ഗുരുവായൂരിലെ ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കരുത്; മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ.എൻ.എ ഖാദർ
text_fieldsതൃശൂർ: ഗുരുവായൂരിലെ ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ മുഖ്യമന്ത്രി ശ്രമിക്കരുതെന്ന് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ ഖാദർ. ഇവിടെ മനുഷ്യർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലെന്നും ആരെയും പ്രത്യേകമായി പ്രീണിപ്പിക്കുകയും പ്രീതിപ്പെടുത്തുകയും ചെയ്യേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗുരുവായൂരിൽ ഇടതുപക്ഷം തോൽക്കുമെന്ന ഇന്‍റലിജൻസ് റിപ്പോർട്ടാണ് മുഖ്യമന്ത്രി പിണറായി വിജയനെക്കൊണ്ട് ഓരോ കാര്യങ്ങൾ പറയിക്കുന്നത്. എൽ.ഡി.എഫിന് ഗുരുവായൂർ മണ്ഡലത്തിൽ പരാജയം മണത്തു തുടങ്ങിയതിന്‍റെ ലക്ഷണമാണ് കാണുന്നത്. തുടർ ഭരണം അസാധ്യമാണെന്ന് മുഖ്യമന്ത്രിക്ക് ഓരോ ദിവസവും ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗുരുവായൂരിൽ ബി.ജെ.പി വോട്ടുകൾ ആകർഷിക്കാനുള്ള കാര്യങ്ങളാണ് യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ ഖാദർ നടത്തുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഒരു നിയോജക മണ്ഡലത്തിലും ബി.ജെ.പിയുടേയും എസ്.ഡി.പി.ഐയുടേയും വോട്ട് എൽ.ഡി.എഫിന് ആവശ്യമില്ലെന്ന പ്രഖ്യാപനം മുഖ്യമന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കുന്നു. താൻ എല്ലാ മനുഷ്യരോടും വോട്ട് ചോദിക്കും. അത് പാർട്ടി അടിസ്ഥാനത്തിൽ ചെയ്യുന്ന കാര്യമല്ല. ഇത് താൻ മാത്രം ചെയ്യുന്ന കാര്യമല്ല. എല്ലാ സ്ഥാനാർഥികളും എല്ലാ വോട്ടർമാരോടും വോട്ട് ചോദിക്കാറുണ്ട്. അതുപോലെ താനും ചോദിക്കുമെന്നും കെ.എൻ.എ ഖാദർ പറഞ്ഞു.
ആരെയും പ്രത്യേകമായി പ്രീണിപ്പിക്കുകയോ പ്രീതിപ്പെടുത്തുകയോ ചെയ്യേണ്ട ആവശ്യമില്ല. പള്ളിയും അമ്പലവും ചർച്ചുമെല്ലാം തലയുയർത്തി നിൽക്കുന്ന ഇവിടെ ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കുമിടയിൽ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. അതുണ്ടാക്കാൻ മുഖ്യമന്ത്രി ശ്രമിക്കരുത്. താൻ നിയമസഭയിൽ സംസാരിച്ചതേ ഇപ്പോഴും പറഞ്ഞിട്ടുള്ളൂ. മുസ്ലിം ലീഗിന്‍റെ നിലപാട് തന്നെയാണ് തന്‍റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.