സ്വകാര്യ ഭൂമിയിൽ 'കെ- റെയിൽ' സർവേക്കല്ല് സ്ഥാപിക്കരുത്
text_fieldsകൊച്ചി: സർവേ നിയമവ്യവസ്ഥ പാലിക്കാതെ സ്വകാര്യ ഭൂമിയിൽ 'കെ. റെയിൽ' എന്ന് രേഖപ്പെടുത്തിയ കോൺക്രീറ്റ് സർവേക്കല്ലുകൾ സ്ഥാപിക്കരുതെന്ന് ഹൈകോടതി. സർക്കാർ വിജ്ഞാപനത്തിെൻറ അടിസ്ഥാനത്തിൽ സർവേ തുടരുന്നതിൽ തടസ്സമില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം വിജ്ഞാപനം പുറപ്പെടുവിക്കുകയോ സ്ഥലമെടുപ്പിന് അനുമതി ലഭിക്കുകയോ ചെയ്തിട്ടില്ലെന്നിരിക്കെ സ്വകാര്യഭൂമി കൈയേറി കോൺക്രീറ്റ് കല്ലുകൾ സ്ഥാപിക്കുന്നതായി ചൂണ്ടിക്കാട്ടി കോട്ടയം സ്വദേശികളായ മുരളി കൃഷ്ണൻ, കുര്യൻ ടി. കുര്യൻ, പി.എ. ജോണിക്കുട്ടി എന്നിവർ നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. ഹരജി വീണ്ടും ജനുവരി 12ന് പരിഗണിക്കും.
സിൽവർ ലൈൻ പദ്ധതി സ്ഥലമെടുപ്പിന് അംഗീകാരമാകും മുേമ്പ 1964ലെ കേരള സർവേ ആൻഡ് ബൗണ്ടറീസ് ആക്ട് പ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ചാണ് കല്ലുകൾ സ്ഥാപിച്ചതെന്ന് ഹരജിയിൽ പറയുന്നു. ഭൂമി ഏറ്റെടുക്കലിന് അനുമതിയായെന്ന് തെറ്റിദ്ധരിപ്പിക്കും വിധമാണ് ഇത്. പൊലീസിനെ നിയോഗിച്ചും ഉടമസ്ഥരെ ഭീഷണിെപ്പടുത്തിയും അന്തർ സംസ്ഥാന-സ്വകാര്യ തൊഴിലാളികളെ ഉപയോഗിച്ച് ഭൂമിയും വീടും കൈയേറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്.
സ്ഥല ഉടമസ്ഥാവകാശം സർക്കാറും കെ-റെയിൽ അധികൃതരും ഏറ്റെടുക്കുന്നു. സർവേ ആൻഡ് ബൗണ്ടറി ആക്ടിലെ വ്യവസ്ഥകൾ പ്രകാരം സർവേ നടത്താമെങ്കിലും നിശ്ചിത വലുപ്പത്തിലുള്ള ഗ്രാൈനറ്റ് പോലുള്ള സർവേക്കല്ലുകളാണ് വേണ്ടത്. കോൺക്രീറ്റ് കല്ലുകൾ പാടില്ല.
രേഖപ്പെടുത്തലും പാടില്ല. ഈ വ്യവസ്ഥ ലംഘിച്ചാണ് പ്രവൃത്തി. ഈ സാഹചര്യത്തിൽ, കോൺക്രീറ്റ് കല്ലുകൾ സ്ഥാപിക്കുന്നതും നിയമപിന്തുണയില്ലാതെ സ്ഥലം ഏറ്റെടുക്കുന്നതും തടയണമെന്നും സ്ഥാപിച്ച കല്ലുകൾ നീക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. സർവേ ആൻഡ് ബൗണ്ടറി ആക്ടിലെ വ്യവസ്ഥകൾ പാലിക്കാതെസർവേക്കല്ലിടുന്ന പ്രക്രിയ തടയാൻ ഉത്തരവിടണമെന്ന ഇടക്കാല ആവശ്യമാണ് കോടതി അനുവദിച്ചത്.
