പരശുറാം എക്സ്പ്രസ് റദ്ദാക്കി റെയില്‍വേ യാത്രക്കാരെ വലയ്ക്കരുത് - ഡോ.വി.ശിവദാസന്‍ എം പി
text_fieldsകണ്ണൂര്‍: മംഗലാപുരം നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് പാളം പണിയുടെ പേരില്‍ മെയ് 20 മുതല്‍ 28 വരെ സര്‍വീസ് പൂര്‍ണ്ണമായും നിര്‍ത്തി വെക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് ഡോ.വി.ശിവദാസന്‍ എം പി. ജനങ്ങള്‍ പകല്‍യാത്രയ്ക്കായ് തിരഞ്ഞെടുക്കുന്ന പ്രധാനപ്പെട്ട ട്രെയിനാണ് പരശുറാം എക്‌സ്പ്രസ്. സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി വിവിധ വിഭാഗം ജനങ്ങള്‍ക്ക് ഏറെ സൗകര്യപ്രദമായ സമയത്താണ് പരശുറാം എക്‌സ്പ്രസിന്റെ സമയം എന്നത് കൊണ്ട് തന്നെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ട്രെയിനാണ് ഇത്. ഏറ്റുമാനൂര്‍, ചിങ്ങവനം സ്റ്റേഷനുകള്‍ക്കിടയില്‍ നടക്കുന്ന പാളം പണിയുടെ പേരിലാണ് ട്രെയിന്‍ യാത്രക്കാരെ വളരെയധികം ബുദ്ധിമുട്ടിലാക്കിക്കൊണ്ട് പരശുറാം എക്‌സ്പ്രസിന്റെ ഓട്ടം പൂര്‍ണ്ണമായും നിര്‍ത്തി വെക്കുന്നത്. ഇത് ട്രെയിന്‍ യാത്രക്കാരോട് ചെയ്യുന്ന അനീതിയാണ്.
കോവിഡ് ലോക്ക്ഡൗണിന് ശേഷം ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ പൂര്‍ണ്ണമായും പുനസ്ഥാപിക്കപ്പെട്ടിട്ടില്ല എന്നത് കൊണ്ട് തന്നെ രാവിലെ ജോലി സ്ഥലത്തും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്‍പ്പെടെ എത്തിച്ചേരേണ്ട നൂറ് കണക്കിന് യാത്രക്കാര്‍ക്ക് ആശ്രയിക്കാവുന്ന ഏക ട്രെയിനാണ് പരശുറാം. പൂര്‍ണ്ണമായും സര്‍വീസ് നിര്‍ത്തുന്നതിന് പകരം മംഗലാപുരം - എറണാകുളം സ്റ്റേഷനുകള്‍ക്കിടയിലെങ്കിലും സര്‍വ്വീസ് നടത്തിയാല്‍ യാത്രക്കാര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഒരു പരിധി വരെ പരിഹാരമാകും.
പരശുറാമിന് പുറമെ കണ്ണൂരില്‍ നിന്നും പുറപ്പെടുന്ന തിരുവനന്തപുരം ജനശതാബ്ദിയും 21 മുതല്‍ 28 വരെയുള്ള തീയ്യതികളില്‍ സര്‍വീസ് നടത്തില്ല. അതോടൊപ്പം കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ പണി നടക്കുന്നതിനാല്‍ ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസും 17, 19, 20 തീയ്യതികളില്‍ സര്‍വീസ് നടത്തില്ല. ഇതോടെ രാവിലെയുള്ള ട്രെയിന്‍ യാത്രയെ ആശ്രയിക്കുന്ന വടക്കേ മലബാറിലെ ജനങ്ങള്‍ പൂര്‍ണ്ണമായും ദുരിതത്തിലാവും.
ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും ട്രെയിന്‍ യാത്രക്കാര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് പൂര്‍ണ്ണമായും നിര്‍ത്തി വെക്കാതെ പരശുറാം എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ ഭാഗികമായ സര്‍വീസ് നടത്തുന്നതുല്‍പ്പെടെയുള്ള കാര്യങ്ങളില്‍ അനുകൂല സമീപനം ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു കൊണ്ട് സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് ഡോ.വി.ശിവദാസന്‍ എം പി കത്ത് നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.