Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതുപ്പള്ളിയില്‍ വന്ന്...

പുതുപ്പള്ളിയില്‍ വന്ന് കെ റെയില്‍ വരുമെന്ന് പറയാന്‍ ധൈര്യമുണ്ടോ?; മുഖ്യമന്ത്രിയോട് വി.ഡി സതീശൻ

text_fields
bookmark_border
VD satheesan
cancel

കോട്ടയം: പുതുപ്പള്ളിയില്‍ വികസനം ചര്‍ച്ച ചെയ്യണമെന്നതാണ് എല്‍.ഡി.എഫിന്‍റെ വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ട്രഷറിയില്‍ 5 ലക്ഷത്തില്‍ കൂടുതലുള്ള ഒരു ചെക്കും പാസാകാത്ത അവസ്ഥയാണ്. ഒരു ഓട പണിയാനുള്ള പണം പോലും നല്‍കാന്‍ ശേഷിയില്ലാത്ത സര്‍ക്കാര്‍ വികസനം ചര്‍ച്ച ചെയ്യാന്‍ വെല്ലുവിളിക്കുന്നത് ഏറ്റവും വലിയ തമാശയാണ്. മാസപ്പടി ഉള്‍പ്പെടെയുള്ള ആറ് സുപ്രധാന അഴിമതി ആരോപണങ്ങളാണ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ചിരിക്കുന്നത്. കെ ഫോണില്‍ എസ്.ആര്‍.ഐ.ടി ഉള്‍പ്പെടെയുള്ള കണ്‍സോര്‍ഷ്യത്തിന് എല്ലാ നിയമങ്ങളും ലംഘിച്ച് കോടിക്കണക്കിന് രൂപ പലിശയില്ലാതെ മൊബിലൈസേഷന്‍ അഡ്വാന്‍സായി നല്‍കിയെന്ന് സി.എ.ജിയുടെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിലൂടെ 36 കോടിയുടെ നഷ്ടം സര്‍ക്കാരിനുണ്ടായെന്നും സി.എ.ജി കണ്ടെത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ ഇടപെട്ടാണ് നിയമവിരുദ്ധമായി മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസെന്നാല്‍ മുഖ്യമന്ത്രിയാണെന്നാണ് അർഥം. പാലാരിവട്ടം പാലം അഴിമതിയില്‍ മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയെന്നതിന്‍റെ പേരിലാണ് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് കേസില്‍ പ്രതിയാക്കിയത്. അങ്ങനെയെങ്കില്‍ 36 കോടിയുടെ നഷ്ടം സംസ്ഥാനത്തിന് ഉണ്ടാക്കിയ മുഖ്യമന്ത്രിയും കേസില്‍ പ്രതിയാകും. ആയിരം കോടിയുടെ പദ്ധതി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് 1531 കോടിയാക്കി. കമ്പനികളെ സഹായിക്കാന്‍ എസ്റ്റിമേറ്റ് തുക വര്‍ധിപ്പിച്ചതിലൂടെ 500 കോടിയുടെ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായത്. 1000 കോടിയുടെ പദ്ധതി 1531 കോടിക്ക് നടപ്പാക്കിയതും പോരാഞ്ഞാണ് 10 ശതമാനം തുക പലിശരഹിത മൊബിലൈസേഷന്‍ അഡ്വാന്‍സായി നല്‍കിയത്. കെ ഫോണിലൂടെ മാത്രം ഖജനാവിന് കോടികളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.

അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ആറ് മാസമായി വാ തുറക്കാത്ത പിണറായി വിജയന്‍റെ അനുയായികളാണ് വികസനത്തെ കുറിച്ചുള്ള സംവാദത്തിന് ക്ഷണിക്കുന്നത്. മുഖ്യമന്ത്രി മിണ്ടില്ല. പക്ഷെ പ്രതിപക്ഷം സംവാദത്തിന് പോകണമെന്ന് പറയുന്നതില്‍ എന്താണ് അർഥം. ഞങ്ങള്‍ മുഖ്യമന്ത്രിയുമായി സംവാദത്തിന് തയാറാണ്. ഒരു പത്രസമ്മേളനമെങ്കിലും നടത്തി ചോദ്യങ്ങള്‍ക്കെങ്കിലും മറുപടി പറയാന്‍ തയാറാകണമെന്ന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു.