എതിർപ്പിന് മുന്നിൽ കീഴടങ്ങില്ല –കോടിയേരി
തിരുവനന്തപുരം: സിൽവർ ലൈൻ അർധ അതിവേഗ റെയിൽ പദ്ധതിയോടുള്ള രാഷ്ട്രീയ എതിർപ്പിന് മുന്നിൽ സർക്കാർ കീഴടങ്ങില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്ഥലം വിട്ടുകൊടുക്കുന്നവരെ കണ്ണീര് കുടിപ്പിക്കില്ല. അത്തരം ആളുകളുടെ പ്രയാസത്തിനൊപ്പം സർക്കാറുണ്ടാകും.
പദ്ധതിയുമായി ബന്ധപ്പെട്ട് പ്രായോഗിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാൽ ചർച്ച ചെയ്യാം. ഏത് രാഷ്ട്രീയ കക്ഷിക്കും സർക്കാറുമായി ചർച്ചയാകാം. എന്നാൽ, പദ്ധതി നടപ്പാക്കാൻ സമ്മതിക്കില്ലെന്ന നിലപാട് അനുവദിക്കില്ല. സർവകക്ഷിയോഗം വിളിച്ചതുകൊണ്ടൊന്നും എതിർക്കുന്നവർ നിലപാട് മാറ്റില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ശാസ്ത്രസാഹിത്യ പരിഷത്ത് പദ്ധതിയെ മൊത്തത്തിലല്ല എതിർക്കുന്നത്. അവരുടെകൂടി അഭിപ്രായം പരിഗണിച്ചാണ് സർക്കാർ നിലപാടെടുത്തത്. പദ്ധതി നടപ്പാകുമ്പോൾ നെൽവയലുകളൊന്നും ഇല്ലാതാകില്ല. ശബരിമല വിമാനത്താവളവും വേണ്ടെന്ന നിലപാടിലേക്ക് ചിലരെത്തിയത് വികസനത്തെ തടസ്സപ്പെടുത്തലാണ്. ബി.ജെ.പിയുടെയും യു.ഡി.എഫിെൻറയും ഈ നീക്കങ്ങളെ തുറന്നുകാട്ടി സർക്കാർ മുന്നോട്ടുപോകും. ശശി തരൂർ എം.പി പറഞ്ഞത് കേരളീയരുടെ പൊതു അഭിപ്രായമാണ്.
ഗവ. ചീഫ് വിപ്പിന് അർഹമായ സ്റ്റാഫിനെ മാത്രമേ അനുവദിച്ചിട്ടുള്ളൂ. 30 സ്റ്റാഫുണ്ടായിരുന്നത് എൽ.ഡി.എഫ് വന്നപ്പോൾ 25 ആയി കുറക്കുകയാണുണ്ടായത്. പത്തിരുപതുപേരെ പേഴ്സണൽ സ്റ്റാഫിൽ െവച്ചതുകൊണ്ട് സാമ്പത്തിക പ്രതിസന്ധിയുണ്ടാകില്ല. പ്രതിസന്ധി പരിഹരിക്കാനുള്ള സംവിധാനം സംസ്ഥാനത്തുണ്ട്. വി.സി നിയമനവിഷയത്തിൽ ഗവർണർ രാഷ്ട്രീയമായി ആരോപണമുന്നയിച്ചെന്ന് കരുതുന്നില്ല. അദ്ദേഹം ചില ആശങ്കകൾ പരസ്യമായി പ്രകടിപ്പിച്ചു. അതിന് മുഖ്യമന്ത്രി പരസ്യമായി മറുപടിയും നൽകി.
സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞ അഭിപ്രായത്തിലടക്കം ഹൈകോടതിയുടെ പരിശോധന നടക്കട്ടെ. നടപടിയുണ്ടാകുമ്പോൾ ചിലർ മറ്റ് പാർട്ടികളിലേക്ക് പോകുന്നത് വ്യക്തിപരമാണ്. പാർട്ടി കോൺഗ്രസ് സ്വാഗതസംഘം രൂപവത്കരണയോഗം ജനുവരി 17ന് കണ്ണൂർ സാധു ഓഡിറ്റോറിയത്തിൽ ചേരും. വിവിധ തലങ്ങളിലുള്ളവരെ യോഗത്തിൽ പങ്കെടുപ്പിക്കാൻ ജില്ല കമ്മിറ്റി ശ്രമിക്കുമെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.