'പുരസ്കാരങ്ങൾക്കായി കാണുകയോ വിളിക്കുകയോ വേണ്ട'; നിലപാട് വിശദീകരിച്ച് സച്ചിദാനന്ദൻ
text_fieldsതൃശൂർ: സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് തന്നെ കാണേണ്ടവർ മുൻകൂട്ടി അറിയിച്ച് അനുമതിയെടുത്ത ശേഷം എത്തണമെന്നും പുരസ്കാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി കാണുകയോ വിളിക്കുകയോ ചെയ്തതു കൊണ്ട് ഫലമില്ലെന്നും കവിയും സാഹിത്യ അക്കാദമി പ്രസിഡന്‍റുമായ കെ. സച്ചിദാനന്ദൻ. സമൂഹമാധ്യമത്തിലാണ് 'ഒരു അഭ്യർഥന' തലക്കെട്ടിൽ കുറിപ്പ് പങ്കുവെച്ചത്.
അക്കാദമിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് തന്നെ കാണേണ്ടവര്‍ അക്കാദമി ഓഫിസില്‍ താൻ ഉള്ളപ്പോള്‍ വരണം. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ചില മണിക്കൂറുകൾ ഉണ്ടാവും. ഓഫിസില്‍ വിളിച്ചുചോദിച്ചാല്‍ ഞാന്‍ ഉണ്ടോ എന്നറിയാം. വരുന്നവർ മുൻകൂട്ടി അനുമതി തേടണമെന്നും സച്ചിദാനന്ദൻ പറയുന്നു. ഭരണപരമായ പ്രധാന കാര്യങ്ങള്‍ക്ക് അക്കാദമി സെക്രട്ടറി പ്രഫ. സി.പി. അബൂബക്കറിനെ കാണുക. ആവശ്യമായ കാര്യങ്ങള്‍ വൈസ് പ്രസിഡന്‍റ് അശോകൻ ചരുവിൽ ഉൾപ്പെടെ ഞങ്ങള്‍ മൂന്നുപേരും ചര്‍ച്ച ചെയ്ത് വേണ്ടവ ഭരണസമിതികളില്‍ വെക്കാം. സാധാരണ കാര്യങ്ങള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സമീപിച്ചാല്‍ മതി. അവര്‍ ആവശ്യമുള്ള കാര്യങ്ങള്‍ക്ക് സെക്രട്ടറിയുടെ അനുമതി തേടിക്കൊള്ളും.
പുരസ്കാരങ്ങളുടെ തീരുമാനങ്ങള്‍ അക്കാദമി തീരുമാനിക്കുന്ന സമിതികള്‍ ആണ് എടുക്കുക. അവയൊന്നും തന്നോടോ മറ്റു ഭാരവാഹികളോടോ സംസാരിക്കേണ്ടതില്ല. അതുകൊണ്ട് ഫലം ഉണ്ടാവില്ല. അക്കാദമി ഹാളുകളില്‍ പല പരിപാടികളും ഉണ്ടാകും. അവയിലെല്ലാം തനിക്ക് പങ്കെടുക്കാന്‍ കഴിയില്ല. അക്കാദമി നേരിട്ടോ സഹകരിച്ചോ നടത്തുന്ന പ്രധാന പരിപാടികള്‍ക്ക് മുൻഗണന നല്‍കേണ്ടതുണ്ട്. താന്‍ ഏറ്റ ഒരു പരിപാടിയുടെ ദിവസം അക്കാദമിക്ക് ഒരു പരിപാടി നടത്തേണ്ടി വന്നാല്‍ ഞാന്‍ അക്കാദമിയുടെ പരിപാടിയിലാവും പങ്കെടുക്കുക.
ഒരുദിവസം ഒന്നില്‍ കൂടുതല്‍ പരിപാടികള്‍ ആരോഗ്യപരവും സമയപരവുമായ കാരണങ്ങളാല്‍ സാധ്യമല്ല. അനേകം ശാഖകളുള്ള സംഘടനകളുടെ പരിപാടികള്‍ക്ക് സംസ്ഥാന -ദേശീയ തലങ്ങളില്‍ ഉള്ളവയില്‍ മാത്രമേ പങ്കെടുക്കാന്‍ കഴിയുകയുള്ളൂ. ദീര്‍ഘയാത്ര കഴിയുന്നത്ര ഒഴിവാക്കേണ്ടി വന്നിരിക്കുന്നു. അത്തരം പ്രധാന പരിപാടികള്‍ സമയമുണ്ടെങ്കില്‍ ഓണ്‍ലൈന്‍ ആയോ, വിഡിയോ വഴിയോ ചെയ്യാന്‍ കഴിഞ്ഞേക്കാം. ഇത്രയും ദിവസത്തെ അനുഭവത്തില്‍നിന്നാണ് ഈ കാര്യങ്ങള്‍ പറയേണ്ടിവരുന്നതെന്നും കുറിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.