സിവില്‍ സപ്ലൈസ് കോര്‍പറേഷനെ ദയാവധത്തിന് വിട്ടിരിക്കുകയാണ്. കോവിഡ് കാലത്ത് നല്‍കിയ കിറ്റിന്‍റെ പണം പോലും നല്‍കിയില്ല. പിന്നെ എങ്ങനെ പുതിയ കിറ്റ് നല്‍കും? സ്‌നേഹം കൊണ്ടല്ല, തെരഞ്ഞെടുപ്പായത് കൊണ്ടാണ് അന്ന് കിറ്റ് നല്‍കിയത്. 700 കോടിയാണ് വിതരണക്കാര്‍ക്ക് നല്‍കാനുള്ളത്. അതുകൊണ്ടാണ് മാവേലി സ്‌റ്റോറുകളില്‍ ഇല്ല, ഇല്ല എന്നെഴുതി വയ്ക്കുന്നത്. മന്ത്രി പറഞ്ഞതാണോ പ്രതിപക്ഷം പറഞ്ഞതാണോ ശരിയെന്ന് മാധ്യമങ്ങള്‍ തന്നെ തെളിയിച്ചതാണ്. ഇതേക്കുറിച്ചൊക്കെ ഞങ്ങള്‍ ജനങ്ങളോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് പുതുപ്പള്ളിയിലേക്ക് മന്ത്രിമാര്‍ പോലും വരാത്തത്. തൃക്കാക്കരയില്‍ ക്യാപ്റ്റന്‍റെ നേതൃത്വത്തില്‍ എല്ലാ മന്ത്രിമാരും എത്ര ദിവസമാണ് ക്യാമ്പ് ചെയ്തത്. ഇപ്പോള്‍ ക്യാപ്റ്റന്‍ നോണ്‍ പ്ലെയിങ് ക്യാപ്റ്റന്‍ പോലുമല്ല, ഗസ്റ്റ് പ്ലെയറായിട്ടാണ് പുതുപ്പള്ളിയിലേക്ക് വരുന്നത്. മന്ത്രിമാരെയൊന്നും ഇറക്കുന്നില്ലെന്ന് വാസവന്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രിമാരെ ഇറക്കിയാല്‍ മാധ്യമങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ ജനങ്ങള്‍ അവരോട് ചോദിക്കും. ജനങ്ങളുമായി ഒരു അകലത്തില്‍ നില്‍ക്കുന്നതാണ് മന്ത്രിമാര്‍ക്ക് നല്ലത്. 'കെ റെയില്‍ വരും കേട്ടോ' എന്നാണ് ക്യാപ്റ്റന്‍ തൃക്കാക്കരയില്‍ പറഞ്ഞത്. കെ റെയില്‍ സമരം 500 ദിവസം പിന്നിടുകയാണ്. സമരം നടക്കുന്ന വാകത്താനത്ത് ചെന്ന് കെ റെയില്‍ വരും കേട്ടോയെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? -സതീശൻ ചോദിച്ചു.

