ഫോർട്ട്കൊച്ചി കടപ്പുറം ശുചീകരിക്കേണ്ടത് വിദേശികളോ?
text_fieldsഫോർട്ടു കൊച്ചി: കടപ്പുറം കാണാനെത്തുന്ന സഞ്ചാരികൾ കടപ്പുറം ശുചീകരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ നിത്യവും കണ്ടുവരുന്നത്. കഴിഞ്ഞ ദിവസം മുപ്പതോളം റഷ്യൻ വനിതാ സംഘം മാലിന്യം നിറഞ്ഞ കടപ്പുറത്തിന്റെ അവസ്ഥകണ്ട് മനംമടുത്ത് ശുചീകരണത്തിന് ഇറങ്ങിയത് നഗരസഭാധികൃതർക്ക് ഏറെ നാണക്കേടാണ് സമ്മാനിച്ചത്.
പിറ്റേ ദിവസം ഫോർട്ട്കൊച്ചി ചീനവലക്ക് സമീപം കെട്ടിക്കിടക്കുന്ന മലിന വെള്ളത്തിൽ രണ്ട് ഫ്രഞ്ച് സ്വദേശികൾ വീണതും നാണക്കേടായി. ഇതിനിടയിലാണ് എല്ലാവർഷവും രണ്ടുതവണ വീതം കൊച്ചിയിലെത്തുന്ന ജർമ്മൻ എഞ്ചിനീയറായ റാൽഫ് കൊച്ചിയിലെത്തിയിരിക്കുന്നത്. എട്ടുവർഷത്തോളമായി സ്ഥിരമായി ഒരുവർഷം രണ്ടുതവണ കൊച്ചിയിലെത്താറുണ്ട്.
ഒരുമാസം കൊച്ചിയിൽ തങ്ങുന്ന റാൽഫ് വെളുപ്പാൻ കാലത്ത് കടപ്പുറത്തെത്തും. പിന്നെ ശുചീകരണമാണ്. ഇത് കഴിഞ്ഞാൽ ബീച്ച് ഹെൽത്ത് ക്ലബ്ബിൽ കളിക്കും. ബീച്ച് ക്ലബ്ബുകാർ റാൽഫിന് ഹോണററി അംഗത്വം കൊടുത്തിട്ടുണ്ട്. ഇക്കുറിയും എത്തിയതിന് പിറ്റേദിവസം മുതൽ തന്നെ റാൽഫ് കടപ്പുറത്തെ ശുചീകരണ പ്രവർത്തനവും ആരംഭിച്ചു.
റഷ്യൻ സ്ത്രീകളുടെ സംഘം ശേഖരിച്ചുവെച്ച മാലിന്യകിറ്റുകൾ പോലും രണ്ടുദിവസം വരെ മാറ്റാൻ കഴിയാത്ത നഗരസഭയുടെ നടപടി വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിനിടയിൽ രണ്ട് വിദേശികൾ ചിത്രം പകർത്തുന്നതിനിടെ കെട്ടിക്കിടക്കുന്ന മലിനജലത്തിൽ വീണതും വലിയ മാനക്കേടാണ് വരുത്തിവെച്ചത്.
റാൽഫ് കൂടി ശുചീകരിക്കാനെത്തിയതോടെ കടപ്പുറം ശുചീകരിക്കേണ്ടത് കൊച്ചി കാണാനെത്തുന്ന വിദേശികളാണോ എന്ന ചോദ്യമാണ് പൊതുജനങ്ങളിൽ നിന്ന് ഉയർന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.