കടലിലിറക്കി കുഞ്ഞുങ്ങളെ കൊലക്ക് കൊടുക്കണോ...?
text_fieldsകോഴിക്കോട്: കാലവർഷം കനത്ത് കരയിലേക്ക് തിരമാലകളാഞ്ഞടിച്ച് കയറുമ്പോഴും, സുരക്ഷയൊന്നും നോക്കാതെ കുഞ്ഞുങ്ങളെ കടലിലിറക്കുന്നതിന് ഒരു കുറവുമില്ല. കോഴിക്കോട് കടപ്പുറത്താണ് രാപ്പകൽ വ്യത്യാസമില്ലാതെ കുടുംബവും കുട്ടികളും ഇറങ്ങുന്നത്.
കടൽ പ്രക്ഷുബ്ധമാകുമ്പോൾ വെള്ളത്തിലിറങ്ങരുതെന്ന് സൂചിപ്പിക്കുന്ന ബോർഡുകളടക്കം കടപ്പുറത്തുണ്ടെങ്കിലും ഇതെല്ലാം അവഗണിച്ചാണ് ആളുകൾ കടലിലിറങ്ങി കളിക്കുന്നതും കുട്ടികളെ കുളിപ്പിക്കുന്നതും. അപകടം തുടർക്കഥയായതോടെ കടലിൽ നീന്തുന്നതും കുളിക്കുന്നതും അധികൃതർ തടഞ്ഞിട്ടുണ്ട്. എന്നാൽ, ചെറിയ കുട്ടികളെ കടലിലിറക്കി കുളിപ്പിക്കുന്നതിന് ഒട്ടും കുറവില്ലെന്നാണ് സമീപത്തെ കച്ചവടക്കാർ അടക്കമുള്ളവർ പറയുന്നത്. രക്ഷിതാക്കൾക്കൊപ്പം കടലിലിറങ്ങുന്ന അഞ്ചുവയസ്സിൽ താഴെയുള്ളവർവരെ മണിക്കൂറുകളോളമാണ് വെള്ളത്തിൽ കളിക്കുന്നത്. വലിയ തിരമാലകൾ വരുമ്പോൾ പോലും മെബൈലിൽ ഫോട്ടോയെടുക്കാനും മറ്റും കുട്ടികളെ വെള്ളത്തിൽത്തന്നെ നിർത്തുകയാണ് പലരും.
സ്കൂൾ, കോളജ് വിദ്യാർഥികൾ ഉൾപ്പെടെ നിരവധിപേർ തിരമാലയിൽപെട്ട് മുങ്ങിമരിച്ച ഭാഗമാണ് കോഴിക്കോട് കടപ്പുറം. തകർന്ന കടൽപാലത്തിനോട് ചേർന്നുള്ള ഭാഗത്ത് കഴിഞ്ഞ വർഷം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ തിരയിൽപെട്ട് മുങ്ങിമരിച്ചിരുന്നു. കുടുംബമായെത്തുന്നവരിൽ പലരും കുട്ടികളെ വേണ്ടത്ര ശ്രദ്ധിക്കാത്തതും കൂട്ടം തെറ്റിപ്പോയി കാണാതാവുന്നതടക്കം വലിയ പ്രശ്നങ്ങളാണ് പലപ്പോഴും സൃഷ്ടിക്കുന്നത്.
ഞങ്ങളുടെ കുട്ടികളല്ലേ... നിങ്ങൾക്കെന്താ പ്രശ്നം!
കോഴിക്കോട്: കടലിൽ കളിക്കുന്നത് ഞങ്ങളുടെ കുട്ടികളല്ലേ... അവർ കളിച്ചോട്ടെ, അതിന് നിങ്ങൾ പ്രശ്നമുണ്ടാക്കാൻ വരണ്ട! അഞ്ചുവയസ്സിൽ താഴെ പ്രായംതോന്നിക്കുന്ന രണ്ട് കുട്ടികൾ ഒറ്റക്ക് കടലിലിറങ്ങി കളിക്കുന്നതുകണ്ട് കടപ്പുറത്തെ ലൈഫ് ഗാർഡ് ബിജീഷ് കുട്ടികളെ വിളിച്ചുകൊണ്ടുപോകാൻ പറഞ്ഞപ്പോൾ ഒരു മാതാവ് പറഞ്ഞതാണിത്. ഇതാണ് അവസ്ഥ. കുട്ടികളുടെ സുരക്ഷ മുൻനിർത്തി പറഞ്ഞാൽപോലും പലരും തട്ടിക്കയറും. കടലോരം ആസ്വദിക്കാൻ കുടുംബമായി എത്തുന്നവരിലെ മുതിർന്നവർ പലപ്പോഴും മെബൈൽ ഫോണിൽ നോക്കിക്കൊണ്ടിരിക്കുകയോ, പരസ്പരം സംസാരിച്ചുകൊണ്ടിരിക്കുകയോ ചെയ്യുന്നതിനിടെയാവും കുട്ടികൾ കടലിൽ ഇറങ്ങുക. രക്ഷിതാക്കളുടെ ശ്രദ്ധതെറ്റിയാൽ കുട്ടികൾ തിരമാലയിൽപെടും. ഇതു മുൻനിർത്തിയാണ് കടലിലിറങ്ങുന്നത് വിലക്കുന്നത് - ബിജീഷ് പറഞ്ഞു.
രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ രണ്ടു ഷിഫ്റ്റിലായി രണ്ടുപേർ വീതം ആകെ നാല് ലൈഫ് ഗാർഡുകളാണ് ഡി.ടി.പി.സിയുടെ കീഴിൽ കോഴിക്കോട് കടപ്പുറത്ത് സേവനത്തിനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.