സംസ്ഥാനത്തിന്റെ വികസനം എവിടെയെത്തി നില്‍ക്കുന്നെന്ന് മുഖ്യമന്ത്രി പറയട്ടെ. ആറ് അഴിമതി ആരോപണം ഉന്നയിച്ചിട്ടാണ് ഞങ്ങള്‍ മുഖ്യമന്ത്രിയെ വെല്ലുവളിച്ചത്. വാ തുറക്കാത്ത നേതാവിന്‍റെ അനുയായികള്‍ ഞങ്ങളെ സംവാദത്തിന് ക്ഷണിക്കുന്നതില്‍ അര്‍ത്ഥമില്ല. അല്ലെങ്കില്‍ തന്നെ അകാശവാണി വിജയന്‍ എന്നൊരു ചീത്തപ്പേര് മുഖ്യമന്ത്രിക്കുണ്ട്. പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ ഖജനാവില്‍ നിന്നും പണം കവര്‍ന്നെടുത്തതിന് കുറിച്ചാണ് ആരോപണം. അല്ലാതെ സ്വന്തം വീടിന് വേലി കെട്ടുന്ന കാര്യത്തെ കുറിച്ചല്ല പ്രതിപക്ഷം പറഞ്ഞത്. പ്രതിപക്ഷം ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്നതാണ് സി.എ.ജി റിപ്പോര്‍ട്ട്. അഴിമതിയുടെ എല്ലാ വഴികളും അവസാനിക്കുന്നത് ഒരു പെട്ടിയിലേക്കാണ്. എല്ലാ കമ്മീഷനും ആ പെട്ടിയില്‍ വീഴും. ആ പെട്ടി വീട്ടില്‍ വച്ചിട്ട് മുഖ്യമന്ത്രി അതിന് മേല്‍ മിണ്ടാതിരിക്കുകയാണ്.

മാത്യു കുഴല്‍നാടന്‍റെ വീട്ടില്‍ സര്‍വേ നടത്തുന്നവര്‍ ഇടുക്കി ശാന്തപാറയില്‍ സി.പി.എം നിര്‍മ്മിക്കുന്ന ജില്ല കമ്മിറ്റി ഓഫീസ് നിര്‍മാണവും പരിശോധിക്കണം. ഭൂപതിവ് ചട്ടം ലംഘിച്ച് കെട്ടിടം പണിയാന്‍ പാടില്ലെന്ന 22-08-2019ലെ ഉത്തരവും സി.എച്ച്.ആറില്‍ കെട്ടിടം പണിയാന്‍ പാടില്ലെന്ന 19-11-2011ലെ ഉത്തരവും ലംഘിച്ചാണ് സി.പി.എം ജില്ല കമ്മിറ്റി ഓഫീസ് കെട്ടിടത്തിന്‍റെ നിര്‍മാണം നടക്കുന്നത്. സി.പി.എം ജില്ല സെക്രട്ടറി സി.വി വര്‍ഗീസിന് രണ്ട് തവണ വില്ലേജ് ഓഫീസര്‍ സ്റ്റോപ് മെമ്മോ നല്‍കിയിട്ടും കെട്ടിടം പണി തുടരുകയാണ്. സി.എച്ച്.ആര്‍ പരിധിയിലുള്ള ദേവികുളത്തെ എട്ട് വില്ലേജുകളില്‍ കെട്ടിടം പണിയണമെങ്കില്‍ റവന്യൂ വകുപ്പിന്‍റെ എന്‍.ഒ.സി വേണം. എന്നാല്‍ എന്‍.ഒ.സി ഇല്ലാതെയാണ് സി.പി.എം കെട്ടിടം നിര്‍മ്മിക്കുന്നത്. നിമയവിരുദ്ധമായി മൂന്ന് സര്‍ക്കാര്‍ ഉത്തരവുകളും ലംഘിച്ച് പണിയുന്ന കെട്ടിടം ഇടിച്ച് നിരത്തി നിയമനടപടി സ്വീകരിക്കാന്‍ റവന്യൂ വകുപ്പ് തയാറാകണം. അതിന് തയാറായില്ലെങ്കില്‍ യു.ഡി.എഫ് നിയമ നടപടികളുമായി മുന്നോട്ട് പോകും.

മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ആരോപണം ഉന്നയിച്ചതു കൊണ്ടാണ് ഇപ്പോള്‍ മാത്യു കുഴല്‍നാടന്‍റെ ഭൂമി അളക്കുന്നത്. എ.ഐ കാമറ, കെ ഫോണ്‍ അഴിമതികള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് എനിക്കെതിരെ കേസെടുത്തത്. പുനര്‍ജ്ജനി സംബന്ധിച്ച് കോടതിയും വിജിലന്‍സും അന്വേഷിച്ച് തള്ളിക്കളഞ്ഞ കേസിലാണ് നാല് വര്‍ഷത്തിന് ശേഷം വീണ്ടും അന്വേഷണം നടത്തുന്നത്. മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതു കൊണ്ടാണ് വീണ്ടും കേസെടുത്തത്. എല്ലാവരില്‍ നിന്നും മൊഴിയെടുത്ത ശേഷമെ എന്‍റെ മൊഴിയെടുക്കൂ. വേഗത്തില്‍ തീര്‍ക്കണമെന്നാണ് എന്‍റെയും ആഗ്രഹം. പക്ഷെ അവര്‍ അത് വേഗത്തിലാക്കില്ല. കേസെടുത്തത് കൊണ്ടൊന്നും ഒന്നും പറയാതിരിക്കില്ല.

കേരളത്തിലെ യു.ഡി.എഫ് എം.പിമാര്‍ കേന്ദ്രത്തിന് പരാതി നല്‍കാന്‍ സഹകരിക്കാത്തത് കൊണ്ടാണ് സംസ്ഥാനത്തെ ധന പ്രതിസന്ധിക്ക് കാരണമെന്ന ധനകാര്യമന്ത്രിയുടെ പ്രസ്താവന വിചിത്രമാണ്. ഇതുവരെ ഒരു യു.ഡി.എഫ് എം.പിയെയും കേന്ദ്ര ധനമന്ത്രിയെ കാണുന്നതിനായി സംസ്ഥാന ധനകാര്യ മന്ത്രി ക്ഷണിച്ചിട്ടില്ല. ക്ഷണിക്കാതെ, ഞാനും മന്ത്രിയുടെ വാഹനത്തില്‍ കയറിക്കോട്ടെയെന്ന് ചോദിക്കേണ്ട ഗതികേട് ഒരു യു.ഡി.എഫ് എം.പിക്കുമില്ല. എന്തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കാത്തതെന്നാണ് ആദ്യം വ്യക്തമാക്കേണ്ടത്. ബജറ്റിന് പുറത്ത് കിഫ്ബിക്കും പെന്‍ഷന്‍ ഫണ്ടിനും വേണ്ടി കടമെടുത്ത ആയിരക്കണക്കിന് കോടി രൂപ അവസാനം ബജറ്റ് പരിധിയില്‍ വരുമെന്ന് നിയമസഭയിലും പുറത്തും പ്രതിപക്ഷം പലതവണ മുന്നറിയിപ്പ് നല്‍കിയതാണ്.

2020 ഡിസംബറിലും അടുത്തിടെയും യു.ഡി.എഫ് പുറത്തിറക്കിയ ധവളപത്രങ്ങളില്‍ ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുന്‍പ് പെന്‍ഷന്‍ മുടക്കില്ലെന്നു വരുത്തി തീര്‍ക്കാനാണ് കോടിക്കണക്കിന് രൂപ ബജറ്റിന് പുറത്ത് സ്ഥാപനമുണ്ടാക്കി കടമെടുത്തത്. ആ കടമെടുപ്പ് ഇപ്പോള്‍ സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. നിയമസഭ പാസാക്കിയ എഫ്.ആര്‍.ബി.എം ആക്ടില്‍ മൂന്നര ശതമാനത്തില്‍ കൂടുതല്‍ ധനക്കമ്മി വരാന്‍ പാടില്ലെന്ന് പറയുന്നുണ്ട്. എന്നിട്ടും സംസ്ഥാന സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയും നികുതി പിരിച്ചെടുക്കുന്നതിലെ പരാജയവുമാണ് ധനപ്രതിസന്ധിക്ക് കാരണം.

