തീർഥാടകരെ നിർത്തിക്കൊണ്ട് പോകരുത്, ഫിറ്റ്‌നസ് ഇല്ലാത്ത ബസുകൾ സര്‍വീസ് നടത്തരുത്; ലംഘിച്ചാൽ കർശന നടപടിയെന്ന് ഹൈകോടതി
text_fieldsകൊച്ചി: ശബരിമല തീർഥാടകർക്കായി അയക്കുന്ന കെ.എസ്.ആർ.ടി.സി ബസുകളിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്ത ഒരു ബസ് പോലും ഉണ്ടാകരുതെന്നും തീർഥാടകരെ നിർത്തിക്കൊണ്ട് പോകരുതെന്നും ഹൈകോടതി. ഇത് ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ശബരിമല നട നാളെ തുറക്കാനിരിക്കെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈകോടതിയെ അറിയിച്ചു.
ശബരിമല തീർഥാടകർക്കായി ആയിരത്തോളം ബസുകളാണ് കെ.എസ്.ആർ.ടി.സി അയക്കുന്നത്. തീർഥാടകർക്കായുള്ള ബസുകളുടെ കാര്യത്തിൽ ഹൈകോടതി നേരത്തെ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. തീർഥാടകരെ നിർത്തിക്കൊണ്ട് പോകരുത്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസുകൾ പാടില്ല എന്നീ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഗതാഗത കമ്മിഷണർ ഇത് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. എന്തൊക്കെ ഒരുക്കങ്ങളാണ് പൂർത്തിയായതെന്ന് റിപ്പോർട്ട് സമർപ്പിക്കാനും കോടതി ഉത്തരവിട്ടു.
ശബരിമല തീര്‍ത്ഥാടനകാലം നാളെ തുടങ്ങാനിരിക്കെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈകോടതിയെ അറിയിച്ചു. 70,000 പേർക്ക് വെർച്വൽ ക്യൂ വഴിയും 10,000 പേർക്ക് തത്സമയ ബുക്കിങ്ങുമടക്കം 80,000 പേർക്ക് പ്രതിദിന ദർശന സൗകര്യമൊരുക്കും. പതിനെട്ടാംപടിയില്‍ പരിചയ സമ്പന്നരായ പൊലീസുകാരെ നിയോഗിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.