വാഗ്ദാനം പ്രചാരണ പത്രികയിൽ ഒതുക്കരുത്
text_fieldsദീപ്തി ദേവ (സ്വതന്ത്ര മാധ്യമപ്രവർത്തക)
നിരവധി പ്രതീക്ഷകളുമായാണ് എല്ലാവരേയും പോലെ ഞാനും പുതിയ സർക്കാറിനെ കാത്തിരിക്കുന്നത്. പാർട്ടിയോ മുന്നണിയോ അല്ല പ്രശ്നം. പ്രതിസന്ധികളിൽ പതറാത്ത, നാടിന് നട്ടെല്ലാവുന്ന, വാഗ്ദാനങ്ങൾ പ്രചാരണ പത്രികയിൽ മാത്രം ഒതുക്കാത്ത സർക്കാറാണ് വേണ്ടത്. ഓരോ തെരഞ്ഞെടുപ്പും സ്ഥാനാർഥികളുടെ മാത്രമല്ല, പൗരെൻറയും പരീക്ഷണകാലമാണ്.
പരീക്ഷയിൽ ഉത്തരമറിയാതെ കറക്കിക്കുത്തുന്ന വിദ്യാർഥിയുടെ മനോഭാവമാണ് വോട്ടുയന്ത്രത്തിന് മുന്നിൽ നിൽക്കുന്ന ഓരോ വ്യക്തിയുടേതും. കൃത്യമായി പറഞ്ഞാൽ ഒരു ഭാഗ്യപരീക്ഷണം. മഴയും വെയിലും വകവെക്കാതെ നീണ്ട വരിയിൽ മണിക്കൂറോളംനിന്ന് സമ്മതിദാനാവകാശം രേഖപ്പെടുത്തുന്ന വോട്ടർമാർ തങ്ങളുടെ അവകാശത്തെ ബഹുമാനിക്കുമ്പോൾ അവർ ആവശ്യപ്പെടുന്നത് തങ്ങളുടെ ജനപ്രതിനിധികൾ അവരുടെ കർത്തവ്യങ്ങൾ മറക്കരുത് എന്ന് മാത്രമാണ്. ഇനി വരുന്ന സർക്കാർ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരിലൊരാളായി പ്രശ്നപരിഹാരം നടത്തണം.
പ്രചാരണത്തിൽ സജീവമായി നിലകൊള്ളുന്ന സ്ഥാനാർഥികളെ പലരും പിന്നീട് കാണുന്നത് അഞ്ചു വർഷത്തിനുശേഷം അടുത്ത തെരഞ്ഞെടുപ്പിലാണ്. ഈ നയം അപ്പാടെ മാറ്റി എഴുതപ്പെടുന്ന കാലം വരും. വരുന്ന സർക്കാറിൽനിന്നുള്ളത് അത്തരത്തിൽ ഒരു ശുഭ പ്രതീക്ഷയാണ്. ഉത്തരവാദിത്തങ്ങൾ കൃത്യമായി നിറവേറ്റുന്ന സർക്കാർതന്നെ മേയ് ആദ്യം തെരഞ്ഞെടുക്കപ്പെടും എന്നുതന്നെ പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.