ജി.എസ്.ടിക്ക് നിലവില്‍ വന്നപ്പോള്‍ അതിന് സഹായകമായ രീതിയില്‍ എല്ലാ സംസ്ഥാനങ്ങളും നികുതിഭരണ സംവിധാനം മാറ്റിയിട്ടും കേരളം മാത്രം അതിന് തയാറായില്ല. അതുകൊണ്ടു തന്നെ നികുതി വരുമാനമില്ല. ജി.എസ്.ടിയിലൂടെ ഏറ്റവും കൂടുതല്‍ നികുതി കിട്ടേണ്ട കേരളത്തിലെ നികുതി പരിവ് വെറും പത്ത് ശതമാനത്തില്‍ താഴെയാണ്. നികുതി പിരില്‍ പരാജയപ്പെട്ടെങ്കില്‍ ധൂര്‍ത്തിനും അഴിമതിക്കും മാത്രം ഒരു കുറവുമില്ല. ഇതാണ് ധനപ്രതിസന്ധിക്ക് കാരണം. എന്നിട്ടും സംസ്ഥാനത്തെ ധന പ്രതിസന്ധി യു.ഡി.എഫ് എം.പിമാരുടെ തലയില്‍കെട്ടിവയ്ക്കാന്‍ മന്ത്രി ശ്രമിച്ചത് വിചിത്രമാണ്. ധന പ്രതിസന്ധി എങ്ങനെ പ്രതിരോധിക്കണമെന്ന് അറിയാതെ പകച്ച് നില്‍ക്കുകയാണ് ധനകാര്യമന്ത്രി.

ഡഹിയിലുള്ള കേരളത്തിന്‍റെ രണ്ട് പ്രതിനിധികള്‍ക്കും എന്തുകൊണ്ടാണ് പണം അനുവദിക്കാത്തതെന്ന് അറിയില്ല. ഡേല്‍ഹിയിലെ കേരളത്തിലെ പ്രതിനിധികളെ കൊണ്ട് എന്തെങ്കിലും പ്രയോജനും സംസ്ഥാനത്തിന് വേണ്ടേ? കരള ഹൗസില്‍ നിന്നും ഒരു ഓട്ടോ എടുത്ത് പോകാനുള്ള ദൂരമെ ധനകാര്യ വകുപ്പിന്‍റെ ഓഫീസിലേക്കുള്ളൂ. എന്നിട്ടും പണം തടഞ്ഞ് വച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ല. എന്നിട്ടാണ് കേരളത്തിലെ എം.പിമാര്‍ ഒപ്പം പോയിട്ടില്ലെന്ന് പറയുന്നത്. സ്വന്തം കഴിവ്‌കേട് മറച്ചുവെക്കാനാണ് ശ്രമിക്കുന്നത്. തോമസ് ഐസക്കിന്‍റെ കാലത്ത് പരമാവധി പണം ബജറ്റിന് പുറത്ത് നിന്നെടുത്തു. ബാധ്യത പുതിയ സര്‍ക്കാരിന്‍റെ തലയില്‍ ഇരിക്കട്ടെയെന്നാണ് ഐസക്ക് കരുതിയത്. പക്ഷെ തുടര്‍ഭരണം ഉണ്ടായതോടെ ഞങ്ങളുടെ തലയില്‍ ഇരിക്കേണ്ടത് അവരുടെ തലയിലേക്ക് തന്നെ പോയി. ഒന്നാം പിണറായി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളാണ് ഇപ്പോള്‍ ബാലഗോപാലിന്‍റെ തലയില്‍ ഇരിക്കുന്നത്. എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത മന്ത്രി യു.ഡി.എഫ് എം.പിമാരുടെ മെക്കിട്ട് കയറേണ്ട.

