അനുകരിക്കരുതേ ആ ശബ്ദം
text_fieldsമാജിക്കൽ വോയ്സിന്റെ ഉടമയാണ് ദാസേട്ടൻ. ദാസേട്ടന്റെ ശബ്ദംവെച്ച് നമുക്ക് വേറെ ആരെയും താരതമ്യംചെയ്യാൻ കഴിയില്ല. പണ്ടും ഇപ്പോഴുമൊക്കെ പലരും അദ്ദേഹത്തെ അനുകരിക്കാൻ ശ്രമിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇപ്പോൾ പാടിക്കൊണ്ടിരിക്കുന്ന കുട്ടികളുടെയടുത്ത് ഞാൻ പറയാറുണ്ട്, ആരും അദ്ദേഹത്തെ അനുകരിക്കാൻ നിൽക്കരുത് എന്ന്.
കുറച്ചൊക്കെ പാടിനോക്കാം, പക്ഷേ അതിന് കഴിയില്ല. അതാണ് ദാസേട്ടന്റെ ശബ്ദം. പണ്ട് സിനിമയിലേക്ക് എത്തുന്നതിനു മുമ്പ് ഞാൻ തരംഗിണി സ്റ്റുഡിയോയിൽ ഒരുപാട് ട്രാക്ക് പാടിയിരുന്നു. ദാസേട്ടനു വേണ്ടിയും കുറെ പാടിയിട്ടുണ്ട്. എന്റെ പ്രധാന ജോലിതന്നെ ട്രാക്ക് പാടലായിരുന്നു അന്ന്. അതുവഴിതന്നെയാണ് എക്സ്പീരിയൻസ് കിട്ടിയതും.
ഞാൻ സിനിമയിലെത്തി കുറെ പാട്ടുകളൊക്കെ പാടിക്കഴിഞ്ഞപ്പോഴാണ് ആളുകൾ എം.ജി. ശ്രീകുമാറും യേശുദാസും തമ്മിൽ പ്രശ്നങ്ങൾ നടക്കുന്നുണ്ട് എന്നൊക്കെ പറഞ്ഞ് രംഗത്തുവന്നത്. അവരോടൊക്കെ ഒന്നേ പറയാനുള്ളൂ. എന്തെങ്കിലും ഊഹാപോഹങ്ങളൊക്കെ ചേർത്ത് വാർത്തയുണ്ടാക്കിയാൽ അതിനേ നേരംകാണൂ. ഓരോ ആർട്ടിസ്റ്റിനും പല സമയത്തും പല രീതിയിലായിരിക്കും മൂഡ്.
ദാസേട്ടനും അങ്ങനെത്തന്നെയാണ്. ചില സമയത്ത് ഒരുപാട് സംസാരിക്കും. അത് മോഹൻലാലായാലും അങ്ങനെത്തന്നെ. ചിലപ്പോൾ കാണുമ്പോൾ കുറെ സംസാരിക്കും, ചിലപ്പോൾ കുറച്ച് ദേഷ്യത്തിലാവും. ഇതെല്ലാം സ്വാഭാവികമാണ്, സിനിമയാണ്. ദാസേട്ടനൊക്കെ ജീവിതംതന്നെ സംഗീതത്തിനായി മാറ്റിവെച്ചയാളാണ്. അത്ര ഡെഡിക്കേഷനാണ് അദ്ദേഹത്തിന് സംഗീതത്തോട്.
ഞാനും ദാസേട്ടനും നല്ല സൗഹൃദത്തിൽതന്നെയാണ് എപ്പോഴും. ഈയിടെ അമേരിക്കയിൽ പോയപ്പോൾ ദാസേട്ടനെ പോയി കണ്ടിരുന്നു. മൂന്നു നാല് മണിക്കൂർ ഒരുമിച്ചിരുന്ന് സംസാരിച്ചു. ഞാൻ വീണ്ടും കച്ചേരി തുടങ്ങാൻ പോകുന്ന കാര്യം പറഞ്ഞപ്പോൾ ദാസേട്ടന് വലിയ സന്തോഷമായിരുന്നു. കച്ചേരി പാടുന്നതിന്റെ കുറെ കാര്യങ്ങൾ അന്ന് പറഞ്ഞുതരുകയും ചെയ്തു. ഒരു പുതിയ സിനിമ ചെയ്യാനുള്ള പ്ലാനിലാണ് ഞാൻ. ആ സിനിമയിൽ ദാസേട്ടനെക്കൊണ്ട് പാടിക്കാനും ആഗ്രഹമുണ്ട്. ദാസേട്ടനെ കണ്ടപ്പോൾ അത് പറയുകയും ചെയ്തിരുന്നു.
എന്റെ ആദ്യത്തെ കച്ചേരി മള്ളിയൂർ ഗണപതി ക്ഷേത്രത്തിലായിരുന്നു. പിന്നെ ഗുരുവായൂരും. കച്ചേരിക്ക് പോകുന്നതിനുമുമ്പ് ദാസേട്ടനെ വിളിച്ചിരുന്നു. അദ്ദേഹം ഓൾ ദ ബെസ്റ്റ് പറഞ്ഞു. അത്രക്ക് നല്ല സൗഹൃദമാണ് ഞങ്ങൾ തമ്മിൽ.
ആരാധനാ പാത്രങ്ങൾ
സംഗീതലോകത്തെ യേശുദാസിന്റെ പ്രിയപ്പെട്ട ആരാധനാ പാത്രങ്ങൾ ഇന്നും മുഹമ്മദ് റഫിയും ലത മങ്കേഷ്കറുമാണ്. സംഗീത ജീവിതത്തിന്റെ തുടക്കിത്തിൽ ദാസേട്ടൻ മുഹമ്മദ് റഫിയുടെ ഗാനങ്ങളായിരുന്നു പതിവായി പാടിയിരുന്നത്. ലത മങ്കേഷ്കറുടെ സ്വരനിയന്ത്രണങ്ങളും ഭാവാവിഷ്കാരവുമായിരുന്നു അദ്ദേഹത്തെ സ്വാധീനിച്ചത്.
ആദ്യമായൊരു പാട്ട് കേട്ടപ്പോൾ
ആദ്യമായി ഗ്രാമഫോണിലൂടെ ഒരുപാട്ട് കേൾക്കുന്നത് അമ്മയുടെ ജ്യേഷ്ഠത്തിയുടെ മകൾ സ്റ്റെല്ലയുടെ വീട്ടിൽനിന്നാണെന്ന് യേശുദാസ് ഒരു അഭിമുഖത്തിൽ ഓർക്കുന്നുണ്ട്. അക്കാലത്ത് മുഹമ്മദ് റഫിയുടെയും പങ്കജ് മല്ലിക്കിന്റെയുമൊക്കെകൂടെ ഗാനമേളകളിൽ പാടുന്ന ആളായിരുന്നു കസിൻ സിസ്റ്ററായ കൊച്ചിൻ സ്റ്റെല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.