മകള്‍ക്കും മറ്റൊരാള്‍ക്കും വിദേശത്ത് ജോയിന്റ് അക്കൗണ്ട് ഉണ്ടോ?; മുഖ്യമന്ത്രി മറുപടി പറയണമെന്ന് വി.ഡി. സതീശൻ
text_fieldsകൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്കും അവരുടെ കമ്പനിയായ എക്‌സാലോജിക്കിനുമെതിരെ ഞെട്ടിക്കുന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ മകള്‍ക്കും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട മറ്റൊരാള്‍ക്കും വിദേശത്തുള്ള ജോയിന്റ് അക്കൗണ്ടിലേക്ക് പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ്, എസ്.എന്‍.സി ലാവലിന്‍ ഉള്‍പ്പെടെയുള്ള കമ്പനികളില്‍ നിന്നും പണം വന്നെന്നതാണ് ആരോപണം. ഇങ്ങനെയൊരു അക്കൗണ്ട് ഉണ്ടോയെന്നും കമ്പനികളില്‍ നിന്നും പണം വന്നിട്ടുണ്ടോയെന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍ മകളുടെയും അദ്ദേഹവുമായി ബന്ധപ്പെട്ട ആളുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ടെങ്കില്‍ അത് ഗുരുതരമായ കാര്യമാണ്. ഇത് ശരിയാണോയെന്ന് പറയാനുള്ള അവകാശം മുഖ്യമന്ത്രിക്കുണ്ട്. ആരോപണം തെറ്റാണെങ്കില്‍ ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണം. ആരോപണം വന്നാല്‍ മൗനത്തിന്റെ മാളത്തില്‍ ഒളിക്കുകയെന്നതാണ് മുഖ്യമന്ത്രിയുടെ പതിവ് രീതി. ഇക്കാര്യത്തിലും അങ്ങനെ ചെയ്താല്‍ ആരോപണം ശരിയാണെന്ന് വരും. ഈ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറയണം. മുഖ്യമന്ത്രി നിഷേധിച്ചാല്‍ ഇതേക്കുറിച്ചുള്ള ബാക്കി വിവരങ്ങള്‍ പറയാം.
എസ്.എഫ്.ഐ.ഒയുടെയും ഇ.ഡിയുടെയും അന്വേഷണം ഒരു കേസിലും എങ്ങുമെത്തിയില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കരുവന്നൂരില്‍ സി.പി.എമ്മുകാരെ ഇപ്പോള്‍ പിടിക്കുമെന്ന തോന്നലുണ്ടാക്കി. എന്നിട്ട് ഏതെങ്കിലും സി.പി.എം നേതാവിനെ അറസ്റ്റു് ചെയ്‌തോ? ബി.ജെ.പി ഇ.ഡിയെ ഉപയോഗിച്ച് തൃശൂരിലെ സി.പി.എം നേതാക്കളെ വിരട്ടി നിര്‍ത്തുകയായിരുന്നു.
വേറെ ചില സ്ഥലങ്ങളില്‍ എസ്.എഫ്.ഐ.ഒ ഇപ്പോള്‍ വരുമെന്ന് പറഞ്ഞിട്ടും ഇതുവരെ ഒരാളെ പോലും ചോദ്യം ചെയ്തില്ല. കെജ്രിവാളിനെ ഉള്‍പ്പെടെ ജയിലിലാക്കിയിട്ടും കേരളത്തില്‍ ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ സ്‌നേഹത്തിലാണ്. അതാണ് രാഹുല്‍ ഗാന്ധിയും പറഞ്ഞത്. അവിശുദ്ധമായൊരു ബാന്ധവം സംഘ്പരിവാറും കേരളത്തിലെ സി.പി.എമ്മും തമ്മിലുണ്ട്.
ഇതിന് മുന്‍പുള്ള കേസുകളിലും എല്ലാ ദിവസവും മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിവരം നല്‍കിയിരുന്ന കേന്ദ്ര ഏജന്‍സികള്‍ പെട്ടന്ന് ഒരു ദിവസം കട്ടയും ഫയലും മടക്കി പോയി. അതുതന്നെയാണ് ഈ കേസുകളിലും നടക്കുന്നത്. കൃത്യമായ അന്വേഷണം നടത്തിയില്ലെങ്കില്‍ പ്രതിപക്ഷം നിയമനടപടികള്‍ തേടുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.