈകോടതി
text_fieldsകൊച്ചി: സംശയമുള്ള എല്ലാ കേസിലും കുട്ടിയുടെ പിതൃത്വം നിർണയിക്കാൻ ഡി.എൻ.എ പരിശോധനക്ക് ഉത്തരവിടാനാവില്ലെന്ന് ഹൈകോടതി. പിതൃത്വം നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടാവുകയും തർക്കം പരിഹരിക്കാൻ ഇത്തരം പരിശോധനകൾ അനിവാര്യമാവുകയും അപൂർവവും അസാധാരണവുമായ സാഹചര്യവും ഉണ്ടാവുകയും ചെയ്താൽ മാത്രമേ ഡി.എൻ.എ പരിശോധനക്കോ മറ്റ് ശാസ്‌ത്രീയ പരിശോധനകൾക്കോ ഉത്തരവിടാനാകൂ.
മറ്റ് തെളിവുകളുടെ അടിസ്ഥാനത്തിൽ നിഗമനം സാധ്യമാകാതെ വരികയും ഇത് നടത്താതെ വിവാദം പരിഹരിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമ്പോഴും ഡി.എൻ.എ പരിശോധനക്ക് നിർദേശിക്കാമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി. പിതൃത്വ പരിശോധന ഹരജി തള്ളിയ പറവൂർ കുടുംബ കോടതി ഉത്തരവിനെതിരെ യുവാവ് നൽകിയ അപ്പീൽ ഹരജി തള്ളിയാണ് സിംഗിൾ ബെഞ്ചിന്‍റെ നിരീക്ഷണം.
2004ൽ വിവാഹിതനായ ഹരജിക്കാരൻ ഭാര്യയെ താൻ ജോലി ചെയ്യുന്ന വിദേശ രാജ്യത്ത് രണ്ട് തവണ കൊണ്ടുപോവുകയും ഒരുമിച്ച് താമസിക്കുകയും ചെയ്‌തിരുന്നു. 2005 ഫെബ്രുവരി 12 മുതൽ മെയ് 12 വരെ കാലയളവിൽ ഇരുവരും ഒമാനിൽ ഒരുമിച്ച് താമസിച്ചു. 2006ൽ ഇവർക്ക് ഒരു കുഞ്ഞും ജനിച്ചു. ഭാര്യക്ക് മാനസിക പ്രശ്‌നങ്ങളുള്ളതിനാൽ ശാരീരികബന്ധത്തിന് സാധ്യതയില്ലാത്തതിനാൽ വേർപിരിഞ്ഞു. തുടർന്നാണ് കുട്ടിയുടെ പിതൃത്വത്തിൽ സംശയമുന്നയിച്ച് ഡി.എൻ.എ പരിശോധനക്കായി യുവാവ് കുടുംബ കോടതിയെ സമീപിച്ചത്.
എന്നാൽ, കുട്ടിക്ക് ജീവനാംശം നൽകാതിരിക്കാനാണ് പിതൃത്വത്തിൽ സംശയമുന്നയിക്കുന്നതെന്നായിരുന്നു യുവതിയുടെ വാദം. കുട്ടിയുടെ ജനനത്തിന് മുമ്പ് ഇരുവരും തമ്മിൽ ശാരീരിക ബന്ധം ഉണ്ടായിട്ടില്ലെന്ന് ഹരജിക്കാരൻ പറയുന്നില്ലെന്നും കുട്ടിയുടെ പിതൃത്വം പൂർണമായും നിഷേധിക്കാതെ സംശയം ഉന്നയിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടിയ കുടുംബ കോടതി ഹരജി തള്ളി. ഈ നിരീക്ഷണം ഹൈകോടതി ശരിവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.