യോഗ്യത കൂടുതലുണ്ടോ? ശമ്പളം കുറയും!
text_fieldsതൃശൂർ: യോഗ്യത കൂടിയാൽ ശമ്പളം കുറയും. സംസ്ഥാനത്തെ പോളിടെക്നിക് കോളജുകളിലെ അധ്യാപകർക്കാണ് ഈ ദുരവസ്ഥ. 2013ൽ പോളിടെക്നിക്കുകളിൽ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷന്‍റെ പദ്ധതി നടപ്പാക്കിയതോടെയാണ് ബി.ടെക്കും എം.ടെക്കും ഉയർന്ന മാർക്കോടെ പാസായവരും പിഎച്ച്.ഡി നേടിയവരുമായ അധ്യാപകർ ശമ്പളത്തിൽ താഴെയും ഡിപ്ലോമ നേടിയവരും മറ്റും മുകളിലുമായത്.
ഇപ്പോഴും പരിഹരിക്കപ്പെടാത്ത ഈ പ്രശ്നം തങ്ങളുടെ അന്തസ്സിന് മുറിവേൽപ്പിക്കുന്നതാണെന്ന് കേരള പോളിടെക്നിക് കോളജ് ലക്ചറേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
എ.ഐ.സി.ടി.ഇ നിഷ്കർഷിച്ച യോഗ്യതയുള്ളവരെ പുതിയ സ്കീമിലേക്ക് നിർബന്ധിച്ച് മാറ്റുകയും ഇല്ലാത്തവരെ സംസ്ഥാന സർക്കാർ സ്കെയിലിൽ നിലനിർത്തുകയും ചെയ്തപ്പോഴാണ് ഈ ദുരവസ്ഥ നേരിട്ടത്. ഇതിന് തയാറാക്കിയ പട്ടികയിലെ അപാകതയാണ് പ്രശ്നത്തിന് ഇടയാക്കിയത്. ഇതുമൂലം ദീർഘകാലം ജോലി ചെയ്തിടും പല ലെക്ചറർമാരും വിരമിക്കുന്നത് ചുരുങ്ങിയ അടിസ്ഥാന ശമ്പളത്തിലും കുറഞ്ഞ പെൻഷൻ ആനുകൂല്യം വാങ്ങിയുമാണ്.
2013ൽ നടപ്പാക്കേണ്ട കരിയർ അഡ്വാൻസ്മെന്റ് സ്കീമും നടപ്പാക്കിയില്ല. 2016 മുതൽ ലഭിക്കേണ്ട ഏഴാം ശമ്പള പരിഷ്കരണം അനുസരിച്ചുള്ള ആനുകൂല്യങ്ങൾ ഇതുവരെ പോളിടെക്നിക് ലെക്ചറർമാർക്ക് നൽകിയിട്ടില്ല. പല കാര്യത്തിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തടസ്സം നിൽക്കുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു.
അസോസിയേഷെൻറ പ്രഥമ സംസ്ഥാന സമ്മേളനം ബുധനാഴ്ച തൃശൂർ സി.എം.എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം 11ന് സംസ്ഥാന പ്രസിഡന്‍റ് ലിജോ ജോണിന്‍റെ അധ്യക്ഷതയിൽ ചേരും. പൊതുസമ്മേളനം ഉച്ചക്ക് രണ്ടിന് ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും.
ലിജോ ജോൺ, ജനറൽ സെക്രട്ടറി എം.പി. സതീശൻ, സംഘാടക സമിതി കൺവീനർ ഓസ്റ്റിൻ ആന്‍റണി, എക്സി. അംഗങ്ങളായ ജിന്‍റോ ഫ്രാൻസിസ്, സുഷമ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.