'അനാവശ്യ പരിശോധന നടത്തി നിരപരാധികളെ അപമാനിക്കരുത്'- പൊലീസിനോട് മനുഷ്യാവകാശ കമീഷൻ
text_fieldsകൊച്ചി: നിരപരാധികളെ അപമാനിക്കുന്ന തരത്തിലുള്ള പരിശോധനകൾ പൊലീസ് ആവർത്തിക്കരുതെന്ന് മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്.
കുറ്റാരോപിതന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നതിന് മുമ്പ് അത്തരമൊരു പരിശോധനയുടെ ആവശ്യമുണ്ടോ എന്നും അതിന്റെ സാഹചര്യം എന്താണെന്നും പരിശോധിക്കണമെന്നും കമീഷൻ എറണാകുളം റൂറൽ ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകി.
ഒരു ക്രിമിനൽ പശ്ചാത്തലവും ഇല്ലാത്ത ഒരാളുടെ വീട്ടിൽ ആരോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വൻ പൊലീസ് അകമ്പടിയോടെ പരിശോധന നടത്തുന്നത് നിരപരാധിക്ക് അപമാനമുണ്ടാക്കുമെന്നും കമീഷൻ ചൂണ്ടിക്കാണിച്ചു. ആലുവ പാറപുറം സ്വദേശി എം.എസ്. ബിജു സമർപ്പിച്ച പരാതിയിലാണ് നടപടി. ഒരാളെ കുറിച്ച് ഒരു വിവരം ലഭിക്കുമ്പോൾ അയാളുടെ വീട്ടിൽ പരിശോധന നടത്തുന്നതിന് മുമ്പ് പ്രാഥമികാന്വേഷണം പൊലീസ് നടത്തണമെന്നും ഉത്തരവിൽ പറയുന്നു.
പരാതിക്കാരനോട് വിരോധമുള്ള ആരോ നൽകിയ കള്ള പരാതിയിലാണ് ആലുവ റൂറൽ പൊലീസ് സൂപ്രണ്ടിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ക്വാഡിലെ ഉദ്യോഗസ്ഥർ കാലടി എസ്.ഐക്കൊപ്പമെത്തി യാതൊരു അധികാര രേഖയുമില്ലാതെ പരാതിക്കാരന്റെ വീട്ടിൽ പരിശോധന നടത്തിയത്.
എറണാകുളം റൂറൽ ജില്ല പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിൽ പരാതിക്കാരന് അനധികൃത മദ്യവിൽപനയുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് പറയുന്നു. പ്രളയകാലത്ത് പരാതിക്കാരന്റെ കടയിൽ വെള്ളം കയറിയിരുന്നു. ഇതിൽ കുതിർന്ന് പോയ അരി പരാതിക്കാരന്റെ പറമ്പിൽ കുഴിച്ചിട്ടതിന്റെ വൈരാഗ്യത്തിലാവാം ആരോ തെറ്റായ വിവരം നൽകിയതെന്നും റിപ്പോർട്ടിലുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ നിയമാനുസരണം പരിശോധന നടത്തിയതാണെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ, പരിശോധനയിൽ ഒന്നും കിട്ടിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.