ഡാം ചോർച്ച അവഗണിക്കരുത്: സുരക്ഷ അതോറിറ്റിയുടെ റിപ്പോർട്ട് ഉടൻ സർക്കാറിന് കൈമാറും
text_fieldsതൊടുപുഴ: ഇടുക്കി ഉൾപ്പെടെ സംസ്ഥാനത്തെ ഡാമുകളിലെ നേരിയ ചോർച്ച അവഗണിക്കരുതെന്ന് ഡാം സുരക്ഷ അതോറിറ്റിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം അതോറിറ്റി ചെയർമാെൻറ നേതൃത്വത്തിൽ നടത്തിയ സന്ദർശനത്തിൽ ജലനിരപ്പ് ഉയർന്നുനിൽക്കുന്ന ഡാമുകളുടെ പല ഭാഗത്തും നേരിയ ചോർച്ച കണ്ടെത്തിയിരുന്നു. ഇൗ സാഹചര്യത്തിൽ ഡാമുകളുടെ സുരക്ഷ ഉറപ്പാക്കാൻ ദീർഘകാല മുൻകരുതൽ വേണമെന്നാണ് അതോറിറ്റിയുടെ വിലയിരുത്തൽ. ഇതുസംബന്ധിച്ച നിർദേശങ്ങളും ശിപാർശകളുമടങ്ങിയ റിപ്പോർട്ട് ഉടൻ സർക്കാറിന് സമർപ്പിക്കും.
മിക്ക ഡാമുകളിലും ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിൽ എത്തിയ സാഹചര്യത്തിലായിരുന്നു അതോറിറ്റി ചെയർമാനും ഉന്നതോദ്യോഗസ്ഥരും ഇടുക്കി, ചെറുതോണി, കുളമാവ്, മലങ്കര, മംഗലം ഡാമുകൾ ഉൾപ്പെടെ സന്ദർശിച്ചത്. ജലനിരപ്പ് ഉയരുന്നതിനൊപ്പം ഡാമിെൻറ സമ്മർദവും ചോർച്ചയും കൂടുമെന്നതിനാൽ കണ്ടെത്തൽ എളുപ്പമാണ്. ഇൗ സാധ്യത കണക്കിലെടുത്തായിരുന്നു സന്ദർശനം.
ഇടുക്കി അണക്കെട്ടിെൻറ കാര്യത്തിൽ തൽക്കാലം അപകടവും ആശങ്കയുമില്ലെങ്കിലും ദീർഘകാലത്തേക്ക് മുൻകരുതൽ വേണമെന്നതാണ് അതോറിറ്റിയുടെ റിപ്പോർട്ടിലെ പ്രധാന ശിപാർശ. ഇതിനനുസൃതമായ അറ്റകുറ്റപ്പണികൾ ആസൂത്രണം ചെയ്യണം.
േവനലിൽ ജലനിരപ്പ് താഴുന്നതോടെ ചോർച്ചകൾ അപ്രത്യക്ഷമാകുമെന്നതിനാൽ അവ എൻജിനീയർമാരുടെ സഹായത്തോെട അടിയന്തരമായി അടയാളപ്പെടുത്തുകയും പിന്നീട് ഘട്ടംഘട്ടമായി അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുക എന്നതാണ് അതോറിറ്റി മുന്നോട്ടുവെക്കുന്ന നിർദേശം. നിലവിൽ ചോർച്ച ഗൗരവമുള്ളതല്ലെങ്കിലും നിയന്ത്രിച്ചില്ലെങ്കിൽ ഭാവിയിൽ ഡാം ദുർബലമാകുമെന്നാണ് വിദഗ്ധ സംഘത്തിെൻറ മുന്നറിയിപ്പ്.
സംസ്ഥാനത്ത് ഏറ്റവും ദുർബലമെന്ന് അതോറിറ്റി വിശേഷിപ്പിച്ച മലങ്കര അണക്കെട്ട് ശക്തിപ്പെടുത്താനുള്ള നിർദേശങ്ങളും റിപ്പോർട്ടിലുണ്ടാകും. അണക്കെട്ടുകളിൽ മണലടിഞ്ഞ് 40 ശതമാനം സംഭരണേശഷി നഷ്ടപ്പെട്ടതിനാൽ മണൽ നീക്കി സംഭരണശേഷി വർധിപ്പിക്കണമെന്ന അതോറിറ്റിയുടെ ശിപാർശ നേരത്തേതന്നെ സർക്കാറിെൻറ പരിഗണനയിലുണ്ട്.
കുളമാവ് ഡാമിന് സമീപം മണ്ണിടിഞ്ഞതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമീഷന് മുന്നിലെത്തിയ പരാതിയിൽ മണ്ണിടിച്ചിൽ ഡാമിന് ഒരു തരത്തിലും ഭീഷണിയല്ലെന്ന് പരിശോധനയിൽ വ്യക്തമായതായി കമീഷനെ അറിയിക്കുമെന്ന് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.