മാസപ്പടി വിവാദത്തില്‍ ഗുരുതര ആരോപണം മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ കോണ്‍ഗ്രസും യു.ഡി.എഫും ഉന്നയിച്ചിട്ടുണ്ട്. നടപടി ഉണ്ടായില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന് വേണ്ടി സംസാരിക്കുന്ന ബി.ജെ.പി കേരളത്തില്‍ പിണറായിയുമായി ഒത്തുതീര്‍പ്പിലാണ്. കെ. സുരേന്ദ്രന്‍ കുഴല്‍പ്പണ ഇടപാടില്‍ പ്രതിയാകേണ്ട ആളാണ്. പക്ഷെ അത് ഒതുക്കിത്തീര്‍ത്തു. നല്‍പത് തവണയായി ലാവലില്‍ കേസില്‍ സി.ബി.ഐ ഹാജരാകുന്നില്ല. കേരള സര്‍ക്കാരിനെതിരെ എല്ലാ കേന്ദ്ര ഏജന്‍സികളും നടത്തിയ അന്വേഷണങ്ങളും അവസാനിച്ചു. പകല്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുകയും രാത്രിയില്‍ പിണറായി വിജയന്‍റെ കാലു പിടിക്കുകയും ചെയ്യുന്ന ജോലിയാണ് സുരേന്ദ്രന്‍ ചെയ്തു കൊണ്ടിരിക്കുന്നത്. പരസ്പരം പുറംചൊറിഞ്ഞ് കൊടുത്ത് എല്ലാം ഒത്തുതീര്‍പ്പാക്കും. മാസപ്പടി വിവാദത്തില്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള കരാറാണ് കമ്പനികള്‍ തമ്മിലുണ്ടാക്കിയിരിക്കുന്നത്. പി.എം.എല്‍ ആക്ടിന്റെ വകുപ്പുകളുടെ ലംഘനത്തില്‍ ഇ.ഡിയാണ് കേസെടുക്കേണ്ടത്. കെ. സുധാകരനെതിരെ ഇ.ഡിയെക്കൊണ്ട് കേസെടുപ്പിച്ച ബി.ജെ.പിക്കും സി.പി.എമ്മിനും മാസപ്പടി കേസില്‍ ഒരു അന്വേഷണവും വേണ്ട.

20 കോടിയില്‍ ഒന്‍പതേകാല്‍ കോടി കൈക്കൂലി വാങ്ങിയ ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലിലായി. എന്നിട്ടും ലൈഫ് മിഷന്‍ ചെയര്‍മാനായ മുഖ്യമന്ത്രിക്കെതിരെ കേസില്ലാത്തത് എന്തുകൊണ്ടാണ്? എല്ലാത്തിലും ഒത്തുതീര്‍പ്പാണ്. ബി.ജെ.പിയിലെ മറ്റ് നേതാക്കള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കാണ് സുരേന്ദ്രന്‍ ആദ്യം മറുപടി പറയേണ്ടത്. ബി.ജെ.പി പ്രവര്‍ത്തകര്‍ പോലും വിലവെക്കാത്ത ആളാണ് സംസ്ഥാന പ്രസിഡന്‍റ്. കുഴല്‍പ്പണ കേസില്‍ അറസ്റ്റിലായ ധര്‍മ്മരാജന്‍ സുരേന്ദ്രനെയും മകനെയും ഫോണ്‍ ചെയ്‌തെന്ന് വ്യക്തമായിട്ടും എന്തുകൊണ്ടാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്യാതിരുന്നത്? ആര്‍ക്ക് വേണ്ടിയാണ് കുഴല്‍പ്പണം കൊണ്ടു വന്നതെന്ന് പോലും കണ്ടെത്തിയില്ല. മുഖ്യമന്ത്രി സുരേന്ദ്രനെ സ്വന്തം അനുജനെ പോലെ ചേര്‍ത്ത് നിര്‍ത്തി സംരക്ഷിച്ചു. അതേക്കുറിച്ച് പറയുമ്പോഴാണ് സുരേന്ദ്രന്‍ ഞങ്ങളെ അധിക്ഷേപിക്കുന്നത്.

മലദ്വാരത്തിലൂടെ ലാത്തികയറ്റിയും 21 മുറിവുകളുണ്ടാക്കിയുമാണ് താനൂരില്‍ ചെറിപ്പക്കാരമെ കസ്റ്റഡിയില്‍ കൊലപ്പെടുത്തിയത്. ചേളാരിയില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത യുവാവിനെ എസ്.പിയുടെ സ്‌ക്വാഡ് തല്ലിച്ചതച്ച ശേഷമാണ് താനൂര്‍ പൊലീസിനെക്കൊണ്ട് കേസെടുപ്പിച്ചത്. എന്നിട്ടാണ് താനൂരിലെ എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തത്. എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിന്‍റെ ആളുകളാണ്. ഇവരെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കുന്നതും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ്. എസ്.പി ഉള്‍പ്പെടെയുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. എസ്.പിക്കെതിരെ നടപടി എടുക്കുന്നത് ആലോചിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഒരു നടപടിയും എടുത്തില്ല. യുവാവിനെ കൊലപ്പെടുത്തിയ അതേ ഉദ്യോഗസ്ഥരാണ് സി.ബി.ഐക്കും തെളിവുകള്‍ കൈമാറേണ്ടത്. സി.ബി.ഐ വരുന്നതിന് മുന്‍പ് തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ ഒരു നിമിഷം പോലും അവിടെ ഇരുത്തരുത്.

