തുല്യാവകാശം നിഷേധിക്കരുത്: ആശ്രിത നിയമനത്തിന് ഭരണഘടന തത്ത്വംകൂടി പരിഗണിക്കണം -ഹൈകോടതി
text_fieldsകൊച്ചി: ആശ്രിത നിയമനത്തിന് ഭരണഘടന തത്ത്വംകൂടി പരിഗണിക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്ന് ഹൈകോടതി. ആശ്രിത നിയമനത്തിന് സൂപ്പർ ന്യൂമെററി തസ്തികകൾ സൃഷ്ടിക്കാൻ വ്യവസ്ഥയില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അന്തരിച്ച മുൻ ചെങ്ങന്നൂർ എം.എൽ.എ ആർ. രാമചന്ദ്രൻ നായരുടെ മകന് സൂപ്പർ ന്യൂമെററി തസ്തിക സൃഷ്ടിച്ച് ആശ്രിത നിയമനം നൽകിയ നടപടി റദ്ദാക്കിയ ഉത്തരവിലാണ് ഈ നിരീക്ഷണം.
ജീവനക്കാരെയോ ഉദ്യോഗാർഥിയെയോ സംബന്ധിക്കുന്ന വിഷയത്തിൽ ന്യായവും ഉചിതവുമായ തീരുമാനമെടുക്കാൻ സർക്കാറിന് അധികാരമുണ്ടെന്ന വാദമാണ് സർക്കാർ ഉയർത്തിയത്. എന്നാൽ, ന്യായം, ഉചിതം എന്നീ വാക്കുകൾ അതിേൻറതായ അർഥത്തിൽ ഉൾക്കൊള്ളണമെന്ന് കോടതി ഓർമിപ്പിച്ചു. ഇന്ത്യൻ ഭരണഘടനയും രാജ്യത്തെ നിയമങ്ങളുംകൂടി സർക്കാർ പരിഗണിക്കണം. സർക്കാറിെൻറ ഇഷ്ടത്തിനും സങ്കൽപത്തിനും അനുസരിച്ച് ഏതെങ്കിലും വ്യക്തിയുടെയോ കുടുംബത്തിെൻറയോ താൽപര്യം സംരക്ഷിക്കാൻ വിനിയോഗിക്കാനുള്ളതല്ല ഈ അസാധാരണ അധികാരം.
നിയമനം നൽകാൻ ബാധ്യസ്ഥരായവർക്ക് അതും ഉദ്യോഗക്കയറ്റവും നൽകാൻ സാധിക്കാത്ത സാഹചര്യമുണ്ടാകുമ്പോൾ അതിനെ താൽക്കാലികമായി മറികടക്കാനാണ് സൂപ്പർ ന്യൂമററി തസ്തികൾ സൃഷ്ടിക്കാൻ അധികാരമുള്ളത്. സ്ഥിരം ഒഴിവ് ഉണ്ടാകും വരെ ഈ തസ്തികയിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥന് പ്രത്യേക ചുമതലകളുണ്ടാവില്ല. ഇത്തരമൊരു തസ്തിക സ്ൃഷ്ടിക്കുമ്പോഴോ അതിന് ശേഷമോ നിലവിലുള്ള വർക്കിങ് സ്െട്രങ്തിൽ മാറ്റമുണ്ടാകില്ല.
ആശ്രിത നിയമനം നൽകാൻ സൂപ്പർന്യൂമററി തസ്തിക സൃഷ്ടിക്കാനാവില്ലെന്ന് ഒട്ടേറെ കോടതി വിധികളുണ്ട്. മരിച്ച ഉദ്യോഗസ്ഥെൻറ ബന്ധുക്കളുടെ നിയമന കാര്യത്തിലാണെങ്കിലും സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിക്കുന്നത് നിയമവിരുദ്ധമാണെന്ന് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ഉത്തരവുമുണ്ട്. ഒഴിവുണ്ടെങ്കിൽ ചട്ടങ്ങൾക്കനുസൃതമായി മാത്രമേ ആശ്രിത ജോലി അനുവദിക്കാവൂ. നിയമപ്രകാരം പദ്ധതിയിൽ ഉൾപ്പെടാത്തവർക്ക് ആശ്രിത നിയമനം നൽകുന്നത് അനുവദനീയവുമല്ല.
ഭരണഘടന ഉറപ്പുനൽകുന്ന തുല്യാവകാശം നിഷേധിക്കപ്പെടരുത്. നിയമത്തിന് മുന്നിൽ തുല്യതക്കുള്ള അവകാശവും ജോലിയിലും ഉദ്യോഗത്തിലുമടക്കം അവസര സമത്വത്തിനുള്ള അവകാശവും നിഷേധിക്കാനാവില്ല. ഇത്തരം നിയമനങ്ങൾ പൊതു താൽപര്യം ഹനിക്കപ്പെടുന്ന രീതിയിലാവരുത്. എം.എൽ.എയുടെ മകൻ എന്ന നിലയിൽ മാത്രമാണ് കേസിന് ആസ്പദമായ നിയമനം നടന്നത്. ഇത് അനുവദിച്ചാൽ ഭാവിയിൽ പഞ്ചായത്ത് പ്രസിഡൻറടക്കം വിവിധ സ്ഥാനങ്ങൾ വഹിക്കുന്നവർക്കും ഈ അവകാശം നൽകുന്ന അവസ്ഥയിലേക്കെത്തും. സർക്കാർ ജോലി കാത്ത് പുറത്ത് നിൽക്കുന്ന ഉദ്യോഗാർഥികളുടെ ഭരണഘടന അവകാശത്തിെൻറ നിഷേധമാണിതെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.