മറക്കരുത്; മകളാണ്, പെങ്ങളാണ്
text_fieldsകോഴിക്കോട്: 'കൂടുതൽ ഉന്നതിയിൽ എത്തുമ്പോഴും കൂടുതൽ വിനയവും സ്നേഹവും സഹിഷ്ണുതയും സഹായ മനസ്കതയും നമുക്ക് ഉണ്ടാകണം...''ദേശസ്നേഹം എന്നത് ഒരുവ്യക്തിക്ക് ഉണ്ടാകേണ്ട ഏറ്റവും സവിശേഷമായ ഗുണമാണ്...' 'നാം ആയിരിക്കുന്ന അവസ്ഥയിൽ സംതൃപ്തി കണ്ടെത്താനുള്ള മനസ്സാണ് ഏതൊരാൾക്കും ജീവിതത്തിൽ ഉണ്ടാകേണ്ടത്...' ഏതെങ്കിലും മഹത്വചനങ്ങളല്ല ഈ എഴുതിയതൊന്നും. കുറച്ചുദിവസമായി പത്മജ വേണുഗോപാൽ നേരംവെളുക്കുേമ്പാൾ ഫേസ്ബുക്കിൽ കുറിക്കുന്നതാണ്. തൃശൂരിൽ സ്ഥാനാർഥിയാകുന്നതിന് മുമ്പുള്ള സൈക്കോളജിക്കൽ മൂവും പൂരത്തിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ടും ആണെന്നാണ് ചിലർ പറയുന്നത്. ചിലർ എന്നാൽ ഏതെങ്കിലും ഇടതുപക്ഷക്കാരനോ ബി.ജെ.പിക്കാരനോ അല്ല. സ്വന്തം പാർട്ടിയിൽനിന്നാണ് ഏറ്റവും കൂടുതൽ പാരവെപ്പുണ്ടാകുന്നതെന്ന് പത്മജേച്ചിതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
രാഷ്ട്രീയ ഭീമാചാര്യൻ കണ്ണോത്ത് കരുണാകരെൻറ മകൾക്ക് എതിർപ്പുകളും അപവാദങ്ങളും പുത്തരിയല്ല. അതിജീവിച്ചാണ് ഇതുവരെയെത്തിയത്. മോത്തിലാൽ നെഹ്റുവിെൻറ കാലത്തേ തുടങ്ങിയ കോൺഗ്രസിലെ കുടുംബവാഴ്ചക്ക് കേരളത്തിൽ ഒരു ശാഖയുണ്ടാക്കിയതിൽ പ്രധാനി കരുണാകരനാണ്. സി.പി.എം നേതാക്കൾപോലും കഴിഞ്ഞ ആഴ്ചയാണ് കുടുംബവാഴ്ചയെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയത്. പലതും വൈകിയാണ് മാർക്സിെൻറ പിൻഗാമികൾ തുടങ്ങിവെക്കുക. ഇപ്പോൾ കരുണാകരെൻറ മകളും കെ. മുരളീധരെൻറ പെങ്ങളും മാത്രമല്ല, പത്മജ.കെ.പി.സി.സി വൈസ് പ്രസിഡൻറാണ്. കെ.ടി.ഡി.സി മുൻ ചെയർപേഴ്സനാണ്. ലോക്സഭയിലും നിയമസഭയിലും തോറ്റചരിത്രമുണ്ട്.
2004ൽ മുകുന്ദപുരത്ത് പത്മജയെ മത്സരിപ്പിച്ചതുകൊണ്ടാണ് ആ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫിന് അടിപതറിയതെന്ന് ശത്രുക്കൾ പറഞ്ഞുപരത്തിയിരുന്നു. പെങ്ങൾ രാഷ്ട്രീയത്തിൽ വന്നപ്പോൾ തന്നോട് പറഞ്ഞില്ലെന്നായിരുന്നു ഒരിക്കൽ മുരളിയേട്ടെൻറ പരാതി. എന്നാൽ, ഏട്ടത്തിയമ്മയായ ജ്യോതി ചേച്ചിയോട് വിവരം പറഞ്ഞതായി പത്മജക്കറിയാം. വല്യവല്യ തറവാട്ടിലൊക്കെ അങ്ങനെയാണ്. ഭാര്യവഴിയാണ് ഭർത്താവിനോട് പ്രധാനപ്പെട്ട കാര്യങ്ങൾ പറയുന്നത്. വിമർശനമുന്നയിക്കുന്ന എതിർഗ്രൂപ്പുകാർക്കും പത്രക്കാർക്കും ഇത്തരം ഗ്രാമ്യരീതികൾ പരിചയമില്ലാഞ്ഞിട്ടാണ്.
പഴയകാര്യങ്ങളൊക്കെ മറേന്നക്കൂ. മുരളിയേട്ടൻ എം.എൽ.എയായിരുന്ന വട്ടിയൂർക്കാവിൽ ഇത്തവണ മത്സരിക്കാനില്ല. പഠിച്ചതും വളർന്നതുമൊക്കെ വട്ടിയൂർക്കാവിലാണെങ്കിലും തൃശൂരാണ് ഇഷ്ടം. പൂരനഗരിയിൽ കഴിഞ്ഞതവണ തോറ്റെങ്കിലും ഇത്തവണയും പരിഗണിക്കുന്നുണ്ട്. ശക്തെൻറ തട്ടകത്തിൽ ശക്തമായ പോരിനുള്ള പക്വതയായിട്ടുണ്ട്. മൂന്നു പതിറ്റാണ്ട് കോൺഗ്രസ് ജയിച്ച മണ്ഡലമാണ് കഴിഞ്ഞതവണ കൈവിട്ടത്. 14 ശതമാനത്തോളം വോട്ടും കുറഞ്ഞു. ഗുരുവായൂരപ്പനാണേ സത്യം, അത് തിരിച്ചുപിടിക്കണം. പാർട്ടിയിലെ കംസന്മാരെ, ഈ വനിതയുടെ വഴി തടസ്സപ്പെടുത്തരുതേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.