ഉപതെരഞ്ഞെടുപ്പ് ഫലം ജനങ്ങള്‍ക്കിടയില്‍ ചലനമുണ്ടാക്കും. സര്‍ക്കാരിന്‍റെ വിധിയെഴുത്താകും തെരഞ്ഞെടുപ്പ് ഫലമെന്ന് സി.പി.എം നേതാക്കളും പറഞ്ഞിട്ടുണ്ട്. ഇടയ്ക്കിടെ മാറ്റിപ്പറയുമെങ്കിലും അവര്‍ പറഞ്ഞിട്ടുണ്ടല്ലോ. ബി.ജെ.പിയുടെ ഗൗരവതരമായ സാന്നിധ്യം പുതുപ്പള്ളിയിലില്ല. നാലാംകിട നേതാവെന്ന് സ്ഥാനാര്‍ത്ഥിയെ കുറിച്ച് ഞാന്‍ പറഞ്ഞെന്ന് തെറ്റായി മാതൃഭൂമി ന്യൂസില്‍ വന്നു. പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം തെറ്റായി കൊടുത്തതില്‍ അവര്‍ പിന്നീട് ഖേദം പ്രകടിപ്പിച്ചു. എന്നിട്ടും ഇന്ന് രാവിലെ സോഷ്യല്‍ മീഡിയ മുഴുവനും ഇതാണ് കാമ്പയിന്‍. പോസ്റ്റിട്ട തോമസ് ഐസക്കിന് മറുപടിയും നല്‍കി. എന്നിട്ടും ഒന്നും ഇല്ലാത്തത് കൊണ്ടാണ് കാമ്പയിന്‍ നടത്തുന്നത്. എന്തെങ്കിലും വേണ്ടെ?

വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയത് പൊലീസിനെ അറിയിച്ച പ്രിന്‍സിപ്പലിന്റെ കസേരയ്ക്ക് പിന്നില്‍ എസ്.എഫ്.ഐ വാഴ വച്ചു. മഹാരാജാസിലെ പ്രിന്‍സിപ്പലിന്‍റെ കസേര കത്തിച്ചു. പാലക്കാട് വിക്ടോറിയ കോളജില്‍ പ്രിന്‍സിപ്പലിന് ശവമഞ്ചമൊരുക്കി. എന്നോടും സുധാകരനോടും മാത്യു കുഴല്‍നാടനോടും കേസെടുത്താണ് വൈരാഗ്യം തീര്‍ത്തതെങ്കില്‍ വ്യജ സര്‍ട്ടിഫിക്കറ്റ് പിടികൂടിയ പ്രിന്‍സിപ്പലിനോടുള്ള പ്രതികാരം എസ്.എഫ്.ഐക്കാരെ കൊണ്ട് തീര്‍ത്തത് കസേരയില്‍ വഴവച്ചാണ്. നാട്ടുകാര്‍ എല്ലാവരും ചേര്‍ന്ന് വാഴ വയ്‌ക്കേണ്ട ഒരു സ്ഥലമുണ്ട്. ആ സ്ഥലം ഏതാണെന്ന് ഞാന്‍ ഇപ്പോള്‍ പറയുന്നില്ലെന്നും വി.ഡി സതീശൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi VijayanVD SatheesanPuthuppally bye Election
News Summary - Do you have the guts to say that K Rail will come to Puthuppally?; VD Satheesan to the Pinarayi Vijayan
Next Story