ശ്രീ പത്മനാഭസ്വാമി ക്ഷേത്രം: ബി നിലവറ തുറക്കരുതെന്ന ഉറച്ച നിലപാടുമായി രാജകുടുംബം
text_fieldsതിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കരുതെന്ന ഉറച്ച നിലപാടുമായി രാജകുടുംബം. ബി നിലവറ തുറന്ന് മൂല്യനിർണയം നടത്താമെന്ന സുപ്രീംകോടതിയുടെ വിധി വന്ന് ദിവസങ്ങൾക്കുള്ളിലാണ് ശക്തമായ എതിർപ്പുമായി രാജകുടുംബം രംഗത്തെത്തിയത്. തുറക്കാത്തതിന് അതിേൻറതായ കാരണങ്ങൾ ഉണ്ടെന്നും അത് സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുമെന്നും ഗൗരി ലക്ഷ്മിബായിയും ആദിത്യവർമയും വ്യക്തമാക്കി. മുമ്പ് തുറന്നിട്ടുണ്ടെന്ന വാദവും ഇവർ നിഷേധിച്ചു. നിലവറക്ക് രണ്ട് ഭാഗങ്ങളുണ്ട്. അതിൽ ഒന്നു മാത്രമാണ് തുറന്നത്. വാസ്തുവിദ്യ പ്രകാരവും ഈ നിലവറ തുറക്കുന്നതിന് തടസ്സങ്ങളുണ്ടെന്നാണ് വ്യക്തമാക്കുന്നത്. രാജകുടുംബവുമായി ആലോചിക്കുന്നതിന് അമിക്കസ്ക്യൂറിയെ സുപ്രീംകോടതി ചുമതലപ്പെടുത്തിയിരുന്നു.
അതിനുള്ള തയാറെടുപ്പുകൾ തുടങ്ങാനിരിക്കെയാണ് എതിർപ്പ്. അതേസമയം, ബി നിലവറ തുറക്കണമെന്ന നിർദേശമാണ് ചില മുതിർന്ന ചരിത്രകാരന്മാർക്കുള്ളത്. ഇതിൽ വിലമതിക്കാനാകാത്ത നിധിശേഖരമുണ്ടാകാമെന്നും മുമ്പ് തുറന്നതിന് തെളിവുണ്ടെന്നും അവർ പറയുന്നു. തുറക്കുന്നതിന് വ്യക്തമായ ക്രമീകരണങ്ങൾ നിലനിൽക്കുന്നതായും ഇവർക്ക് അഭിപ്രായമുണ്ട്. ക്ഷേത്രത്തിലെ ഭരതകോണിലാണ് ഇൗ നിലവറ. അഗസ്ത്യമുനിയുടെ സമാധി സങ്കൽപവും ഇതിനുണ്ട്. 2011 ജൂണിലാണ് ക്ഷേത്രത്തിലെ നിലവറകളിലെ കണക്കെടുപ്പ് ആരംഭിച്ചത്.
രണ്ടുവർഷം കൊണ്ട് എ നിലവറ ഉൾപ്പെടെ കണക്ക് പൂർത്തീകരിച്ചെങ്കിലും ബി നിലവറ മാത്രം തുറക്കാനായില്ല. എ നിലവറയിൽ മാത്രം ഒന്നേകാൽ ലക്ഷം കോടിയുടെ നിധിശേഖരമുണ്ടെന്നാണ് പ്രാഥമിക കണക്ക്. ആദ്യ മൂല്യ നിർണയത്തിൽ ഇതും തുറക്കാൻ ശ്രമം നടന്നെങ്കിലും ഉരുക്കുവാതിൽ തുറക്കാനായില്ല. ആദ്യ വാതിൽ തുറന്നപ്പോൾ വെള്ളിക്കട്ടികൾ നിരത്തിയ നിലയിലാണ് കണ്ടത്. കൂറ്റൻ കരിങ്കൽ പാളിയാൽ നിയന്ത്രിച്ചിട്ടുള്ള ഈ അറയിൽ സ്വർണം, വെള്ളിക്കട്ടികൾ, നാണയങ്ങൾ ഉൾപ്പെടെ അപ്രതീക്ഷിത ശേഖരം കണ്ടേക്കാം എന്നാണ് പ്രതീക്ഷ. രണ്ടുതവണ ഈ നിലവറ തുറന്നതിന് തെളിവുള്ളതായി മുൻ സി.എ.ജിയുടെ റിപ്പോർട്ടിലുണ്ട്. നിലവറ തുറക്കണമെങ്കിൽ സ്ഫോടനം നടത്തണമെന്ന പ്രചാരണങ്ങൾ അറിവില്ലായ്മ കൊണ്ടാണെന്നും അവർ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.